താൾ:Ramarajabahadoor.djvu/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ ശത്രുപക്ഷശ്രവണങ്ങളിൽ എത്തി അധികാരമണ്ഡലത്തിന്റെ കോപോദയം സംഭവിപ്പിക്കാതിരിപ്പാൻ തങ്ങൾ തങ്ങൾക്കു കിട്ടിയ അറിവിനെ ഗോപനം ചെയ്തുകൊണ്ടു.

വഞ്ചിധർമ്മത്തിന്റെ സുസ്ഥിരനിലയെ പരിപാലിപ്പാൻ സമാഗതനായിരിക്കുന്ന വിദേശീയബന്ധുവിനു ഗൃഹരാജ്ഞിയുടെ നിലയിൽ മാധവിഅമ്മ സ്വാഗതം പറഞ്ഞപ്പോൾ ധനാരാധകനായ ഭൂതത്താൻ ആകാശോന്മുഖമായി ഉത്പതിപ്പിക്കപ്പെട്ടതുപോലെ മൂന്നാലടിയോളം പുറകോട്ടു ചാടിപ്പോയി. ആധിശുഷ്കിതയായ ആ ജ്യോതിഷ്മതിയിൽ, ബ്രഹ്മകൃത്രിമത്തിന്റെ സമഗ്രരസികത കണ്ട് അയാൾ ആ സങ്കേതവാസം സ്വാന്തർഗ്ഗതിക്ക് അരക്ഷണനേരത്തേക്കെങ്കിലും അനുയോജ്യമല്ലെന്നും ബന്ധുവിന്റെ നിലയിൽ താൻ ആദരിക്കേണ്ടതായി വന്നിരിക്കുന്ന പെരിഞ്ചക്കോടൻ ഗാഢമായ സഹവർത്തനത്തിനു യോഗ്യനല്ലെന്നും വിധിച്ചു. സൽക്കാരവചനങ്ങളോ? ഭൂലോകത്തിൽ ദുർല്ലഭമായുള്ള ഒരു മധുരഗീതത്താൽ തന്റെ ജീവശക്തി നിദ്രാലസ്യത്തിൽ ലീനമാകുന്നു എന്ന് ആ സാമാന്യഭാഷണംപോലും ആ അതിവിരസനെ വിഭ്രമിപ്പിച്ചു. സുൽത്താൻ, നവാബ് എന്നിവരുടെ മഹാസൗധങ്ങളെ പ്രദക്ഷിണംവച്ചു സഞ്ചരിച്ച അവസരങ്ങളിലും ഇതിന്മണ്ണമുള്ള കണ്ഠമുരളികളുടെ ലഘുഝരിക തന്റെ കർണ്ണങ്ങളെ അനുഗ്രഹിച്ചിട്ടില്ലെന്ന് അയാൾ വിസ്മയിച്ചു. ഗൗണ്ഡന്റെ ചിത്താവേശം തന്നെ സൽക്കരിക്കുന്ന സൗന്ദര്യധാമത്തിന്റെയും, മറ്റൊരു ഭവനപ്രവേശത്തിൽ തന്റെ പൗരുഷത്തിന് അമൃതസേചനംചെയ്ത് അതിനെ ക്ഷീണിപ്പിച്ച മഹതിയുടെയും വിപര്യയത്തെ സ്മരിപ്പാൻ അയാളെ പ്രേരിപ്പിച്ചു. തന്റെ വജ്രഹൃദയത്തെയും ആകർഷിച്ച സുശീലവതി ഗൃഹൈശ്വര്യസംവർദ്ധിനിയും വർത്തമാനസൽക്കാരിക ഭർത്തൃനാശിനി, കുടുംബധ്വംസിനി, സർവ്വസംഹാരിണിയും ആണെന്ന് ആ കാര്യവിചക്ഷണൻ വിവക്ഷിച്ചു.

സമാഗതന്റെ സംഭ്രമവൈവർണ്ണ്യങ്ങൾ മാധവിഅമ്മയുടെ അന്തർന്നാളസ്ഥമായ അഭിരുചിയെ അനുലോമ‌മായി തലോടുകയാൽ, അവർ പ്രസാദിച്ച് പണ്ടു ബാദരായണാർപ്പിതമായിരുന്ന പുരോഹിതസ്ഥാനത്തുതന്നെ ആ വൃദ്ധാതിഥിയെ സമാരാധിപ്പാൻ നിശ്ചയിച്ചു. "ഇരിക്കുക മുസലീ, നദിയിൽ സ്നാനംചെയ്തു തേവാരം ഉണ്ടെങ്കിൽ അതും കഴിക്കൂ. സ്വയം പാകത്തിനെല്ലാം മഠത്തിൽ ഒരുക്കിക്കാം."

യുദ്ധസംരംഭങ്ങൾ സംബന്ധിച്ചു ചിലതു നിർവഹിച്ചിട്ടു പുത്രാന്വേഷണത്തിനു പുറപ്പെടാമെന്നു പ്രതിജ്ഞചെയ്ത പെരിഞ്ചക്കോടൻ, പൊടുന്നനവേ പാഞ്ഞു മറഞ്ഞിട്ടും അധികതാമസംകൂടാതെ മടങ്ങി എത്തുകയാൽ അദ്ദേഹം ഒരു പാരമാർത്ഥികനും കർമ്മബന്ധത്താൽ അയാളിൽ നിക്ഷിപ്തമായുള്ള കൃത്യത്തെക്കുറിച്ചു സുബോധവാനും ആണെന്ന് മാധവിഅമ്മ വീക്ഷിച്ച് സ്വവിധിഗതി ശുഭോന്മുഖമായി തിരിയുന്നു എന്നു സമാശ്വസിച്ചു. അദ്ദേഹം രാജസേനയുടെ പ്രവർത്തനത്തിനും വാസത്തിനും പടനിലവും നിലയനങ്ങളും ഉണ്ടാക്കിത്തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/316&oldid=168168" എന്ന താളിൽനിന്ന് ശേഖരിച്ചത്