Jump to content

താൾ:Ramarajabahadoor.djvu/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതോളം നാഴിക കഴിഞ്ഞിട്ടായിരുന്നു. അദ്ദേഹത്തിന്റെ കിരണപ്രഭകൾ വീണ്ടും പ്രസാദാർത്ഥികളുടെ തർപ്പണങ്ങളെ ആദാനംചെയ്തു തുടങ്ങിയതിന്റെ ശേഷവും പ്രസ്ഥാനത്തെക്കുറിച്ചുള്ള പര്യാലോചനകളാൽ ഒന്നുരണ്ടു സൂര്യാസ്തമയങ്ങൾ കഴിഞ്ഞുകൂടി. അവസാനത്തിൽ പതിനാലായിരം കാലാളും അഞ്ഞൂറ് ആടവികന്മാരും തന്റെ ആഡംബരസാമഗ്രികളും മാത്രം അങ്ങോട്ടു പുറപ്പെടാനും അജിതസിംഹരാജാവ് തന്റെ തൽക്കാലസങ്കേതത്തെ സംരക്ഷണംചെയ്ത് അവിടെ വാഴുവാനും സുൽത്താൻ വിധിച്ചു.

തിരുവതാംകൂർ സംസ്ഥാനത്തിന്റെ ഭാവി ഈ ചെറുകുഡ്യത്തിന്റെ ഗ്രഹനിലയെ ആശ്രയിച്ചു ത്രസിക്കന്നു. പെരുമ്പടപ്പിലെ രാജാവും ഉത്തരദേശങ്ങളിലെ കാന്ദിശീകന്മാർക്ക് അഭയം നല്കിയിരുന്നു എങ്കിലും, തിരുവതാംകൂർ സംസ്ഥാനം ആ അപരാധസരസ്സിൽ ആശിരഃസ്നാനം പ്രതിമുഹൂർത്തം അനുവർത്തിക്കുന്നു. പെരുമ്പടപ്പുസംസ്ഥാനം വൈമനസ്യത്തോടെങ്കിലും സാമന്തരാജഭാവത്തെ അവലംബിച്ച് ആ രാജശക്തി പ്രാസാദത്തെ തൃണസ്ഥൂണങ്ങളാൽ സംരക്ഷിക്കുന്നു. തിരുവതാംകൂർ മഹാരാജാവ് ടിപ്പുവിനെ ചില സംഭാവനകൾകൊണ്ടു ബഹുമാനിച്ചിട്ടുണ്ടെങ്കിലും ആ സമ്രാട്ടിന്റെ അധികാരസിന്ധുവിനെ അവിടുത്തെ രാജ്യത്തിലോട്ട് അതിക്രമിപ്പിക്കാനുള്ള ഇച്ഛയെ വിന്ധ്യകടുതയിലുള്ള വൈമുഖ്യത്താൽത്തന്നെ പ്രതിരോധിക്കുന്നു. അതിനാൽ, മൈസൂർസേനയുടെ യാത്ര തിരുവതാംകൂറിന്റെ സംഹാരശകുനോദയമായിത്തന്നെ യുദ്ധാങ്കണസമീപസ്ഥരായ ബന്ധുക്കളും ദർശിച്ചു. എന്നാൽ വഞ്ചിലക്ഷ്മിയുടെ ഭാഗധേയവിശേഷത്താൽ ടിപ്പുസിൽത്താൻ സൈനികനിഗമോക്തങ്ങളായ ധർമ്മങ്ങളിൽ ശൗര്യപ്രധാനനായിരുന്നു. എങ്കിലും സേനാനേതൃത്വത്തിൽ ദുഷ്ടനിരോധത്തെ മാത്രം പരിഗണിച്ചു പടവിളിക്കുന്ന അവിവേകി ആയിരുന്നു. രാജ്യം, വിജയം എന്നിതുകളുടെ സമാർജ്ജനത്തിൽ തന്റെ അച്ഛനായ സ്വാശ്രയപരാക്രമന്റെ ബുദ്ധിപ്രാഗല്ഭ്യത്താൽ അദ്ദേഹം അനുഗ്രഹീതനായിരുന്നതുമില്ല. മതിമാന്മാരുടെ ക്രിയാപ്രക്രമങ്ങളിലെ കാലദേശാവസ്ഥാവിചിന്തനം ടിപ്പുവിന്റെ വിജയഭാഷ്യത്തിൽ അപ്രസ്തുതമായിരുന്നു. സന്മന്ത്രോപദേഷ്ടാക്കളാകേണ്ട പാർശ്വവർത്തികൾ പഥ്യഗായകന്മാരായി വർത്തിക്കേണ്ടതാണെന്ന രാജധാനിനിയമത്തിന്റെ ഊർജ്ജിതത്താൽ, അദ്ദേഹം യഥാർത്ഥസ്വായത്തസിദ്ധിയായി, സ്വേച്ഛാപ്രഭുത്വത്തിന്റെ മാതൃകയായി പിതൃസ്വായത്തരാജ്യത്തെ ഭരിച്ചു എങ്കിലും, കാര്യസിദ്ധികളിൽ നഷ്ടാർത്ഥനായി, ഫ്രാൻസ്, പെർഷ്യാ എന്നീ രാജ്യങ്ങളുടെ അനൂഷ്മളബന്ധുത്വം വിപത്സന്ധിയിൽ ലബ്ധമാകാതെ, 'മന്മാത്രശേഷ'ബലനായി അവസാന'സിദ്ധി'യെ പ്രതാപതാരുണ്യത്തിൽത്തന്നെ പ്രാപിക്കേണ്ടിവന്നു.

സുൽത്താന്റെ സൈന്യം അഴിക്കോട്ടയിൽനിന്ന് ഏതാനും നാഴിക ദൂരത്തു വാങ്ങി പാളയകൊത്തളങ്ങളും രാജഗേഹാദിയും ഉറപ്പിച്ചു. ശത്രുസേനയുടെ പ്രസ്ഥാനത്തിനുണ്ടായ ആജ്ഞപോലും ചാരചക്ഷുസ്സായ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/362&oldid=168219" എന്ന താളിൽനിന്ന് ശേഖരിച്ചത്