Jump to content

താൾ:Sarada.djvu/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കക്ഷികളും കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് വ്യവഹാരകാർയ്യസ്ഥന്മാരും കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് ചോറുവെച്ച് വിൽക്കുന്ന പട്ടന്മാരു കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് ചോറുവെച്ചു വില്ക്കുന്ന നായന്മാരും കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് ചായവെച്ചു വിൽക്കുന്ന പട്ടന്മാരും ചായ വെച്ചു വില്ക്കുന്നു നായന്മാരുംകൂടി ഒരു തെരക്ക് , ഇതെല്ലാം സാമാന്യം ശമനമാവണമെങ്കിൽ നേരം പത്തുമണി കഴിയണം. പത്തുമണിക്ക് കോടതി സംബന്ധപ്പെട്ടിട്ടുള്ളവർ എല്ലാം കോടതിയിലേക്കായി പോകും.

നമ്മൾ പറഞ്ഞിരുന്ന സബ് ജഡ്ജി അവർകളും , മുൻസിഫ് അവർകളും ഈ തിരക്കിലുള്ള പട്ടണത്തിൽതന്നെ ആയിരുന്നു അധിവാസം ചെയ്തിരുന്നത്. ഡിസ്ട്രിക്ട് ജഡ്ജി അവർകൾ ഈ സ്ഥലത്തുനിന്നു രണ്ടു നാഴിക ദൂരം ഉള്ള ഒരു സ്ഥലത്തായിരുന്നു പാർപ്പ്. നമുക്ക് ഇതിന്നു മുമ്പെ പരിചയമായ കരിപ്പാട്ടിൽ കണ്ടൻമേനോൻ ഉദയന്തളിമഠത്തിൽനിന്നു പിരിഞ്ഞ് ഊൺ കഴിഞ്ഞതിന്റെ ശേഷം തനിക്ക് സഹജമായുള്ള നാരദസ്വഭാവം തന്നെ വളരെ അലട്ടി. സ്വതേ തന്റെ സ്വഭാവത്തിലുള്ള ദുർഗുണങ്ങൾ വെളിവായി പുറത്തേക്കു കണ്ടുതുടങ്ങി. തനിക്ക് ഇപ്പോൾ സ്വതെ ഉള്ളതായി തീർന്നിട്ടുള്ള ഗംഭീരഭാവവും ധാർഷ്ട്യാതിരേകമായ വാക്കുകളും ഒന്നു കവിഞ്ഞു. "ഇതു ബഹുരസം തന്നെ. വ്യവഹാരത്തിൽ ഉണ്ടാകുന്ന കുണ്ടാമണ്ടികൾ കലശലായി തീരും. ഈ വ്യവഹാരം പറഞ്ഞതുപോലെയോ വിചാരിക്കുംപോലെയോ ഒന്നും നിൽക്കുകയില്ല. "റില്ലി" ആക്ട് പ്രകാരം വ്യവഹാരം കൊടുപ്പാനായി ഞാൻ പറഞ്ഞു. ആ ആക്ടതന്നെ എന്താണെന്ന് ഇനിയും ഞാൻ വായിച്ചിട്ടില്ല. എങ്ങിനെയാണ് ആ ആക്ടട് പ്രകാരം വ്യവഹാരം തയ്യാറാക്കേണ്ടത് എന്നുകൂടി എനിക്കു നല്ല ശീലമില്ല. ഈ വ്യവഹാരംസംഗതിയെപ്പറ്റി ഇനി തിരുമുല്പാടുമായിട്ടോ മറ്റോ സംസാരിക്കണമെങ്കിൽ "റില്ലി ആക്ടി" ന്റെ ഗുണദോഷം വെടിപ്പായി വിചാരിച്ചിട്ടു വേണം. ഇതിന്നു നോട്ടീസ്സ് അയച്ച വക്കീൽ രാഘവമേനോനുമായി കണ്ടു സംസാരിക്കണം."

എന്നു വിചാരിച്ചു നിശ്ചയിച്ചു ചെരിപ്പും , കുടയും , ചൂരൽവടിയും എടുത്തു മേൽപറഞ്ഞ പട്ടണത്തിലേക്കായി ക്ഷണേന പോവുകയും ചെയ്തു. പട്ടണത്തിൽ എത്തുമ്പോൾ അസ്തമിച്ചിരിക്കുന്നു. രാഘവമേനോൻ കച്ചേരിയിൽനിന്നു മടങ്ങിവന്നിരിക്കുന്നു. കണ്ടന്മേനോനെ കണ്ടപ്പോൾ ആചാരപൂർവ്വം ഇരിപ്പാൻ പറഞ്ഞു. കണ്ടന്മേനോൻ ഇരുന്ന ഉടനെ നോട്ടീസ്സിന്റെ കാർയ്യത്തെക്കുറിച്ചു പ്രസ്താവിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/154&oldid=169791" എന്ന താളിൽനിന്ന് ശേഖരിച്ചത്