താൾ:NijanandaVilasam-SriChattampiSwamikal.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)


അപ്രകാരം തന്നെ ആത്മസത്തയോടുകൂടിയ അഹംകാരവും അവയെ എന്റേതു എന്നു വ്യാപിക്കുമ്പോൾ ഖണ്ഡാഖണ്ഡങ്ങളായ ആ ആകൃതികളുടെ അളവിനൊത്ത പരിണാമത്തെ പ്രാപിച്ച് അവയെ വ്യാപിച്ച്, സ്വസ്വഭാവമായ സ്വശക്തിയിനാൽ ഭേദപ്പെടുത്തി നില്ക്കും. സ്വസ്വഭാവമായ അഹംകാരശക്തി, ആത്മശക്തിയാകയാൽ, ആത്മാവേ ആനന്ദസ്വരൂപമായിരിക്കയാൽ, എല്ലാവർക്കും ആനന്ദമേ ഇഷ്ടവസ്തുവായി കാണപ്പെടുകയാൽ, ആ ഇഷ്ടവസ്തുവെത്തന്നെ സ്വന്തമെന്നു പറകയാൽ, ആ ആത്മശക്തിയായ സ്വന്തമെന്ന പ്രിയവൃത്തി ആ അഹംകാരവ്യാപകത്തോടും സകലതും കലർന്നു നില്ക്കും. ആവിധ പ്രിയവൃത്തി ആനന്ദസ്വരൂപമായ ആത്മശക്തിയാകയാൽ അതിൽ മാത്രമായി ആനന്ദവും അവയിൽ പ്രതിഫലിച്ചു ഉള്ളിലും വെളിയിലും നിരന്തരമായി പൂർണ്ണമായി പ്രകാശിക്കും.

ഈ ആനന്ദത്തെയും ഇതെന്ന ബുദ്ധിവ്യാപകത്തെയും ഖണ്ഡാഖണ്ഡങ്ങളായ വി‌ഷയവൃത്തികളെയും വ്യാപിച്ച് അഭേദമായി കാട്ടി പ്രകൃതിജ്ഞാനത്തെ മറച്ച് മൂർച്ഛിച്ചത് അഹങ്കാരത്തിൻ തമോഗുണമാകയാൽ അതിനെ നീക്കിയാൽ ഖണ്ഡാഖണ്ഡങ്ങളായ ഈ അഹങ്കാരവും അതിനാൽ വ്യാപിക്കപ്പെട്ട ഇതെന്ന ബുദ്ധിവൃത്തിയും അതിനാൽ വ്യാപിക്കപ്പെട്ട ഖണ്ഡാഖണ്ഡങ്ങളായ വി‌ഷയവൃത്തിയും അവയുടെ ഉള്ളും വെളിയും വ്യാപിച്ച് ആത്മാനന്ദത്തെ അവകളിൽ പരിപൂർണ്ണമാക്കിച്ചെയ്ത് പ്രകാശിച്ച ആത്മശക്തിയാകുന്ന സ്വസ്വഭാവമെന്ന പ്രിയവൃത്തിയും വിവേകജ്ഞാന ത്തോടുകൂടി അനുഭവത്തിനു സിദ്ധിക്കും. അവകളെ പറഞ്ഞപ്രകാരം നിദാനത്തോടനുഭവിച്ച് രജോഗുണത്തെയും നീക്കേണ്ടതാണ്.

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/76&oldid=166019" എന്ന താളിൽനിന്ന് ശേഖരിച്ചത്