മയം തന്നാട്ടുമുതലാളിമാരും തങ്ങളുടെ മിത്രങ്ങളല്ലെന്ന് അവർക്ക് അറിയാം. സാമ്രാജ്യത്വരാജ്യങ്ങളും അവികസിത('കോളനി') രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളും മുതലാളിത്തവ്യവസ്ഥയുടെ അന്ത്യത്തോടുകൂടി മാത്രമേ ഇല്ലാതാകുന്നുള്ളു.
ഇതൊന്നും വെറുതെ പറയുന്നതല്ല. ചരിത്രാനുഭവങ്ങളിൽ നിന്നുള്ള യുക്തിയുക്തമായ നിഗമനങ്ങളാണ്. ഈ നൂറ്റാണ്ടിന്റെ ചരിത്രം അത്യുജ്ജ്വലമായ രീതിയിൽ ഇത് തെളിയിച്ചിട്ടുമുണ്ട്. 1917 ഒൿടോബറിൽ റഷ്യയിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും അതിനെത്തുടർന്ന് മറ്റൊട്ടേറെ രാജ്യങ്ങളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വിപ്ലവങ്ങളും മുതലാളിത്തം അവസാനിപ്പിക്കപ്പെടുമെന്നും അതിനുശേഷം വരുന്ന സോഷ്യലിസ്റ്റ് സമൂഹത്തിന്റെ രൂപം എന്തായിരിക്കുമെന്നും നമുക്ക് കാണിച്ചുതരുന്നുണ്ട്. (ഈ രൂപത്തെ വികൃതമാക്കി വരച്ചുകാട്ടാൻ ശ്രമിക്കുന്നവരുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനുപകരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിലാണ് ഇവർക് താല്പര്യം. അതുപോകട്ടെ) ഈ അനുഭവങ്ങൾ ഒരു കാര്യം വ്യക്തമായി തെളിയിച്ചിട്ടുണ്ട്: അവിടങ്ങളിൽ മുതലാളിമാരില്ലാതായി; മുതലാളിമാരും തൊഴിലാളിമാരും തമ്മിലും മുതലാളിമാരും മുതലാളിമാരും തമ്മിലുമുള്ള വൈരുധ്യവും ഇല്ലാതായി. തൊഴിലാളികൾക്ക് എണ്ണമറ്റ നേട്ടങ്ങൾ ഉണ്ടായി. മറ്റു രാജ്യങ്ങളിലെ മുതലാളിമാരെ സംബന്ധിച്ചിടത്തോളം ഏറെ പരിഭ്രാന്തിജനകമായ ഒരവസ്ഥയാണിത്. റഷ്യൻ വിപ്ലവം നടന്ന അന്നു തുടങ്ങി ഈ വിപ്ലവത്തെ തകിടം മറിക്കാനും അവിടെ മുതലാളിത്തം പുന:സ്ഥാപിക്കാനുമുള്ള ഇവരുടെ ശ്രമം. അതിനെ ചെറുക്കുന്നതിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയങ്ങൾ മാനവചരിത്രത്തിലെ തന്നെ അവിസ്മരണീയങ്ങളായ അധ്യായങ്ങളാണ്.
ജനകീയ ചൈനയെ ഒറ്റപ്പെടുത്താനും ചുറ്റിപ്പിടിക്കാനുമായി സാമ്രാജ്യത്വശക്തികൾ നടത്തിയ ശ്രമങ്ങളും അതിദയനീയമായി പരാജയപ്പെട്ടു. എന്തിനേറെ, വിയത്‍നാമിനെപ്പോലുള്ള ഒരു കൊച്ചുരാജ്യത്തുപോലും കാൽ നൂറ്റാണ്ടോളം കാലം ആക്രമണ യുദ്ധം നടത്തി അവസാനം തോറ്റ് തൊപ്പിയിട്ട് പിന്മാറേണ്ടിവന്നു അമേരിക്കയെപ്പോലുള്ള ഒരു വൻ സാമ്രാജ്യശക്തിക്ക്. ലോകചരിത്രത്തിന്റെ ഗതി നമുക്ക് പകൽപോലെ വ്യക്തമാക്കിത്തരുന്നതാണ് ഈ സംഭവങ്ങൾ. മുതലാളിത്തം തകർന്നുകൊണ്ടിരിക്കുകയാണ്. സോഷ്യലിസം വളർന്നുകൊണ്ടിരിക്കുകയാണ്. ഭീതിപൂണ്ട മുതലാളിത്തരാജ്യങ്ങൾ, സാമ്രാജ്യത്വരാജ്യങ്ങൾ, ഒത്തുകൂടി സോഷ്യലിസത്തെ നശിപ്പിക്കാൻ കച്ചകെട്ടിയിരിക്കുന്നു. 1917ൽ ആരംഭിച്ച ഈ ശ്രമം കൂടുതൽ ക്രൗര്യത്തോടെ ഇന്നും തുടരുകയാണ്. ചതി, കുത്തിത്തിരുപ്പ്, കടന്നാക്രമണം തുടങ്ങിയ എല്ലാ കുത്സിത മാർഗങ്ങളും ഇവർ ഇതിനായി ഉപയോഗിക്കുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങൾ സംഘടിതമായി ഇതിനെ ചെറുക്കുന്നു. (അവരുടെ ഇടയിലും അഭിപ്രായവ്യത്യസങ്ങൾ ഉണ്ടെന്നത് ശരിതന്നെ). അങ്ങനെ ലോകമാകെ രണ്ടു മഹാചേ-