ശാൽ സന്ധ്യയായി, ജനസഞ്ചാരം കുറഞ്ഞു, മാർഗ്ഗപാർശ്വങ്ങളിലുള്ള ചെറുവനങ്ങളിൽ ചന്ദ്രിക പ്രകാശിച്ചുതുടങ്ങിയപ്പോൾ രാജാവ് തന്റെ ഒരു പരിചാരകനെ അടുത്തു വിളിച്ച്, "ഡാ! ആ 'മാധവസമയമിദം' കൊണ്ടുപിടിച്ച ശങ്കരാഭരണത്തിൽ ഒന്ന് മേളിക്ക" എന്ന് ആജ്ഞാപിച്ചു.
പാടുകയും ഓടുകയുംകൂടി വിഷമം ആണെന്ന് ആ ഗായകൻ ഉണർത്തിച്ചപ്പോൾ, "എന്നാൽ മഞ്ചൽ ഒന്നു തായട്ട്" എന്ന കല്പന പുറപ്പെട്ടു. കഴിവുണ്ടെങ്കിൽ ആ യാത്രയെ ചന്ദ്രാസ്തമയംവരെ എത്തിച്ചിട്ട് അവസാനക്കൈ പ്രയോഗിക്കണം എന്നു നിയുക്തന്മാരായിരുന്ന മഞ്ചൽക്കാർ ഈ കല്പന ഉണ്ടായ ഉടനെതന്നെ മഞ്ചൽ താഴ്ത്തി കാട്ടിനകത്തോട്ടു നടന്നു. ഗായകന് 'മാധവസമയമിദം' തോന്നാത്തതിനാലും, വിചാരിച്ചപ്പോൾ 'ശങ്കരാഭരണം' വരാത്തതിനാലും 'നവരസം' മൂളി ശ്ലോകം ചൊല്ലിയിട്ടു 'നല്ലാർകുലമണിയും മൗലിമാലേ' എന്നു പാടിത്തുടങ്ങി. പാട്ട് അവസാനിച്ചിട്ടും കാട്ടിൽക്കടന്ന മുന്നലക്കാരനെയും മറ്റും കാണുന്നില്ല. വിവാഹമുഹൂർത്തം വഴുതുന്നു. ഉദരവിവിക്തതയിൽ വായുഭഗവാനും തിങ്ങുന്നു. വല്ല അഭയകേന്ദ്രത്തിലും പറ്റണമെന്നുള്ള മോഹം അജിതസിംഹനും തോന്നുന്നു. ഗായകൻ പാടിപ്പാടി ക്ഷീണിച്ചുള്ള അജിതസിംഹന്റെ താളങ്ങളെ തെറ്റിച്ചു കൂർക്കുവിളികളിലും എത്തുന്നു.
തങ്ങളുടെ അധികാരാതിർത്തിയിൽപ്പെട്ട ഒരു ഭവനത്തിൽനിന്നു മൃഷ്ടമായി വിശപ്പും ഒരു 'സിംഹള'ഗൃഹത്തിൽനിന്നു ദാഹവും തീർത്തു മഞ്ചൽക്കാർ അജിതസിംഹന്റെ അനന്തരയാത്രയ്ക്കായി മടങ്ങി എത്തി മഞ്ചൽ ഏന്തി. ബബ്‌ലേശ്വരൻ അക്ഷമനായി ശിരച്ഛേദശിക്ഷകളും മറ്റും വിധിപ്പിക്കുന്നുണ്ടെന്നു കയർത്തുകൊണ്ടു മഞ്ചലിൽ വീണ്ടും കയറി. മുതൽപ്പേരും മറ്റും ദാഹംതീർത്ത സമ്പ്രദായം ഗന്ധവാഹമാർഗ്ഗേണ ബബ്‌ലേശ്വരന്റെ നാസാരന്ധ്രത്തെ പീഡിപ്പിച്ച് അവിടുത്തെ തിരുവുള്ളത്തിലും ചില ആകാംക്ഷകൾ ഉത്പാദിപ്പിച്ചു. മഞ്ചൽക്കാരുടെ ഗാനം മുറുകി. അജിതസിംഹന്റെ നിശാസവാരി അതികോലാഹലമായിത്തുടങ്ങി. തെളിഞ്ഞ ആകാശവും ശുക്ലപക്ഷാർദ്ധം കഴിഞ്ഞുള്ള ചന്ദ്രികയും ചീവിടുകളുടെ ഗീതങ്ങളും മഞ്ചൽപ്പാട്ടിനാൽ ഉണർത്തപ്പെട്ട ജംബുകങ്ങളുടെ മത്സരധ്വനികളും ആ പരിണയയാത്രയെ ദീപയഷ്ടിവാദ്യഘോഷങ്ങളോടുകൂടിയ ഒരു പുറപ്പാടിനു തുല്യം ആക്കിത്തിർത്തു. മഞ്ചൽക്കാർ ത്വരയോടെ പാഞ്ഞു, കാടുകൾ, കൽത്തറകൾ, കുന്നുകൾ, പാടങ്ങൾ, ചിറകൾ, വരമ്പുകൾ എന്നിവ തരണംചെയ്ത് ഉന്നതമായ ഒരു കുന്നു കയറിത്തുടങ്ങി. കാടുചീന്തി മുട്ടൊടിയുംവണ്ണം കുതിച്ചും കിതച്ചും പായുന്നതിനിടയിൽ വല്ലികൾ, ചെടികൾ എന്നിവയുടെ കൊമ്പുകൾ സ്വാഗതസൂചകമായി മഞ്ചൽവാസിയായ ഭൂപരിരക്ഷകനെ പരിരംഭണം ചെയ്തു. ചിലർ സാവിത്രിയോടുള്ള മത്സരഭാവത്താലോ കേവലം ഭക്തിപ്രദർശനമായോ ചില നഖക്ഷതങ്ങളും ആ രാജസിംഹന്റെ തിരുമേനിയിൽ ചേർത്തു. ഗുഹാന്തരാളങ്ങൾപോലുള്ള പ്രദേശങ്ങൾ കടന്നു