അതെങ്ങനെ അടച്ചുവെക്കും? ഉറങ്ങുമ്പോൾപോലും തുറന്നല്ലേ എന്നോർത്തു ചിരിച്ചു പോയതാ!"
കൊച്ചുമുഹമ്മദിന്റെ വിശദീകരണം കേട്ടു ബാലവേദിയിലെ കൂട്ടുകാരെല്ലാം ചിരിച്ചുപോയി. സംഗതി ശരിയല്ലേ? ആർക്കെങ്കിലും കാത് അടയ്ക്കാൻ പറ്റുമോ?
"ഹൊ, എല്ലാവരും കൊച്ചുമുഹമ്മദിന്റെ വശം ചേർന്നല്ലോ. എന്റെ ചോദ്യം തന്നെ മണ്ടൻ ചോദ്യമായി, അല്ലേ? എല്ലാവരും കണ്ണും കാതും തുറന്നുവച്ചുതന്നെയാ കഴിയുന്നതെന്ന് സമ്മതിച്ചു. എന്നാലൊരു ചോദ്യം. റെഡി?
"റെഡി."
"ഈയിടെ എന്നും അതിരാവിലെ ഒരു പാട്ട് കേൾക്കാറില്ലേ? കുട്ട്രൂ....കുട്ട്രൂ....ട്ട്രൂ...ട്ട്രൂ.... എന്ന്?"
"ഉവ്വുവ്വ്, ഞാൻ എന്നും കേൾക്കാറുണ്ട്."
"ഞാനും"
"ഞാനും"
"ഞാൻ ഉച്ചക്കും കേൾക്കാറുണ്ട് മാസ്റ്റർ."
"ഞാൻ കേൾക്കാറില്ലല്ലോ മാസ്റ്റർ." തോമസ് സങ്കടപ്പെട്ടു.
അപ്പോൾ തോമസ് ചെവി അടച്ചാണ് കിടക്കുന്നതെന്നർഥം. അതായത് ചെവി തുറന്നാണെങ്കിലും ശബ്ദങ്ങൾ ശ്രദ്ധിക്കാറില്ലെന്ന്. ഇനി ചുറ്റുപാടും നിന്ന് വരുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കണം, ട്ടോ?
തോമസ് തലകുലുക്കി.
"ആട്ടെ, ബാക്കി എല്ലാവരും ചെവി തുറന്നു തന്നെയാണ് കഴിയുന്നതെന്ന് സമ്മതിച്ചു. കൂട്ട്രൂ കൂട്ട്രൂ കൂട്ട്രൂ എന്ന പാട്ട് കേട്ടല്ലോ നിങ്ങൾ. ആ പാട്ടുകാരൻ പക്ഷിയുടെ നിറമെന്താണ്?"
"നിറമോ? നിറം..." അപ്പുക്കുട്ടൻ ചോദ്യം കേട്ട് അന്തംവിട്ടു നിന്നു.
"നിറം ചുവപ്പാ മാസ്റ്റർ." കൊച്ചുമുഹമ്മദ് ചാടിപ്പറഞ്ഞു.