താൾ:Ramarajabahadoor.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫണം വിടുർത്തി. മഹാരാജാവ് അതിപ്രശാന്തമായുള്ള സൗജന്യഗൗരവത്തോടെ രായരോട് ഇങ്ങനെ അർത്ഥമാകുന്ന ഹിന്ദുസ്ഥാനിയിൽ യാത്രാനുജ്ഞ അരുളി "ഇന്നത്തെ സംഭവംകൊണ്ട് രായർക്ക് ജാള്യം തോന്നണ്ട. തനിക്കു കിടയായുള്ള മല്ലന്മാർ ഇവിടെ ഇല്ലെന്നു സന്തോഷിച്ചുകൊണ്ടു പോവുക. സൗകര്യമുള്ളപ്പോൾ ഇനിയും വരിക, സൽക്കരിപ്പാൻ ഒരുക്കമുണ്ട്. ഇവിടത്തെ സ്ഥിതികളും സന്നാഹങ്ങളും കണ്ടറിഞ്ഞുവല്ലോ. എല്ലാം ടിപ്പുസുൽത്താനോടു ധരിപ്പിക്കുമ്പോൾ ഒരു വസ്തുതകൂടി ഉണർത്തിക്കൂ. അങ്ങോട്ടു പുറപ്പെടാനുള്ള പ്രായം നമുക്ക് അതിക്രമിച്ചുപോയി. ഇങ്ങോട്ടു വല്ലെടത്തും വരുന്നെങ്കിൽ ഇവിടംവരെ യാത്ര ചെയ്‌വാൻ ദയ ഉണ്ടായാൽ, വേണ്ടതെല്ലാം പരസ്പരം പറഞ്ഞു വഴിയാംവണ്ണം ഒതുക്കാം എന്നുകൂടി പറഞ്ഞേക്കണം. എന്തായാലും ഇങ്ങോട്ടുള്ള സൗഹാർദ്ദം ആ പ്രകാരത്തിലും, പരിമാണത്തിലുംതന്നെ അങ്ങോട്ടും ഉണ്ടെന്നും ശ്രീപത്മനാഭന്റെ കൃപാമഹിമയാൽ പ്രജകളും നാമും ക്ഷേമമായിത്തന്നെ കഴിയുന്നു എന്നും സമയംകണ്ട് ഉണർത്തിക്കുക."

ഈ അരുളപ്പാടിലെ ഓരോ ഘട്ടവും കഴിയുന്തോറും രായരുടെ ഭ്രൂക്കൾ വക്രിച്ച് സന്ധിപ്പാനടുത്തു. ഫണാന്തം ഒരു ദംശനക്രിയയ്ക്കു തന്നെ വിപാടനം തുടങ്ങി. "ഈ വൃദ്ധന്റെ നിര്യാണം രാജ്യത്തെ അനാഥമാക്കും. മന്ത്രിയോ, ശത്രുക്കളാൽ ചുറ്റപ്പെട്ടവൻ, എന്നെപ്പോലെയുള്ള ചാരന്മാർ മറ്റു വേണ്ടതു സാധിക്കും. ടിപ്പുമഹാരാജാവിന്റെ ശക്തി ഇവിടെ സ്ഥാപിക്കാൻ ഇതുതന്നെ തക്കം. ഈ സ്ഥലത്തുള്ള സൈന്യത്തെ തടയുവാൻ ഒരു പ്രബലസംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. നിശ്ചയിക്കുന്ന കാര്യം നിറവേറ്റിക്കളയാം. ജയിച്ചാൽ ടിപ്പുമഹാരാജാവിന്റെ ശ്രമങ്ങൾ ലഘുപ്പെടും. ഫലിക്കാഞ്ഞാൽ ശിക്ഷ കണ്ഠച്ഛേദമായിരിക്കും. അങ്ങനെയെങ്കിൽ കീർത്തി ശേഷിക്കട്ടെ. എന്റെ കുടുംബത്തെ ടിപ്പുരാജാധിരാജൻ യഥായോഗ്യം രക്ഷിക്കട്ടെ." രായരുടെ ഈ ചിന്തകൾക്കിടയിൽ അയാളുടെ നേർക്കു ദത്തനേത്രനായിരുന്ന മാമൻ ത്രിവിക്രമകുമാരനെ ഭർത്സിച്ചും ശാസിച്ചും സമാശ്വസിപ്പിച്ചും നിൽക്ക ആയിരുന്നു.

"അപ്പനേ! ശിന്ന വലിയുണ്ണീ! സാവിത്രിക്കുട്ടിയെ അല്ലാമൽ ആരെയാവതു നീ പരിഗ്രഹിച്ചാക്കാൽ, പാർ ഒന്നെ-ഉപ്പേരി വറുത്തു പോടുവൻ അല്ലാവടിക്കും, രാമുച്ചുടും ദുഃഖരാഗം പാടി ഉന്നെ തൂങ്കതുറുക്കേ വിടമാട്ടേൻ" എന്നൊരു ഉഗ്രമായ ഭീഷണിവാക്കിൽ മാമൻ എത്തിയപ്പോൾ രാജപാർശ്വത്തിലിരുന്ന ഖഡ്ഗം കൈയിലാക്കാൻ രായർ മുന്നോട്ട് കുതിച്ചു. "മഹാപാപി" എന്ന് ഇന്ദ്രപദത്തിൽ എത്തത്തക്കവണ്ണമുള്ള ഉച്ചസ്വരത്തിൽ നിലവിളിച്ചും കൊണ്ട് വൃദ്ധവെങ്കിടൻ ത്രിവിക്രമകുമാരന്റെ കണ്ഠദേശം നോക്കി ഒരു തള്ളുകൊടുത്തു. ഈറ്റപ്പുലിയുടെ ഭയാനകതയോടെ വലിയ വട്ടക്കണ്ണുകൾ തുറിപ്പിച്ചും കറുത്ത ദന്തനിരയെ പുറത്തുകാട്ടിച്ചീറിയും രായർ ഖഡ്ഗത്തെ കൈയിലാക്കി അതിന്റെ ഉറക്കെട്ടിനെ പൊട്ടിക്കുന്നതിനിടയിൽ ത്രീവിക്രമകുമാരൻ അയാളുടെ മുതുകിന്മേൽ നിപാതം ചെയ്ത് ആ നരസൂകരത്തെ മുറ്റത്തു വീഴിച്ചു മഹാരാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/53&oldid=168312" എന്ന താളിൽനിന്ന് ശേഖരിച്ചത്