താൾ:Ramarajabahadoor.djvu/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെന്നു ചാടുടുല്ലാ അവനെ-ആ തുളുമാണിയെപ്പോലെ പരുത്തിരിക്കണ എവടെ ചുട്ടിത്തലയൻ എന്തരവനെ പിടിച്ചുകെട്ടി ഇങ്ങു കൊണ്ടന്നില്ലെങ്കിൽ-"പിന്നെയും ദൈവവിപരീതത്താൽ എന്നപോലെ പെരിഞ്ചക്കോടൻ തന്റെ പ്രതിജ്ഞയെ പൂർത്തിയാക്കാനുള്ള പദങ്ങൾ ബഹിർഗ്ഗമനം ചെയ്യാതെ കണ്ഠത്തിനുള്ളിൽ പൊങ്ങിയ ഒരു ശൈത്യത്തിൽ ഉറഞ്ഞുപോയി.

ലക്ഷ്മിഅമ്മ: "കഷ്ടത്തിനൊന്നും കച്ചകെട്ടേണ്ട. അവിടേന്നു പറഞ്ഞിട്ടുള്ള വടുകൻകഥ ഒന്ന് ഓർത്തുകളയണം. വള്ളിയൂർ കുലശേഖരപ്പെരുമാളെ തന്റെ മകൾക്കു കൊണ്ടുക്കൊടുക്കാമെന്നു പറഞ്ഞ അച്ഛൻ ശവത്തെയല്ലേ കെട്ടി എടുത്തു കൊണ്ടുചെന്നു മകൾക്കു കാഴ്ചവെച്ചത്. ഇവിടുന്ന് അങ്ങോട്ടുചാടും; അവർ എതിർക്കും; ഇവിടെ ദേഷ്യംവരും; പിന്നെ എന്തു സംഭവിക്കുമെന്ന് ഈശ്വരനുതന്നെ അറിയാം."

പെരിഞ്ചക്കോടൻ: "നീ കേറിയിരുന്ന് നത്തിഴയ്ക്കാതെ. അങ്ങനെ പൊട്ടിത്തെറിക്കുന്നവനല്ലാ പെരിഞ്ചക്കോടൻ."

ലക്ഷ്മിഅമ്മ പുത്രിയുടെനേർക്കു തിരിഞ്ഞു തന്റെ പ്രാർത്ഥനയെ താങ്ങി വാദിപ്പാൻ അപേക്ഷിച്ചു. സ്വർഗ്ഗം അടക്കി, പാരിജാതാപഹരണം ചെയ്ത് തന്നെ പ്രസാദിപ്പാൻ പുറപ്പെടുന്ന ആ ത്രിവിക്രമനെ തടുപ്പാൻ ആ കന്യകയുടെ പ്രേമ പ്രകർഷം അവളെ അനുവദിച്ചില്ല. ലക്ഷ്മിഅമ്മ സ്വഭർത്താവിന്റെ പരാക്രമനാശത്തെ അന്തർന്നേത്രത്താൽ ദർശിച്ചു തരളചിത്തയായി, ഭർത്തൃശിരസ്സിനെ സ്വാനുഗ്രഹങ്ങൾകൊണ്ട് അഭിഷിക്തമാക്കുമാറ് അതിലെ ജടാമകുടത്തെ തലോടിനിന്ന് പെരിഞ്ചക്കോടൻ ഉടൻതന്നെ പല വഴിക്കും ദൂതന്മാരെ അയച്ച് ഒരു ചെറുസംഘം മല്ലന്മാരെ വരുത്തി, തന്റെ അനുചരബലത്തെ പരിപുഷ്ടമാക്കി. തന്റെ മൃഗീയശക്തി പല സംഗതികളിലും തന്നെ വിജയി ആക്കുന്നതുകൊണ്ട് ഒര നരകേസരിയുടെ ബഹുകലാഭ്യസനങ്ങളാലും രാജ്യതന്ത്രത്തിൽ സമ്പാദിച്ചിട്ടുള്ള സീമാതീതവൈദുഷ്യത്താലും സംസ്കരിക്കപ്പെട്ടിട്ടുള്ള ബുദ്ധിയുടെ ദീർഘദർശനശക്തിയെയും പ്രവർത്തനചാതുര്യത്തെയും അയാൾ ഗ്രഹിക്കയോ സ്മരിക്കയോ ചെയ്തില്ല. തന്റെ പരാജയരാത്രിയിൽത്തന്നെ കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാർ, നല്ല ശുഭദിവസം നോക്കി പുത്രനെ തിരിച്ചയച്ചാൽ മതി എന്നും വേറൊരു കാര്യം അതിനിഗൂഢമായി നിവർത്തിക്കണമെന്നും അടങ്ങീട്ടുള്ളതായ ലേഖനത്തെ മാങ്കോയിക്കലായ വലിയ മാർത്താണ്ഡൻപടവീട്ടിലെ കാരണവർ രാജശ്രീ വേലുത്തമ്പി അവർകൾക്കു അയച്ചിരുന്നു. ആ മഹാമതിമാൻ തന്റെ സിദ്ധിവൃദ്ധതയ്ക്കു ചേർന്നുള്ള ഗൂഢതയോടെതന്നെ കാര്യക്കാരുടെ നിർദ്ദേശത്തെ നിർവ്വഹിപ്പാൻ വേണ്ട ഏർപ്പാടുകൾ തന്റെ ആസനത്തിൽനിന്നിളകാതെ ചെയ്തു.

പാണ്ടപാളയത്തെ രണ്ടായി വിഭജിക്കുന്ന രാജപാതയുടെ ഇരു പാർശ്വങ്ങളിലുമുള്ള വൃക്ഷങ്ങൾ, ഉദയാനന്തരയാമത്തിലെ സൂര്യാതപം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/288&oldid=168136" എന്ന താളിൽനിന്ന് ശേഖരിച്ചത്