താൾ:Ramarajabahadoor.djvu/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാക്കി അധികൃതന്മാരെക്കൊണ്ട് അയാളെ ശിക്ഷിപ്പിക്കാനും പ്രതിജ്ഞ ചെയ്തുകൊണ്ട് ആ രാത്രിതന്നെ അക്ഷീണകായനായ ആ മഹാവീരൻ മുറിവേറ്റ ശാർദൂലത്തിന്റെ ക്രൗര്യച്ചീറ്റത്തോടെ ഗൗണ്ഡൻ അവലംബിച്ച മാർഗ്ഗത്തെ തുടർന്നു വീണ്ടും യാത്രയാരംഭിച്ചു.

പുരാണകർത്താക്കന്മാരുടെ കല്പനാശക്തിയാൽ നിർമ്മിക്കപ്പെട്ട രക്തബീജവർഗ്ഗവും വിച്ഛിന്നമാകുന്ന കണ്ഠത്തിന്മേൽ അനുക്ഷണം നവശിരസ്സുകൾ ഉത്പന്നമാകുന്നതിന് അനുഗൃഹീതന്മാരായുള്ള ദശാസ്യന്മാരും സാമാന്യമായുള്ള ആധുനികലോകരംഗങ്ങളിലും നടനം ചെയ്തു പ്രശസ്തി നേടുന്ന പാത്രങ്ങളാണ്. "അറുത്തിട്ടാൽ തുടിക്കും" എന്നുള്ള അഭിനന്ദനത്തിൽ അന്തർഭൂതമായ വീര്യോൽക്കർഷം ജീവിതത്തെ കേവലം വ്യവസായ വൃത്തിയാക്കാതെ ഗുണംവാ ദോഷംവാ സ്വാത്മപൗരുഷത്തെ സ്വാദർശരത്യൊ പരിരക്ഷിച്ചുപോരുന്ന ധീമാന്മാരിൽ ഇന്നും കാണുമാറുണ്ട്. ഇങ്ങനെയുള്ള വിക്രമരാശികളെ കാണുന്നതിന് ഒരു മഹേന്ദ്രഗിരിയിൽ ആരോഹണവും നൂറു യോജനവീതമുള്ള സമുദ്രത്തെ തരണവും ചെയ്ത് എഴുന്നൂറു യോജന വിസ്താരമുള്ള ഒരു ദ്വീപത്തിലെത്തി ഒരു മരുൽസുതശക്തിയോടെ ആരായണമെന്നില്ല. നമ്മുടെ ഗൗണ്ഡനായ സാർത്ഥവാഹൻതന്നെ പ്രപഞ്ചധ്വംസനവും സ്വശരീരധ്വംസനവും ഏകമാത്രയിൽ സന്ദർശിച്ചുവെങ്കിലും അരക്ഷണം കഴിഞ്ഞപ്പോൾ, കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വാഗ്ഭടോപചാരങ്ങളെ അപഹസിച്ചും തന്റെ മുഖാലങ്കാരത്തിൽക്കണ്ട രക്തബിന്ദുക്കളെ സ്വഹസ്തത്താൽ മാർജ്ജനം ചെയ്ത് ഒരു വിദഗ്ദ്ധവ്യവസായിക്കു ചേരുന്ന കർമ്മമായി ദിഗ്‌ദർശനത്തിനും ജനസ്ഥിതികളുടെ ഗ്രഹണത്തിനും പുറപ്പെട്ട വ്യാപാരത്തലവരെ നിസ്പൃഹവീര്യത്തോടെ തന്റെ പാളയത്തിലേക്കു മടങ്ങിക്കളഞ്ഞു. സ്വഹസ്തപ്രാപതമായ കൗബേരസ്ഥാനം നഷ്ടമായിത്തീർന്നിട്ടും ഇങ്ങനെയുള്ള വീര്യത്തെ അവലംബിച്ചവൻ ദിവാൻജിയും കുഞ്ചൈക്കുട്ടിപ്പിള്ളയും തമ്മിൽ ഉണ്ടായ സംഭാഷണത്തിൽ പ്രസ്താവിക്കപ്പെട്ടതുപോലുള്ള ഒരു ചാകാപ്രാണിതന്നെയായിരുന്നു. അപ്രതീക്ഷിതമായ നിധിലബ്ധിയും നിധിനഷ്ടവും ബുദ്ധികളെ വിഭ്രമിപ്പിച്ചു മൃതികളും ഉന്മാദസങ്കേതത്തിലുള്ള ബന്ധനങ്ങളും സംഭവിപ്പിക്കുന്നു. നിധിയുടെ ലബ്ധിയും നഷ്ടവും രണ്ടും ചേർന്ന് ഏതാനും നാഴികയ്ക്കുള്ളിൽത്തന്നെ സംഭവിച്ചിട്ടും ചിത്തത്തിന്റെ സ്ഥായിയുള്ള സ്ഥിതിക്കു വ്യതിയാനമുണ്ടാകാതിരുന്ന വൃദ്ധൻ വിക്രമനായിട്ടല്ലാ അമാനുഷനായിട്ടുതന്നെ പരിഗണിക്കപ്പെടേണ്ടവനാണ്. മന്ത്രക്കൂടപ്പറമ്പിനടുത്തുനിന്നു തന്റെ വ്യാപാരശാലയിൽ മടങ്ങി എത്തിയപ്പോൾ, ഗൗണ്ഡന്റെ മുഖം സംഭ്രമത്തിന്റെയോ, ക്ഷീണത്തിന്റെയോ വിപ്ലവങ്ങൾ യാതൊന്നും പരിസേവകജനങ്ങളുടെ ദൃഷ്ടികൾക്കു വിഷയീഭവിക്കുമാറു ലാഞ്ച്ഛനാമാത്രമായിട്ടെങ്കിലും വഹിച്ചിരുന്നില്ല. എന്നാൽ താൻ വിചാരിച്ചതിൻവണ്ണം ഉള്ള ധനസംഭാവനകൊണ്ടുകൂടി ടിപ്പുവിനെ സമാരാധിക്കാൻ കഴിവില്ലാതായിയെന്നു കണ്ടപ്പോൾ മന്ത്രിയുടെ നിധനം എങ്കിലും താൻതന്നെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/176&oldid=168012" എന്ന താളിൽനിന്ന് ശേഖരിച്ചത്