താൾ:Ramarajabahadoor.djvu/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്തു സ്വകർണ്ണത്തെയും സ്വാത്മാവെയും വിശ്വാംബികയെയും ഏകകർമ്മത്താൽ പ്രീണിപ്പിക്കുന്നതിനിടയിൽ 'പിടികിട്ടിപ്പോയി' എന്നുള്ള ഒരു വിളിയോടെ രണ്ടു ബാഹുദണ്ഡങ്ങൾ അവരെ ആവരണം ചെയ്തു. ഇങ്ങനെയുള്ള സ്വാതന്ത്ര്യക്രിയ അനുഷ്ഠിക്കുന്ന 'ബാലയുവാവു' മറ്റാരും അല്ലെന്നു ഗ്രഹിച്ചിരുന്ന ആ മഹതി ഇപ്രകാരം പരിഭവിച്ചു: "ഇതെന്തു മര്യാദയാണ് വിക്രമാ! പേടിപ്പിച്ചും ഞരമ്പിളക്കാൻ നോക്കുന്നോ? ഞങ്ങടെ അടുത്തു വരരുതെന്നല്ലയോ ചട്ടം? നിനക്കെങ്കിലും ഞങ്ങളെ ഗ്രഹപ്പിഴ പെരുകാതെ സൂക്ഷിച്ചുകൊള്ളരുതോ?"

ത്രിവിക്രമൻ: "അതെങ്ങനെ അമ്മച്ചീ? അവിടെവച്ച് 'ഇവിടെ കേറിക്കൂടാ' എന്നു പറഞ്ഞാൽ ഭൂലോകമെല്ലാം ആകുമോ? അതുമല്ല, ഞാൻ മോഷ്ടിക്കുമെന്നു പേടിച്ച കാമധേനു ഇവിടെ ഇല്ലല്ലോ."

മീനാക്ഷിഅമ്മ ജീവനോടും കുടുംബത്തോടുമുള്ള ബന്ധത്തെ അവസാനിപ്പിച്ചും സമചിത്തയും നിസ്സംഗയും ആയിത്തീർന്നിരിക്കുന്നതുപോലുള്ള നാട്യത്തിൽ മറുപടി പറഞ്ഞു: "ഇന്നു നിന്റെ മോഷ്ടിപ്പ് അവസാനിക്കുമല്ലോ. പുടവകൊട നാലഞ്ചു നാഴികയ്ക്കകം നടക്കും. അങ്ങിനെ എന്റെ ദേവീ! എല്ലാവരും സന്തോഷിപ്പിൻ. നിന്റെ നേർക്ക് അവളുടെ അച്ഛൻ വിധിച്ചിരിക്കുന്ന നാടുകടത്തലും അപ്പോൾ തീരുമല്ലോ."

വിക്രമൻ പറക്കാനെന്ന ഭാവത്തിൽ ഒന്നു കുതിച്ചു തിരിഞ്ഞു, കൈവിടുർത്തി ഉള്ളംകൈകൾ ചലിപ്പിച്ചു.

മീനാക്ഷിഅമ്മ: "നീ എന്തിളക്കക്കാരൻ! എന്തിനു വന്നു എന്നു പറയാതെ ഓടിപ്പോകാൻ തുടങ്ങുന്നതു ഗോഷ്ടി അല്ലയോ?"

ത്രവിക്രമൻ: (തിരിഞ്ഞുനിന്ന്) "ഇപ്പോൾ ഇച്ചിറക് രണ്ടു വീശിയാൽ പുടവകൊടയ്ക്ക് അവിടെ! വന്നിരിക്കുന്നതു പഞ്ചകല്യാണിക്കുതിരയിലാണ്. 'നവാബ്‌കോട്ടയ്ക്കു ശണ്ഠയ്ക്കു പോറാൻ- രാജാജേശിംഗു' എന്നു, വച്ചൊരു ഭറതാൻ കൊടുത്താൽ രണ്ടാം നാഴികയ്ക്കു കിഴക്കേനന്തിയത്തു ഞാൻ ഇല്ലാഞ്ഞാൽ സാവിത്രി പുടവ വാങ്ങൂല്ല."

ത്രിവിക്രമന്റെ മുതുകിൽ ക്ഷീണിച്ചുള്ള ഹസ്തംകൊണ്ട് ഒരു പ്രഹരം കിട്ടി.

മീനാക്ഷിഅമ്മ: "നോക്ക്, വേണ്ടാസനത്തിനൊന്നും നീ പോകരുത്. അദ്ദേഹത്തിന് എന്തോ ഒരു ഭ്രമം. അവളുടെ കർമ്മമാണ്. ഇവടെ അവസാനം എന്നും വയ്ക്കു. ഏതെങ്കിലും, തമ്പുരാൻ കൊണ്ടുപോകട്ടെ."

ത്രവിക്രമൻ: "അമ്മച്ചി കേട്ടിട്ടില്യോ? 'ഈച്ച കടിച്ചല്ലോ കുലയാനത്തലവൻ ചത്തു-പാറ്റ കുടിച്ചല്ലോ കടൽവറ്റി കരയായിത്തീർന്നു'- അങ്ങനെയൊരു പാട്ട്."

മീനാക്ഷിഅമ്മ: "നോക്ക്-നീതന്നെയാണ് ആപെണ്ണിനെ വഷളാക്കിയത്."

ത്രിവിക്രമൻ: "അതേ, അതേ. ഇനിയും വഷളാക്കും. ഇതാണ്ടേ അമ്മച്ചീ, പക്ഷേ, അമ്മാവനെപ്പോലെ മൂക്കും തുള്ളിച്ചോണ്ട്-"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/152&oldid=167986" എന്ന താളിൽനിന്ന് ശേഖരിച്ചത്