കൊള്ളാമെന്നു തോന്നി ഇങ്ങനെ ഗുണദോഷിക്കയും ചെയ്തു: "പൊന്നുതമ്പുരാന്റെ കാല്ക്കൽ വീണു, ശ്രീപത്മനാഭന് അടങ്ങേണ്ട മുതൽ തൃപ്പാദത്തിൽ സമർപ്പിച്ചാൽ-"
കുഞ്ചുമായിറ്റിപ്പിള്ള: "നോക്ക്, എന്റെ കണ്ണിൽ പൊടിയിടാൻ നോക്കാതെ. നീയല്ലാണ്ടു തമ്പുരാൻ ഏതെടാ, തിരുവടിയേതെടാ?"
ദിവാൻജി: "നില്ക്കണേ. ഇതുപോലെ മറ്റു ചിലർക്കും ഒരു ഭ്രമമുണ്ട്. നിറയെ ഉണ്ടുകൊണ്ട് അങ്ങു ചെന്നാൽ എല്ലാം ദഹിച്ചു വിയർത്തു നാറിത്തിരിച്ചുപോരുന്നത് അവർക്കറിയാം. വെളിയിലിറങ്ങുമ്പോൾ ചിലർ ഞെളിയും-മീശ മുറുക്കും, കൊമ്പുയർത്തും-നേരറിയണമെങ്കിൽ കൂടെ വരണം. പെരിഞ്ചക്കോട്ടെ എലംകത്തിൽ പ്രതിഷ്ഠ എന്ത്, അവിടെ കുടിയിരുത്തിയിരിക്കുന്ന യക്ഷി ഏത് എന്നു സൂക്ഷ്മമായി കല്പിച്ചില്ലെങ്കിൽ ഞാൻ ഇവിടംവിട്ടു മച്ചമ്പിയുടെ കൂടെ ഇറങ്ങിപ്പോരാം."
കുഞ്ചുമായിറ്റിപ്പിള്ള: "അയ്യെടാ! എന്നാൽപ്പിന്നെ ആ പറപാണ്ടയുടെ തുൽപ്പു കിട്ടാത്തതെന്ത്?"
ദിവാൻജി: "ശരി മച്ചമ്പി, ശരി! പക്ഷേ, അതൊന്നും ഇങ്ങോട്ടു കൊണ്ടുവരണ്ട. ഞാനും നാലു തരത്തിലും സ്ഥലത്തും സഞ്ചരിച്ചിട്ടുള്ളവനാണ്. കോളും കുറിയും എനിക്കും കുറേശ്ശ അറിയാം. പറപാണ്ട ആരെന്നു കല്പിക്കണമോ? അവിടുത്തെ കാല്പൊടിയേറ്റു കിടക്കുന്ന ഞാനേ പറഞ്ഞേക്കാം. കണ്ണടച്ചു തുറക്കുന്നതിനു മുമ്പു ഞാൻ അവനെ കഴുകിലാക്കുകയും ചെയ്യാം."
അരുവിയോടടുക്കുമ്പോൾ കെട്ടിപ്പെരുകി പ്രശാന്തമായി വട്ടമിടുന്ന ജലം കീഴ്പോട്ടുള്ള പ്രപാതം തുടങ്ങുമ്പോൾ ബൃഹത്തായുള്ള തുമ്പിക്കൈപോലെ സ്വരൂപിച്ചു ശിരഭ്രമം ഉണ്ടാക്കുംവണ്ണം ദ്രുതപ്രവാഹം ചെയ്യുമ്പോലെ പെരിഞ്ചക്കോടന്റെ കായോന്നതി ഒന്നു വർദ്ധിച്ചു. അയാളുടെ മുഷ്ടികൊണ്ട് അരയിലുണ്ടായിരുന്ന ഒരു വിഷമുനക്കഠാരിയെ വലിച്ചൂരി മുന്നോട്ടു കുതിച്ചു. ആ നാഗാസ്ത്രത്തിനു പ്രത്യസ്ത്രമായി ദിവാൻജിയുടെ കൈയിൽ തലയിണയ്ക്കിടയിൽനിന്നെടുക്കപ്പെട്ട ഒരു ആഗ്നേയാസ്ത്രത്തിന്റെ അയസ്തൂണ്ഡം രജതപ്രഭകളെ വിതറിത്തുടങ്ങി. അതു കണ്ടിട്ടും പെരിഞ്ചക്കോടൻ ഉയർത്തിയ കാൽ ഉറപ്പിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ നിന്നു ചാഞ്ചാടി. "ഇനി അതും നടക്കട്ടപ്പീ! പിള്ളരു പട്ടിണി കെടന്നുപോവൂല്ല. അതു പെരിഞ്ചക്കോടൻ കരുതിയിട്ടുണ്ട്. നിന്റെ ചെൽവും എവിടെച്ചെന്നു നിക്കുണോന്നു പിന്നെയും കേക്കണേ?"
ആ കാലം, കുലധനക്ഷയങ്ങൾ നേരിട്ടു, കയ്യാങ്കളിയും ഓണപ്പടയും കൊണ്ടോട്ടവും ഇതിഹാസങ്ങളായി, സേനാനേതൃത്വം വഹിച്ചുവന്ന സമുദായങ്ങളുടെ നായകത്വത്തിന് അവസാദം വന്നു തീർന്നിട്ടുള്ള ദുർദ്ദശയ്ക്കു പൂർവ്വമായിരുന്നു. അതിനാൽ ദിവാൻജിയും പെരിഞ്ചക്കോടനും പരസ്പരനിലകളെ ആദരിച്ച് അഭിമാനപരതന്ത്രന്മാരായി ക്ഷണനേരം നിന്നുപോയി. എന്നാൽ തന്റെ മർമ്മരഹസ്യം പുറത്തായിരി