നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
വിഷയം, ബുദ്ധി ഈ രണ്ടിനും രണ്ടു സ്വരൂപങ്ങൾ മറ്റൊരു ഇരിക്കുന്നു. അവയിൽ ഒന്നു വികാരവും നിർവികാരവുമാകും. തമോഗുണം വികാരങ്ങളെ ചേർന്നിരിക്കും. അതിനെ അറിയും പ്രകാരത്തെ വിചാരിക്കിൽ, ഈ നമ്മുടെ രാജ്യം നമുക്കു ഏറിയ ലാഭത്തെ തരത്തക്കതായുള്ള ഇഷ്ടവസ്തുവാകുന്നു എന്ന വൃത്തി ഉദിക്കുമ്പോൾ വിചിത്രങ്ങളായ ഗുണഭേദങ്ങളെ ഉടയ നാനാവസ്തുക്കളോടുകൂടിയ രാജ്യം ആ വൃത്തിയിൽ ഉള്ള പ്രകാരം ചൂണ്ടി, അപ്പോൾ ഇഷ്ടവസ്തുവായിട്ടു രാജ്യം പ്രകാശിച്ച്, ഇങ്ങനെ ഇതു നമുക്കു ഇഷ്ടവസ്തുവെന്ന പ്രിയം നടിച്ച്. ആനന്ദിച്ച്, ആ പ്രിയത്താൽ മുൻപറഞ്ഞ പ്രകാരം ക്ഷണമാത്രം മൂർച്ഛിച്ച് വിഷയഭാവം കൂടാതെ ആനന്ദാനുഭവം ഉദിച്ച് അതോട് വിഷയവിഷയിയായി ഭേദാഭാവം കണ്ട്, ആ ആനന്ദത്തെ വിഷയങ്ങളിൽ ഉണർന്നു സന്തോഷിക്കുമാറു കാണപ്പെടുകയാൽ നാനാവിഷയങ്ങളായി തോന്നിയ രാജ്യരൂപമായ ഭിന്നഭിന്ന വിഷയങ്ങളും ആ വിഷയാകാരവൃത്തികളും ഖണ്ഡങ്ങളായിരുന്നാലും അവയ്ക്കു ആധാരമായിരുന്ന വിഷയവും ആ വിഷയാകാരവൃത്തിയും അഖണ്ഡമായിരിക്കയാൽ ഖണ്ഡമായും അഖണ്ഡമായും രണ്ടു രൂപങ്ങളെ വിഷയവും വിഷയാകാരമായി പരിണമിച്ച വൃത്തിയും ഉള്ളവയാകും. അപ്രകാരം തന്നെ അതിനെ "ഇതു വിഷയം" എന്നു ചൂണ്ടിയ വൃത്തിയും ഖണ്ഡമായും അഖണ്ഡമായും രണ്ടൂ രൂപങ്ങളോടുകൂടിയതാകും. അപ്രകാരം തന്നെ "ഇത് നമ്മുടെ" എന്ന് ആത്മസത്തയാൽ ഖണ്ഡമായും അഖണ്ഡമായും അഹങ്കാരം പരിണമിച്ചു വ്യാപിച്ച് അവയെ സ്വന്തമായി ഭാവിക്കയാൽ ആ അഹംകാരോപാധിയോടുകൂടിയ ആത്മസത്തയും രണ്ടുരൂപത്തോടുകൂടിയതാകും. ഇവയിൽ ഖണ്ഡങ്ങളായ രൂപങ്ങൾ രജോഗുണവികാരങ്ങളാകും. അഖണ്ഡങ്ങളായ രൂപങ്ങൾ സത്ത്വഗുണവികാരങ്ങളാകും.