ശബ്ദശോധിനിയുടെ രണ്ടാംപതിപ്പു കുറെ തിടുക്കമായി തെയ്യാറാക്കേണ്ടിവന്നതിനാൽ അതിൽ വിചാരിച്ചിരുന്ന പരിഷ്കാരമെല്ലാം ചെയ്‌വാൻ കഴിഞ്ഞില്ല. പ്രൂഫ് തിരുത്തുന്നതിനു എനിക്ക് തരപ്പെടാത്തതിനാൽ പ്രക്രിയ പറയുന്നിടത്തും മറ്റും പരാമൎശസൌകൎയ്യത്തിനുവേണ്ടി ചൂണിക്കാണിച്ചിട്ടുള്ള വകുപ്പുകളുടെ നമ്പർ പല ദിക്കിലും തെറ്റിപ്പോകാനിടവന്നിരുന്നു. ഈ വക ന്യൂനതകളെ പരിഹരിച്ചതിനുപുറമേ ഈ പതിപ്പിൽ വിഷയത്തിൽ തന്നെ പല പരിശോധനകളും ചെയ്തിട്ടുണ്ടു്. അവതാരികയിൽ ഭാഷാചരിത്രം എന്നൊരു പുതിയ വകുപ്പു മധ്യമവ്യാകരണത്തിൽ നിന്ന് എടുത്തുചേൎത്തിരിക്കുന്നു. ശട്ടപ്പുസ്തകങ്ങളിൽ ഷേഡുൾ (Schedule) എന്നു പറയുന്ന പട്ടികയുടെ രീതിയിൽ എഴുതീട്ടുള്ളാ സന്ധിപ്രകരണത്തിൽ വകുപ്പുകളുടെ ഉൾപിരിവുകളെ വേർതിരിച്ചു കാണിപ്പാനായി അച്ചടിയിൽ പരിഷ്കാരങ്ങൾ ചേൎത്തിട്ടുണ്ടു്. പട്ടികാരീതി വിദ്യാൎത്ഥികളുടെ കണ്ണിനെ സഹായിക്കുംപോലെ ധാരണയെ സഹായിക്കാത്തതിനാൽ അവർക്കു് ഓർമ്മിക്കാൻ സൌകൎയ്യത്തിനു വേണ്ടി സന്ധിസൂത്രങ്ങളെയെല്ലാം പ്രകരണാന്തത്തിൽ ശ്ലോകരൂപേണ്ട സംഗ്രഹിച്ചിർക്കുന്നു. ചുരുക്കത്തിൽ പുസ്തകം എഴുതുന്നവർ വിഷയത്തെ വ്യക്തമാക്കുന്നതിൽ എത്രത്തോളം അധികമധികം പ്രയാസം ചെയ്യുന്നുവോ അത്രത്തോളം വിദ്യാൎത്ഥികൾക്ക് വിഷയം ഗ്രഹിക്കുന്നതിൽ പ്രയാസം കുറഞ്ഞു കുറഞ്ഞു വരുമെന്നുള്ള ന്യായം പ്രമാണിച്ചു് ഈ പതിപ്പിൽ കഴിയുന്ന പരിഷ്കാരമെല്ലാം ചെയ്തിട്ടുണ്ട്-
൧൦൮൩ മിഥുനം ൧ | ||
തിരുവനന്തപുരം. |
ഗ്രന്ഥകൎത്താ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.