താൾ:Sangkalpakaanthi.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിത്ഥ്യ

ആവശ്യമില്ലിപ്രഞ്ചത്തിനാരെയും;
നീ വിശ്വസിക്കായ്കിനിയുമാ മിത്ഥ്യയെ;
ചീറുന്ന പീരങ്കിയുണ്ടകൾക്കിന്നലെ
മാറു കാണിച്ചൊരാ വീരയോദ്ധാക്കളെ-
ജന്മഭൂമാതിൻ ജയക്കൊടിക്കൂറകൾ
നന്മയിൽ മേല്ക്കുമേൽച്ചായംപിടിക്കുവാൻ,
നർമ്മാഭിലാഷങ്ങൾ മൊട്ടിട്ട ഹൃത്തിലെ-
ച്ചെന്നിണം തർപ്പിച്ച നിർമ്മലാത്മാക്കളെ-
ഒട്ടും കൃതജ്ഞതകൂടാതെ,യിന്നേക്കു
കഷ്ടം, മറന്നുകഴിഞ്ഞു പടക്കളം!
വർഷമോർമ്മിപ്പീല വാസന്തകോകിലം
ഹർഷപുളകം വിതച്ച കളകളം.
ഇന്നലെച്ചെമ്പനീർപ്പൂച്ചെടിച്ചില്ലയിൽ
മിന്നിക്കുണുങ്ങി വിടർന്നൊരത്താരിനെ--
ആയിരമിന്ദിന്ദിരങ്ങളെക്കൊണ്ടെടു-
ത്താനന്ദഗാലങ്ങൾ മൂളിച്ച പൂവിനെ--
ഓർപ്പതില്ലിന്നുത്സവോന്മാദപൂർത്തിയിൽ
വീർപ്പിട്ടുനില്ക്കുന്നൊരുദ്യാനമണ്ഡലം!

വിശ്വം പുതുതായ്പ്പുതുതായ് വരയ്ക്കലും ,
വിസ്മൃതി കൈനീട്ടി മാച്ചുകളയലും,
കാല,മൊഴിഞ്ഞിരുന്നീ വെറും മായിക-
ലീല നോക്കി സ്വയം പുഞ്ചിരിതൂകലും!-
നീ വിഷാദിക്കുന്നതെന്തിന, ഖിലവും
കേവലം സ്വപ്നം! - വെറും വെറും വിഭ്രമം !

--ജൂലൈ, 1940

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/53&oldid=169665" എന്ന താളിൽനിന്ന് ശേഖരിച്ചത്