താൾ:Puthenpaana.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
91
 

വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!
ഭൂമിയിൽ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖമെന്തിതു പുത്ര!
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്രാ!
കല്ലിനേക്കാളുറപ്പേറും യൂദർ തന്റെമനസ്സയ്യോ
തെല്ലുകൂടെയലിവില്ലാതെന്തിതു പുത്രാ!
സർവ്വലോകനാഥനായ നിന്മരണം കണ്ടനേരം
സർവദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണ്ടുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്ര!
നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കിൽ
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാൻ
എന്മനസ്സിൽ തണുപ്പില്ല നിർമ്മല പുത്ര!
വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!
നിൻചരണചോരയാദം തൻശിരസ്സിലൊഴുകിച്ചു
വൻചതിയാൽ വന്നദോഷമൊഴിച്ചോ പുത്ര!
മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്ര!
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്നദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!
ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്കു തുറന്നോ പുത്ര!
ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
അദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!
മുമ്പുകൊണ്ട കടമെല്ലാം വീട്ടിമേലിൽ വീട്ടുവാനായ്
അൻപിനോടു ധനം നേടി വച്ചിതോ പുത്ര?
പള്ളിതന്റെയുള്ളകത്തു വെച്ചനിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!
പള്ളിയകത്തുള്ളവർക്ക് വലയുമ്പോൾ കൊടുപ്പാനായ്

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/93&oldid=216063" എന്ന താളിൽനിന്ന് ശേഖരിച്ചത്