താൾ:Ramarajabahadoor.djvu/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുൽത്താനെക്കാൾ ബലിഷ്ഠകായനും യുവപ്രായനും ബ്രഹ്മചര്യയിൽ പരിപാവനനും ആയിരുന്ന യുവാവ് ആ പ്രദേശത്തിലെ വൈദ്യന്റെ ചോരകഴുകലും തൈലധാരകളും വച്ചുകെട്ടുകളും അനായാസവാസം നിർബന്ധിക്കുന്ന ഏതാനും ശ്ലോകങ്ങളുംകൊണ്ടു കട്ടിലിൽ എഴുന്നേറ്റിരുപ്പാനും അല്പജ്വരത്തിനിടയിൽ പ്രണയിനീരോഗത്തെക്കുറിച്ച് അന്വേഷണംചെയ്‌വാനും ശക്തനായിത്തീർന്നിരുന്നു. ആ യുവാവിന്റെ ഒറ്റക്കൈകൊണ്ടുള്ള പ്രണാമത്തെ സമന്ദഹാസം അംഗീകരിച്ച് അയാളെ സസ്നേഹം തലോടീട്ട് ദിവാൻജി കന്യകയുടെ സമീപത്തിലോട്ടു നീങ്ങി. മുഖത്തിന്റെ ഉദയപ്രശാന്തത അന്തഃപ്രഭുത്വത്തെ ദ്യോതിപ്പിക്കുന്നെങ്കിലും ആ വീരസതി കഠിനജ്വരത്താൽ പേപറഞ്ഞും തല ഉരുട്ടിയും കിടക്കുന്നതു കണ്ടപ്പോൾ അദ്ദേഹം തന്റെ ഗണകഹൃദയത്തെ പദ്യരസാനുഭൂതമാക്കിത്തീർത്തിട്ടുള്ള അവളുടെ മധുരോപദ്രവങ്ങളെയും ഉപദ്രവകരപരിചരണങ്ങളെയും സ്മരിച്ചു. സ്തോഭകന്ദുകത്താൽ ആ ഗദ്യാത്മകന്റെ കണ്ഠം പ്രതിബന്ധിതമാവുകയാൽ അദ്ദേഹം ക്ഷീണഗോപനത്തിനായി ഏകാന്തതാഗൃഹത്തെ പ്രത്യക്ഷമാക്കി പരിസരവർത്തികളെ പുറത്തേക്കു നീങ്ങിച്ചു. ടിപ്പുവിന്റെ പ്രത്യാഗമനത്തിൽ പരിതോഷമൂർത്തിയായിത്തന്നെ തീർന്നിരുന്ന ദിവാൻജി ഇങ്ങനെ മന്ത്രാകൃഷ്ടമായ വല്ലിക എന്നപോലെ തളർന്നു. ഭിഷഗ്വരന്മാർ ആ ശാലയിലോട്ട് ആനീതരായി. ആ മഹാപരിത്രാതാവിന്റെ സാന്നിദ്ധ്യം അറിഞ്ഞ് സൽക്കാരത്തിനും പരിചരണത്തിനും എത്തിയിരുന്ന സമീപപ്രദേശപ്രഭുക്കന്മാരും സന്ദർഭവിശേഷംകൊണ്ടുള്ള സ്വാതന്ത്ര്യത്താൽ ശാലയിൽ നിറഞ്ഞു. സന്നിഹിതരായുള്ള ആയുർവ്വേദജ്ഞന്മാർ സാവിത്രിയുടെ രോഗം ത്രിദോഷക്ഷോഭമായുള്ള ഒരു ആപന്മയപീഡയാണെന്ന് അഭിപ്രായപ്പെട്ട് പണ്ഡിതരീതിയിൽ ചികിത്സ ആരംഭിച്ചു. സന്ധ്യ ആയപ്പോഴേക്കും മുറിവ് എല്ലാം വച്ചുകെട്ടിക്കൊണ്ട് ത്രിവിക്രമൻ തന്റെ മാതുലനായ മേധാവിയുടെ സാന്നിദ്ധ്യവും മറന്ന് സാവിത്രിയുടെ കാൽക്കൽ ആസനസ്ഥനായി. കണ്ണുനീർധാരകൊണ്ടുള്ള ചികിത്സാസമ്പ്രദായത്തെയും അനുവർത്തിച്ചുതുടങ്ങി.

യുവാവിനോടു ചോദ്യംചെയ്ത് അയാൾ അറിഞ്ഞിടത്തോളമുള്ള സംഭവങ്ങളെ ദിവാൻജി ഗ്രഹിച്ചിട്ടും ടിപ്പുവിനാലും അജിതസിംഹനാലും കന്യക എങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്ന ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തെ ചഞ്ചലപ്പെടുത്തി. ശത്രുസങ്കേതത്തിൽ ബന്ധനസ്ഥനായ ചന്ത്രക്കാരന്റെ ഗതി എന്തെന്നറിവാനും അദ്ദേഹം ആകാംക്ഷാവാനായി. എന്തായാലും ഉണ്ണിത്താനെ വരുത്തി സാവിത്രിയുടെ സ്ഥിതി കാണിച്ച് ചിലതു പറഞ്ഞുതീർക്കാൻ തീർച്ചയാക്കിക്കൊണ്ട് അദ്ദേഹം ആ ശുദ്ധമനസ്കനെ 'ഹാജർ' ആക്കാൻ ആജ്ഞാപിച്ചു. ടിപ്പുവിന്റെ ശത്രുഭാവം പകർന്നുള്ള മൂർത്തിയുടെ രൗദ്രജാജ്വല്യതയോടും സചിവാജ്ഞയെ അനുസരിപ്പാനുള്ള വൈമനസ്യത്തെ മുഖഭാവത്താൽ പ്രത്യക്ഷമാക്കിക്കൊണ്ടും ഉണ്ണിത്താൻ രോഗിണിയുടെ ശാലയിൽ പ്രവേശിച്ചു. ദിവാൻജി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/413&oldid=168276" എന്ന താളിൽനിന്ന് ശേഖരിച്ചത്