ഒൻപതു വൃന്ദം മാലാഖമാർ നിന്റെ
മുൻപിലാദരിച്ചെപ്പോഴും നില്ക്കുന്നു 63
ദേവാ നിന്നുടെ ശുശ്രൂഷയാസ്ഥയായ്
സേവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു 64
മൺപാത്രം കഴിഞ്ഞുള്ളവൾ ഞാനല്ലോ
ഇപ്രകാരം ഞാനെന്തു മോഹിക്കുന്നു. 65
കാരുണ്യത്തിന്റെ വിസ്മയത്താലെ നീ
പരിപൂർണ്ണമെനിക്കു വരുത്തുക 66
സൂര്യവേഷത്തെ നോക്കുമതുപോലെ
ദൂരെയെങ്കിലും കണ്ടാവൂ നിൻ പ്രഭ 67
ഈവണ്ണം നിത്യമ്മാനസേ ചിന്തിച്ചു
ദൈവാനുഗ്രഹം പാർത്തിടും കന്യക 68
അന്യഭാവമുണ്ടാകരുതെന്നുമേ
മാനസത്തിലുറച്ചിതു നിശ്ചയം 69
മാംസമോഹങ്ങളേയറച്ചവൾ
കന്യാത്വം നേർന്നു സർവ്വേശ സാക്ഷിണി 70
പന്തീരണ്ടു വയസ്സു തികഞ്ഞപ്പോൾ
ഭർത്താവാരിവൾക്കെന്ന വിചാരമായ് 71
വിവാഹം ചെയ്ത കന്യയ്ക്കു പുത്രനായ്
ദേവൻ ജനിപ്പാൻ കല്പിച്ച കാരണം 72
സ്ത്രീവർഗ്ഗമെല്ലാം വേൾക്കണമെന്നത്
പൂർവ്വകല്പനയായതറിഞ്ഞാലും 73
ഈവണ്ണം നരജന്മത്തിലാരുമേ
ഭൂമിയിലുണ്ടായില്ലെന്നു നിശ്ചയം 74
രൂപസൗന്ദര്യം മഹാവിരക്തിയും
ഉപാക്ഷാപേക്ഷ സുക്രമ നീതിയും 75
ദേവസേവയും ശാസ്ത്രവിജ്ഞാനവും
ഇവയിങ്ങനെ കണ്ടവരാരുള്ളു 76
ഇക്കന്യയുടെ മുഖത്ത് നോക്കുമ്പോൾ
ശങ്കരാചാരങ്ങൾ പറഞ്ഞുകൂടുമോ? 77
ദേവിയില്ലെന്നു ശാസ്ത്രത്തിൽ കണ്ടു നാം
ഇവൾ ദേവിയെന്നോർത്തു പോമല്ലെങ്കിൽ 78
ഇവൾക്കു തുണയാകുവാൻ യോഗ്യനെ
ദ്യോവിൽ നിന്നങ്ങു വരുത്തിക്കൂടുമോ? 79
താൾ:Puthenpaana.djvu/23
Jump to navigation
Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
21
