താൾ:Sarada.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാതുർയ്യവും പഠിപ്പുംകൊണ്ടു ബുദ്ധിമാന്മാരായ പുരുഷന്മാർ എങ്ങിനേ കൃഷ്ണമേനോനെ ആശ്ചർയ്യപ്പെട്ടുവോ അതുപ്രകാരംതന്നെ സുന്ദരികളായുള്ള യുവതികൾ എല്ലാം ദൃഷ്ടമാത്രത്തിൽ കൃഷ്ണമേനോനിൽ ലയിക്കാതിരുന്നില്ല. കണ്ടാൽ മന്മഥമന്മഥനായിരുന്നു എന്നുവരികിലും, തന്നെ കാണുന്ന ഏതു സുന്ദരിക്കും തന്നിൽ ഭ്രമം ഉണ്ടായി എന്നു അറിവാൻ കൃഷ്ണമേനോനു് ധാരാളമായി ബുദ്ധിശക്തി ഉണ്ടായിരുന്നുവെങ്കിലും അതിൽനിന്നു യാതൊരു ചാപല്യങ്ങളും ഇതുവരെ കൃഷ്ണമേനോന്റെ മനസ്സിനെ ബാധിച്ചിട്ടില്ല. നല്ല സുന്ദരികളായ യുവതികൾ യദൃച്ഛയാ കൃഷ്ണമേനോനോടു സംസാരിപ്പാൻ എടവന്നാൽ അത്ര ഉപദ്രവം തനിക്കു വേറെ ഒന്നുംകൊണ്ടും ഉണ്ടാവുകയില്ലെന്നുള്ള നാട്യമാണു് കൃഷ്ണമേനോനു ഉണ്ടായി കാണുമാറു്. പൂഞ്ചോലക്കരപ്രദേശത്തു പലേ പ്രമാണപ്പെട്ട വീടുകളിലും അതിസുന്ദരികളായ ജാതി സാമർത്ഥ്യത്തോടും അറിവോടും കൂടിയുള്ള യുവതികൾ എല്ലാം കൃഷ്ണമേനോൻ എനിക്കു്, എനിക്കു് ഭർത്താവായിവരേണമെന്നു അത്യാഗ്രഹപ്പെടാത്തവർ ആരും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തോടു് ഒന്നു സംസാരിച്ചാൽ മതി, ഇദ്ദേഹത്തിന്റെ ഒരു മന്ദഹാസം കണ്ടാൽ മതി, ഒരു വാക്കു പറയുന്നതു കേട്ടാൽ മതി, രണ്ടുനിമിഷം അടുത്തു കണ്ടാൽ മതി, എന്നു ആഗ്രഹിക്കാത്ത തരുണികൾ ആ ദിക്കിൽ ആരും ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. എന്നാൽ ഈ ആഗ്രഹനിവൃത്തി കൃഷ്ണമേനോൻ ഒരിക്കലും ചെയ്തുകൊടുത്തിരുന്നില്ല. അതുകൊണ്ട് ഇദ്ദേഹത്തിന്റെ സ്വഭാവം വളരെ ചീത്തയാണെന്നും, ഇദ്ദേഹം ദുഷ്ടനാണെന്നും, ഇദ്ദേഹത്തിന്റെ ബുദ്ധിക്കു ശൃംഗാരമില്ലെന്നും, ഇദ്ദേഹം വെട്ടിക്കുടഞ്ഞു തെളിയിക്കാത്ത ഒരു വൈരക്കല്ലുപോലെയാണെന്നും, ചളിയിൽ കുടുങ്ങിക്കിടക്കുന്ന ചെന്താമരപ്പൂവിനെപ്പോലെയാണെന്നും, ആർക്കും ഉപകാരമില്ലാത്ത, വനപ്രദേശത്ത് ഉണ്ടായി വികസിച്ചു നില്ക്കുന്ന അതിസുരഭിയായ ഒരു പുഷ്പത്തെപ്പോലെയാണെന്നും അസത്താണെന്നും കോമളാംഗികളായ പലേ പെണ്ണുങ്ങളും സങ്കടത്തോടുകൂടി പറഞ്ഞു വന്നു. വഴിയിലോ ക്ഷേത്രത്തിലൊ മറ്റോ വെച്ചു ചിലപ്പോൾ ഒരു സുന്ദരിയായ സ്ത്രീ കൃഷ്ണമേനോനെ എതിരേ കണ്ടു എന്നു വരാം. കാണുമ്പോഴേക്കു് അവളുടെ മനസ്സ് എളകി കലശലായ അനുരാഗത്താൽ പരവശപ്പെട്ടു ലജ്ജിച്ചു കൃഷ്ണമേനോൻ ഇതിന്റെ അർത്ഥം ഒന്നും മനസ്സിലായില്ലെന്നു നടിച്ചു് ശുദ്ധകുട്ടികളുടെ മാതിരി നേരെ നടന്നുപോവും. പരിചയമുള്ള സ്ത്രീയാണെങ്കിൽ മുഖത്തേക്കു നേരെ നോക്കി തന്റെ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/139&oldid=169774" എന്ന താളിൽനിന്ന് ശേഖരിച്ചത്