കുഴങ്ങിനിന്ന രാഘവൻ കണ്ടില്ല. മൈഥിലി അതിനാൽ മാല കൈയിൽ കൊടുക്കാതെ, അവന്റെ കഴുത്തിലിട്ടു കൊടുത്തു. രാഘവൻ മുഖമുയൎത്തി. മൈഥിലി ചിരിച്ചു കൊണ്ട് ഓടിപ്പോയി.
അണ്ണാവിയോടു് അനുജ്ഞയും വാങ്ങി, രാഘവനെയും കൂട്ടിക്കൊണ്ട് ആശാൻ നന്താവനത്തിലേക്കു തിരിച്ചു.
രാമപുരം ക്ഷേത്രത്തിൽനിന്നും അരക്കാതം വഴി കിഴക്കായി, മതിലിച്ചിറ എന്നു വിളിച്ചുവരുന്ന ഒരു വലിയ സരസ്സുണ്ടായിരുന്നു. വെള്ളാമ്പലും ചെന്താമരയും
നിറഞ്ഞ മനോഹരമായ ആ പൊയ്കയിലെ നിൎമ്മലജലം, തീരപ്രദേശങ്ങളിൽ ജനവാസം ഇല്ലാതിരുന്നതുകൊണ്ടു്, മലിനമാകാതെ കിടന്നിരുന്നു. രാമപുരത്തേലായുടെ തലച്ചിറയിലേക്കു് മതിലിച്ചിറയിൽ നിന്നു ഒരു വലിയ തോട്, വെട്ടിവിട്ടിട്ടുണ്ടായിരുന്നതിനാൽ, ജലം കെട്ടിനിന്നുണ്ടാകുന്ന ദോഷവും അതിനെ ബാധിച്ചിരുന്നില്ല. ചിറയുടെ പടിഞ്ഞാറുവശം ഒഴിച്ചു ശേഷം മൂന്നു ഭാഗങ്ങളും പെരുംകാടുകളായിരുന്നു. ഈ കാടുകളിൽ ദുഷ്ടമൃഗങ്ങളുടെ ശല്യം തീരെ ഇല്ലാതിരുന്നതു് വനവാസക്കാലത്തു ശ്രീരാമൻ കുറെക്കാലം ഇവിടെ വശ്രമിച്ചതുകൊണ്ടാണെന്നു് ആളുകൾ പറഞ്ഞിരുന്നു. മൈഥിലി കുളിച്ച സരസ്സായതുകൊണ്ടാണു് ആ ചിറയ്ക്കു മതിലിച്ചിറ എന്നും പേരുണ്ടായതത്രേ!
ഈ ചിറയുടെ വടക്കേക്കരയിൽ എട്ടുപത്തേക്കർ സ്ഥലം കാടില്ലാതെ തെളിഞ്ഞു കാണപ്പെട്ടിരുന്നു. അ