താൾ:Ramarajabahadoor.djvu/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നിമിത്തം ടിപ്പുവിനോടുള്ള വഴക്കും വിലയ്ക്കു വാങ്ങിപ്പോയി. എന്നാൽ ടിപ്പുവിന്റെ അക്രമം ഇത്ര വേഗം ഉണ്ടാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നില്ല. കോട്ടയുടെ നിരോധശക്തി എങ്ങനെ ആയിരുന്നാലും ശത്രുവിന്റെ തെക്കോട്ടുള്ള യാത്രയെ തടുപ്പാൻ കർണ്ണാടകപട്ടാളത്തിന്റെ ഭൂരിഭാഗവും ചില പ്രത്യേക 'പടവു'കളും കോട്ട നിൽക്കുന്ന സമതലത്തിൽ പാളയം അടിച്ചു. ശത്രുസൈന്യത്തിന്റെ സംഖ്യയോ മുഷ്കരതയോ ചിന്തിക്കാതെ രൂഢമതികളായി ഒരു സംശപ്തകഗണം കോട്ടയ്ക്കുള്ളിലും തോക്കുകാർ സാനുഛിദ്രങ്ങളിലും പീരങ്കിക്കാർ കൊത്തളങ്ങളിലും നിരന്നു. ശത്രുമാർഗ്ഗത്തിനു നേരേയുള്ള ഭൂമിയിൽ അതിവിശാലവും അഗാധവുമായുള്ള ഒരു ‌ദീർഘിക താഴ്ത്തി അതിലോട്ടു കായലിലെ ജലത്തെയും പ്രവഹിപ്പിച്ചു സൈനിക സമ്പ്രദായപ്രകാരം അഭൂതപൂർവമായുള്ള ഒരു കിടങ്ങിന്റെ ആനുകൂല്യത്തെ സമ്പാദിച്ചു. പ്രാകാരരക്ഷികൾ ശത്രുവിന്റെ സമാഗമലാഞ്ഛനത്തിനു നിതാന്തവീക്ഷകന്മാരായും പിന്നണികൾ പ്രാകാരമൂർദ്ധാവിൽ വെടിതീർന്നൊഴിയുന്നവയ്ക്കു പകരം തോക്കുകൾ മേൽപ്പോട്ടെത്തിക്കുവാനായി ഊർദ്ധ്വഗ്രീവന്മാരായും നില്ക്കെ, കോട്ടയുടെ മറവിൽ ഒരു മഹാവ്യൂഹം പുരുഷാർത്ഥസമസ്തത്തിന്റെയും ലബ്ധിക്കെന്നപോലെ ജീവഹോതാക്കളാവാൻ വീരാഗ്നിയെ അഭിമാനാജ്യത്താൽ പരിപോഷണം ചെയ്തു നിലകൊണ്ടു. കോട്ടയിൽനിന്ന് ഇടതുവാങ്ങി അവിടവിടെയുള്ള ചെറുകാടുകളിൽ നാസീരസംഘങ്ങൾ ആയുധസജ്ജകളോടെ ബഹുഫണന്മാരായ നാഗങ്ങൾ എന്നപോലെ ഗൂഢവാസം ചെയ്യുന്നു. തെക്കുമാറി തൽക്കാലാവശ്യത്തിനു നിർമ്മിക്കപ്പെട്ടുള്ള ഒരു നെടുമ്പുരയിൽ ദിവാൻജി നിലകൊണ്ട് ത്രിവിക്രമൻ, അഴകൻപിള്ള എന്നീ അംഗരക്ഷകന്മാർ മുഖേന അതാതു കേന്ദ്രത്തിലേക്കു സന്ദർഭാവശ്യകങ്ങളായ ആജ്ഞകളെ മുഹൂർത്തംപ്രതി എത്തിക്കുന്നു. പിൻഭാഗത്തു മാറി പാകചികിത്സാദിശാലകൾ പരിചാരകജനത്തിന്റെയും രക്ഷിജനങ്ങളുടെയും പ്രവൃദ്ധോന്മേഷംകൊണ്ട് ഒരു മഹായന്ത്രത്തിന്റെ അംഗങ്ങൾ എന്നപോലെ സജീവപ്രവർത്തനം ചെയ്യുന്നു. പടക്കളത്തിന്റെ അസൗകര്യം പ്രമാണിച്ചുള്ള ഒരു കരുതൽ ആയി വലുതായ ഒരു അക്ഷൗഹിണി ഈ ശാലകളിൽനിന്നു തെക്കുമാറി നിമിഷംപ്രതി ആജ്ഞാശ്രവണത്തിനുള്ള ജാഗരൂകതയോടും അക്ഷമയോടും സ്ഥിതി ചെയ്യുന്നു.

നാശമുദ്രാങ്കിതമായുള്ള ആ പ്രാകാരത്തിനു കൊല്ലം ചെല്ല തൊള്ളായിരത്തി അറുപത്തുനാലിൽ ധനു ഞായറ്റിലെ പതാനഞ്ചാംചെങ്കതിരവനുയർന്നു ഹേമന്തദേവിയുടെ പക്വദശാവൃഷ്ടികളെ നിലകൊള്ളിച്ചപ്പോൾ മൈസൂർപ്പടയുടെ ചുവന്ന കുപ്പായനിര ചെങ്കടൽ എന്നപോലെ, തന്നെ ഏകഗ്രാസമാക്കി ഭക്ഷിപ്പാനുള്ള വക്ത്രഗഹ്വരത്തെ വിപാടനം ചെയ്ത് ഗർജ്ജിച്ചു ഭയാനകതാണ്ഡവം ചെയ്യുന്നതു കാണുമാറായി. കർഷകസമിതികളിൽനിന്നു സംഭരിക്കപ്പെട്ടിട്ടുള്ള വഞ്ചിരാജസേനയുടെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/364&oldid=168221" എന്ന താളിൽനിന്ന് ശേഖരിച്ചത്