താൾ:VairudhyatmakaBhowthikaVadam.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലതാണ്. മറ്റെല്ലാ വൈരുദ്ധ്യങ്ങളുടെ പരിഹാരത്തിലും ഇത് നിർണ്ണായകമായ ഒരു പങ്കു വഹിക്കുന്നുണ്ട്. ഇന്നത്തെ മുഖ്യവൈരുദ്ധ്യം ആണ് അതെന്നു പറയുന്നു. പക്ഷേ, ഇന്ത്യയിലോ മറ്റേതെങ്കിലും മുതലാളിത്തരാജ്യത്തിലെയോ സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ, അതിനകത്തെ തന്നെ മുഖ്യവർഗ്ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ പരിഹാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഉടനടി ഒരു സോഷ്യലിസ്റ്റ് വിപ്ലവം വരുമോ, അതോ ജനകീയ ജനാധിപത്യ വിപ്ലവമാണോ നടക്കുക, അതോ ദേശീയ ജനാധിപത്യവിപ്ലവമോ....? ഇത് നിർണ്ണയിക്കുന്നത് ഇന്ത്യക്കകത്തെ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ - ആഭ്യന്തര വൈരുദ്ധ്യങ്ങൾ ആണ്. സാമ്രാജ്യത്വ രാജ്യങ്ങളിലെ മുതലാളിമാരുമായുള്ളതും സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ളതുമൊക്കെയായ ബാഹ്യവൈരുദ്ധ്യങ്ങളും അതിൽ വരുന്ന മാറ്റങ്ങളും ഇതിനെ ത്വരിതപ്പെടുത്തുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാം. അങ്ങനെ,

a) വൈരുദ്ധ്യങ്ങളെ ശത്രുതാപരം - അല്ലാത്തത്, മുഖ്യം - അമുഖ്യം; ആഭ്യന്തരം-ബാഹ്യം, അവശ്യം- യാദൃച്ഛികം എന്നിങ്ങനെ വിവിധരീതിയിൽ വേർതിരിക്കാം.

b) ആഭ്യന്തരവൈരുദ്ധ്യങ്ങളാണ് ഒരു പ്രക്രിയയയുടെ ദിശയും സ്വഭാവവും നിർണ്ണയിക്കുന്നത്; ബാഹ്യവൈരുദ്ധ്യം അതിനെ സ്വാധീനിക്കുക മാത്രമേ ചെയ്യുന്നുള്ളൂ;

c) ശത്രുതാപരമായ വൈരുദ്ധ്യങ്ങളോടുകൂടിയ വ്യവസ്ഥ ആ വൈരുദ്ധ്യങ്ങളുടെ പരിഹാരത്തോടെ നശിക്കുന്നു.

വൈരുദ്ധ്യാത്മകമായ ഈ അപഗ്രഥനം മനുഷ്യ സമൂഹത്തിനു മാത്രമല്ല, ഈ പ്രപഞ്ചത്തിലുള്ള സകലതിനും അചേതനവും സചേതനവുമായ സകലതിനും ബാധമകമാണ്; ഏത് വസ്തു എടുത്തുപരിശോധിച്ചാലും ഏതു പ്രക്രിയ എടുത്തു പരിശോധിച്ചാലും വേർപിരിക്കാനാവാത്ത (ഐക്യം) വിപരീതങ്ങളുടെ (സമരം) ആകെത്തുകയാണത് എന്നു കാണാൻ സാധിക്കും. ഗണിതശാസ്ത്രത്തിലെ ധനവും ഋണവും, ഭൂമിശാസ്ത്രത്തിലെ തെക്കും വടക്കും ഭൌതികത്തിലെ ആകർഷണവും വികർഷണവും, രസന്ത്രത്തിലെ വിഘടനവും സംയോജനവും, ജീവശാസ്ത്രത്തിലെ സ്വാംശീകരണവും വിസർജ്ജനവും, മനശ്ശാസ്ത്രത്തിലെ സുഖദുഃഖാദികളും ഭയക്രോധാദികളും ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. പ്രപഞ്ചത്തിന്റെ, അതിന്റെ ഓരോ ഘടകത്തിന്റെയും നിലനിൽപ്പിന്റെ രൂപം ചലനമാണ് എന്ന് നേരത്തേ പറയുകയുണ്ടായല്ലോ. ഈ ചലനത്തിനാധാരം ഇപ്പറഞ്ഞ വൈരുദ്ധ്യങ്ങളുടെ വിപരീതങ്ങളുടെ പരസ്പര സംഘട്ടനമാണ്. പ്രപഞ്ചത്തിലെ മാറ്റങ്ങളുടെ, ചലനത്തിന്റെ ഒന്നാമത്തെ നിയമത്തെ ഇങ്ങനെ നിർവ്വചിക്കാം: വിപരീതങ്ങളുടെ ഐക്യവും സമരവും.

105
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/104&oldid=172022" എന്ന താളിൽനിന്ന് ശേഖരിച്ചത്