നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ഖണ്ഡാഖണ്ഡങ്ങളെ പിരിച്ചുകാണാൻ ഇടകൊടുക്കാതെ ഏകാകാരമായി സ്വന്തപ്പെടുത്തി മൂർച്ഛിപ്പതു തമോഗുണ വികാരങ്ങളാകും.
ആയതിനാൽ അഖണ്ഡവിഷയത്തിലുദിച്ച അഖണ്ഡങ്ങളായ വിഷയങ്ങളെ നിദാനിച്ചു അവയിൽ കാണപ്പെടുന്ന ഗുണങ്ങളെയും നിർണ്ണയിച്ച്, ആ ഗുണങ്ങളെയും ആ ഗുണികളാകുന്ന വിഷയങ്ങൾക്കു അന്യമായിട്ടു കണ്ട്, അവയെ പഞ്ചേന്ദ്രിയങ്ങളാൽ വിഷയീകരിക്കപ്പെടുമ്പോൾ അവിടെ വിഷയങ്ങളായുദിച്ച ആ ഗുണികൾ കാണപ്പെടാതെ ശൂന്യമായിട്ടു നീങ്ങിപ്പോകും. ഗുണികളായ വിഷയങ്ങൾ നീങ്ങുമ്പോൾ ആധാരമറ്റ് ആ ഗുണങ്ങളും വിട്ടുപോകും. ആ ഗുണികളായ വിഷയങ്ങളുടേയും ഗുണങ്ങളുടെയും അളവു പോലെയുള്ള വൃത്തികൾ മാത്രം ഖണ്ഡാഖണ്ഡങ്ങളായിട്ട് ആകാശത്തിൽ കുറിക്കുന്ന രേഖകൾ എന്നപോലെ ഭവിക്കപ്പെടും. അപ്രകാരംതന്നെ മുൻ ഖണ്ഡാഖണ്ഡങ്ങളായി ഭവിച്ച ഭൗതികങ്ങളായ വിഷയങ്ങൾക്കാധാരമായിനിന്ന ഭൂതങ്ങളായ അഖണ്ഡവിഷയങ്ങളെയും ഇല്ലാതെ കണ്ട് തള്ളുമ്പോൾ അവകളും നീങ്ങി അവകളുടെ അളവു പാലെയുള്ള രൂപാദി വികാരമറ്റ വ്യാപകവൃത്തി മാത്രമായി കാണപ്പെടും. ആ അവസ്ഥയിൽ ഖണ്ഡമായ വിഷയങ്ങളും അവയ്ക്കാധാരമായ അഖണ്ഡവിഷയങ്ങളും ഭൂതഭൗതിക വികാരങ്ങളെ വിട്ട് ഖണ്ഡാഖണ്ഡവൃത്തി മാത്രമായിരിക്ക കൊണ്ട് അവയെ ഇതെന്നു വ്യാപിച്ച ബുദ്ധിവൃത്തിയും ഭൂതഭൗതികവികാരങ്ങളെ അഭിമുഖപ്പെടാതെ ഖണ്ഡാഖണ്ഡങ്ങളായ വിഷയാകാരങ്ങളായി പരിണമിച്ച് വ്യാപിച്ച് സ്വശക്തിയാൽ ഇതെന്നു കുറിച്ചു നിൽക്കും.