താൾ:SreeHalasya mahathmyam 1922.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം അദ്ധ്യായം-ഒന്നാം ലീല ൨൭

സന്തോഷസാഗരനിമഗ്നനും കാമതാപാക്രാന്തനും ആയിത്തീർന്ന ദേവേന്ദ്രന്റെ തലയ്ക്കു ശൃംഗാരഭ്രാന്തിയും ആനന്ദലഹരിയും ഒന്നുപോലെ കൊണ്ടു്, അദ്ദേഹം തന്നത്താൻ മറന്നുപോയി. ഈ അവസരത്തിൽ ബൃഹസ്പതി ദേവേന്ദ്രനെ കാണാനായി അവിടെച്ചെന്നു. സ്വർല്ലോകമാനിനിമാരുടെ ലീലാവിലാസങ്ങളിൽ ലയിച്ചിരുന്ന ദേവേന്ദ്രൻ ബൃഹസ്പതിവന്നതിൽ എഴുനേൽക്കുകയാകട്ടെ വന്ദിക്കുകയാകട്ടെ യാതൊന്നും ചെയ്തില്ല. മറ്റുള്ളവരും ഗാനനൃത്തകോലാഹലത്തിൽമുഴുകി രസവും അനുഭവിച്ച് ചിത്രത്തിൽ ​എഴുതിയവരെപ്പോലെ ഇരുന്നിരുന്നതിനാൽ ആഗതനായ ഗുരുവിനെ ആദരിച്ചില്ല. ദേവേന്ദ്രനും കൂട്ടുകാരും തന്നോടുകാണിച്ച ഔദാസീന്യത്തേയും ധിക്കാരത്തേയും കണ്ടു കോപാവേശിതനായ ബൃഹസ്പതി ഉടൻതന്നെ അവിടെനിന്നും മറഞ്ഞു. അനന്തരം ആട്ടക്കാരിയായ തിലോത്തമയ്ക്കു സമ്മാനമായി വളരെ വളരെ ദ്രവ്യവും ആഭരണങ്ങളും പട്ടുവസ്ത്രങ്ങളും മറ്റും നൽകി. നാരദാദികളേയും യഥാക്രമം സല്ക്കരിച്ചു യാത്രയാക്കി മറ്റുള്ള ദേവന്മാർ ഇന്ദ്രനോടനുവാദവും വാങ്ങി. അവരവരുടെ ഭവനങ്ങളിലെക്കുപോയി. അതിൽപിന്നെ ദേവേന്ദ്രൻ, സഭയിൽ ബൃഹസ്പതി വന്നിരുന്നതും താൻ സൽക്കരിക്കാഞ്ഞതും ഓർത്തു അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി അന്വേഷിച്ചതിൽ അവിടെയെങ്ങും കാണാഞ്ഞു ഇതിൽപരമില്ലാത്ത വ്യസനത്തോടും പശ്ചാതാപത്തോടും കൂടെ മടങ്ങിവന്നു സ്വഭവനത്തിൽ വസിച്ചു. എല്ലാ പാപങ്ങളിലും വച്ച് ശ്രേഷ്ഠമായ ഗുരുദ്രോഹപാപം ദേവേന്ദ്രനെ പിടിയും കൂടി. ക്രമേണ ദേവേന്ദ്രന്റെ തേജസ്സും പ്രഭാവവും വീര്യശൌര്യപരാക്രമബലങ്ങളും നശിച്ചുതുടങ്ങി. അനന്തരം ദേവേന്ദ്രാദികൾ ഇതിന്റെ കാരണമെന്താണെന്നറിയുന്നതിനായി ബ്രഹ്മലോകത്തിൽപോയി ബ്രഹാമാവിനെക്കണ്ടു് ഇപ്രകാരം സ്തോത്രം ചെയ്തു.

നമോ ഹിരണ്യഗർഭായ പരബ്രഹ്മസ്വരൂപിണേ
അവിജ്ഞാതസ്വരൂപായ നമഃ കൈവല്യമൂർത്തയേ

ഗുണത്രയസ്വരൂപായ നമഃ പ്രകൃതിരൂപിണേ
അഹംകാരസ്വരൂപായ ബുദ്ധിരൂപായതേനമഃ

നമോ മഹാസ്വരൂപായ നമശ്ശബ്ദാദിരൂപിണേ
ജ്ഞാനേന്ദ്രിയസ്വരൂപായനമഃ കർമ്മേന്ദ്രിയാത്മനേ

ക്ഷിത്യാദിപഞ്ജഭൂതായ നമോ ബ്രഹ്മാണ്ഡരൂപിണേ
സമസ്തഭക്തരക്ഷാർത്ഥം സ്വേച്ഛാവിധൃതവിഗ്രഹഃ

നമസ്തുഭ്യം നമസ്തുഭ്യം നമസ്തുഭ്യം മഹാത്മനേ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/49&oldid=170729" എന്ന താളിൽനിന്ന് ശേഖരിച്ചത്