രണ്ടെണ്ണം ഇങ്ങോട്ടു തന്നാൽ കാട്ടിത്തരാം. അങ്ങോട്ടു ചാടി, ഒരു ചക്രപ്പയറ്റു തുടങ്ങിയപ്പോൾ - പിന്നെ കുടുമയെത്ര? കാതെത്ര? മൂക്കെത്ര? ശറശറേന്നു! നിലവിളിയോ, പ്രളയദ്ധ്വനി! ഉണർന്ന ആളുകള് കാണികള് അവർ കപ്പിട്ടാർ. 'വാരണവീരൻ തലയറ്റു വില്ലറ്റു വീരൻ ഭഗദത്തൻ തന്റെ തലയറ്റു' എന്ന കണക്കിന് എന്തെല്ലാമറ്റു ഭഗവാനെ! പുറന്തല, മുതുക്, പൃഷ്ഠം, കണംകാല് - എന്തിന്, കുതികാലുപോലും ചേനത്തോടേ - എരിശ്ശേരിക്കു ചേന നുറുക്കുമ്പോൾ കഷണം നുറുക്കില്ലേ? -അക്കണക്കിന് ഏഃ! ബോധമുണ്ടായില്ല. പരമാർത്ഥമങ്ങനെയാണ്. കാണാൻ കൂടിയ കൂട്ടത്തിൽ ഒരുത്തൻ സഹായിക്കണ്ടേ? ഒരു കല്ലെങ്കിലും എറിയണ്ടേ? ഞാനൊറ്റൊരുത്തൻ അഭിമന്യരെപ്പോലെ ചാകാഞ്ഞതു ഭാഗ്യം! അവർ രണ്ടുമൂന്നുപേർ അവിടെ വീണോ, ഇല്ലയോ? കാട്ടിലെങ്ങാണ്ടു ചെന്നു ചിലർ വീണു. പെണ്ണിനെ ഒരുത്തൻ അല്ലാ അവളുടെ മനസ്സോടുകൂടിപ്പോയതാണ് - അതാ, ഭാഗ്യദോഷി അച്ഛൻ വ്യസനിക്കുന്നു. ഛീ! എന്തെങ്കിലും വന്നാൽ അറിയിക്കേണ്ട ചുമതല നമുക്ക്. നിങ്ങളുടെ പോരെന്ത്? അമ്പതിനായിരം വന്നുകൂടിയിരിക്കുന്നില്ലേ ഇവിടെ? ഒരുത്തനാണ്, ഒരു തേവിടിശ്ശിക്കു വേണ്ടി" കുടന്തയാശാൻ എന്ത് അത്ഭുതസംഭവത്താലോ നിലത്തു വീണു. വാൾവീശലിന്റെ സമ്പ്രദായത്തെ ശരീരംകൊണ്ടു ദൃഷ്ടാന്തീകരിച്ചിട്ടു ശ്രോതാക്കൾക്കു ഒരു സാധനപാഠവും നൽകി. അവരിൽ ചിലർ അയാളെ എഴുനേല്പിച്ചു നിറുത്തിയപ്പോൾ, ഒരു ഭാഗത്തെ മുകുളദന്തം കൊഴിഞ്ഞുവീണത് അയാളുടെ പുരാണകഥനം കഴിഞ്ഞുള്ള ഏകദന്താർച്ചനമായിത്തീർന്നു. പക്ഷേ, അതോടുകൂടി പ്രവഹിച്ച രക്തം കണ്ടപ്പോൾ അയാൾ വീണുപോയത്, പല കർണ്ണനാസാന്ത്യങ്ങളുടെ വിച്ഛേദനപടുവായ അയാളുടെ സമഗ്രവീര്യം ഏതു വകയിലുള്ളതാണെന്ന് അവർക്കു ബോദ്ധ്യമാക്കി. ദിവാൻജിയാൽത്തന്നെ പൂജനീയയായുള്ള ഒരു കന്യക അഭിസാരികയാണെന്നു പ്രസംഗിച്ച ആ ദുഷ്ടന് അഴകൻപിള്ളയിൽനിന്നു കിട്ടിയതായ സമുചിതശിക്ഷയുടെ ശകുനത്തോടുകൂടി ത്രിവിക്രമകുമാരൻ തന്റെ പ്രണയിനിയെ ആരാഞ്ഞുണ്ടായ വിരഹാബ്ധിതരണത്തിലോട്ടു പ്രവേശിച്ചു.
താൾ:Ramarajabahadoor.djvu/226
ദൃശ്യരൂപം