ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
25
ആശാൻ――“ഉണ്ടു്. പക്ഷേ അതു സംസ്കൃതമാണു്. രാഘവനു അതു വായിച്ചാൽ മനസ്സിലാകയില്ല―― ഞാൻ വായിച്ച് അൎത്ഥം പറഞ്ഞുകേൾപ്പിച്ചു തരാം.”
ആശാൻ ആരണ്യകാണ്ഡം 16-ാം സർഗ്ഗമെടുത്തു വായിച്ചു അൎത്ഥം പറഞ്ഞു. രാഘവൻ വളരെ രസത്തോടുകൂടി കേട്ടുകൊണ്ടിരുന്നു. വായന തീർന്നപ്പോൾ രാഘവൻ ചോദിച്ചു:―― “ഈ വലിയ പുസ്തകം മുഴുവൻ രാമായണമാണോ?”
ആശാൻ―― “രാമായണം തന്നെ. രാഘവനു വായിക്കണമെന്ന് താല്പര്യം തോന്നുന്നുണ്ടോ? ഇതിലെ അക്ഷരം ‘ഗ്രന്ഥാക്ഷരമാണു് ’ ഇതാ നോക്കൂ.”
രാഘവൻ―― (രാഘവൻ പുസ്തകം വാങ്ങി സൂക്ഷിച്ചുനോക്കീട്ട്) “ഇതിലെ ചില അക്ഷരങ്ങൾ മലയാളം പോലെയിരിക്കുന്നു.”
ആശാ――“ചില അക്ഷരം മലയാളം പോലെയും, ചിലതു തമിഴു പോലെയും ഇരിക്കും. എട്ടുപത്തു പദ്യങ്ങൾ മലയാളത്തിൽ എഴുതി പഠിച്ച് അതിന്റെ ഓർമ്മവച്ചു വായിച്ചാൽ എളുപ്പം ഗ്രന്ഥാക്ഷരം വായിക്കാം.”
രാഘ - “വായിച്ചതുകൊണ്ടായില്ലല്ലോ. അൎത്ഥവും കൂടി അറിയണമല്ലോ.”
ആശാ―― “അഞ്ചോ പത്തോ ശ്ലോകമെഴുതി അൎത്ഥത്തോടുകൂടി പഠിക്കുക, അല്പകാലം കൊണ്ട് വാല്മീകി രാമായണം രാഘവനും തന്നത്താൻ വായിച്ചു രസിക്കാനുള്ള കഴിവുണ്ടാകും.”