Jump to content

താൾ:Ramarajabahadoor.djvu/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈകളും ഞെരിച്ചു; പാപ്പാസുകളാൽ കൂടാരത്തറയെ തകർത്തു. എങ്കിലും ആ 'ഭഗവൽപ്രണിധി'യുടെ അകക്കൂടം താനേ ഞെരിയുകയും തകരുകയും ചെയ്തു. തന്റെ ക്ഷുദ്രപൈശാചത്വത്താൽ ധ്വംസിക്കപ്പെട്ട 'അവിശ്വാസി' ക്ഷേത്രങ്ങളിലെ 'പിശാച'സമിതികൾ ഭൂകമ്പസംരംഭംകൊണ്ടുതന്നെ ശിക്ഷിക്കുന്നു എന്ന് ആ ക്ഷതാശയന്റെ വൃകതയോടു സഹവർത്തിയായുള്ള ഭീരുത ശങ്കിച്ചു.

ആയുഷ്‌പരിധിയായ നൂറ്റിരുപതും കഴിഞ്ഞുള്ള വൃദ്ധന്മാർ ആ ഇടവപ്പാതിയിലെ വെള്ളപ്പൊക്കം മ്ലേച്ഛപ്രവേശനത്തിന്റെ ഫലമാണെന്ന് അഭിപ്രായപ്പെട്ടു. അനന്തശായിയായ ഭഗവാൻ തന്റെ ചതുർബാഹുക്കളിൽ പ്രളയനിരോധിയായുള്ളതിനെ രേഖാമാത്രം ഉപസംഹരിച്ചു, സ്വദാസവിജയത്തിനായി ആ പ്രളയത്തെ അനുമതിച്ചു എന്ന് അഭിജ്ഞന്മാർ സംവദിച്ചു. നിമിത്തം എന്തെങ്കിലും ആകട്ടെ, വഞ്ചിരാജ്യത്തിന്റെ പശ്ചിമോത്തരകോണം ആസകലം ദ്വീപസമ്മിശ്രമായുള്ള ഒരു ശോണസമുദ്രമായി. നദീതലങ്ങളാകട്ടെ ക്ഷേത്രങ്ങൾ, വൃക്ഷങ്ങൾ, ഗോശാലകൾ എന്നിതുകളുടെ സമുദ്രതീർത്ഥാടനത്തിനുള്ള പന്ഥാക്കളായി. മനുഷ്യശരീരങ്ങളും വനമൃഗശാബങ്ങളും അർദ്ധജീവങ്ങളായ ഗ്രാമ്യമൃഗങ്ങളും ടിപ്പുവിന്റെ ആസുരസാന്നിദ്ധ്യത്താൽ ഭ്രഷ്ടനാക്കപ്പെട്ട വരുണദേവനു നിവേദ്യങ്ങളായി. കേദാരപ്രാന്തങ്ങളിലും മലംതാഴ്‌വരകളിലും പാർപ്പുകാരായ ദരിദ്രന്മാർ നിരവധികങ്ങളായി, രാജ്യത്തിന്റെ ദുർദ്ദശാസമാപ്തിക്കുള്ള പ്രായശ്ചിത്തങ്ങളെന്നപോലെ, ആ വൃഷ്ടിഭൂതത്തിനു ബലികളായിത്തീർന്നു. ജലപ്രവാഹത്തെ നിരോധിച്ചു നിലകൊണ്ട ഭവനങ്ങളിലെ പാർപ്പുകാർ ആബാലവൃദ്ധം തട്ടിൻപുറങ്ങളിലും കൂരകളിലും കയറി അഷ്ടിലബ്ധിക്കുള്ള മാർഗ്ഗം കാണാതെ പട്ടിണികിടന്ന് ആ ഒടുങ്ങാപ്രളയത്തിനിടയിൽ മൃതിചേർന്നു. കൊടുങ്കാറ്റും വൃഷ്ടിശൈത്യവും യമകിങ്കരവൃത്തിയെ അംഗീകരിച്ചു, വിഷമസമരം കൂടാതെ വൃദ്ധജനങ്ങളെയും ബാലസംഘങ്ങളെയും നിർവ്വാണപദം പ്രാപിപ്പിച്ചു.

ഗിരിതടോൽഭൂതമായ ആ നവജലധിയോ - പൗരാണികകാലങ്ങളിലെ വൃക്ഷശിലാദ്യായുധക്കാരായ രാക്ഷസഗണമെന്നപോലെ വ്യാപരിച്ചു 'ദീൻ' കർമ്മോദ്യുക്തനായ ടിപ്പുവിന്റെ മതാസക്തി അനുസരിച്ച് ആ പ്രദേശങ്ങളെ സമുദ്രഖണ്ഡങ്ങളാക്കാൻതന്നെ സഹസങ്ങൾ ചെയ്തു. സമൂലതരുക്കൾ, ഗജപരിവൃഢന്മാർ ജലപ്രവാഹത്തോടു പ്രാണസമരം ചെയ്യുന്ന വനമഹിഷങ്ങൾ എന്നിതുകൾ പരസ്പരം സംഘർഷണം ചെയ്തു ഭിന്നങ്ങളായും സ്വഗതിക്കിടയിൽ ആണ്ടും ജൃംഭിതമതത്തോടെ വീണ്ടും പൊങ്ങിയും കലുഷജലത്തിൽ മന്ഥക്രിയയാൽ മജ്ജാനിരകളെ സഞ്ജാതമാക്കിയും ജലാവർത്തഗർത്തങ്ങളെ നിർമ്മിച്ചും ജലയാനസഞ്ചാരങ്ങളെ ആപല്ക്കരങ്ങളാക്കുന്നു. ജനതാകഷ്ടതകളെ ചിന്തിക്കാതുള്ള പ്രകൃതിപ്രണിധികളുടെ ഈ നിർമ്മമത, സംഹാരരൗദ്രതാപരിധിയെയും അതിക്രമിക്കുന്നുവെന്നു തോന്നിക്കുമാറ് ദിനംപ്രതി വർദ്ധിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/402&oldid=168264" എന്ന താളിൽനിന്ന് ശേഖരിച്ചത്