നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
അഹന്ത താദാത്മ്യപ്പെടുന്ന വിധം. ഇനി ഇതിനെ അപ്പുറപ്പെടുത്തുന്ന വിവരം പറയാം:
നീ ഉണർന്നിരിക്കുമ്പോൾ സുഷുപ്തിദശയെ പ്രാപിക്കാതെ പ്രാപിച്ച്, അനന്തരം അതിൽ നിന്നും അഹന്തയും ഉദിപ്പിച്ച്, എങ്ങനെ ഘടപടാദികളെ ഇന്ദ്രിസത്തയാൽ വ്യാപിച്ച് അനുഭവിക്കുമ്പോൾ ഘടപടാദി നാമരൂപങ്ങളോടുകൂടി അനുഭവിക്കപ്പെടുന്നതുപോലെ തന്നെ അവറ്റിൻ നാലു പാർശ്വങ്ങളിലും നാമരൂപങ്ങളില്ലാതെ നിരാകാരമായൊരു വ്യാപകചൈതന്യം നിർവിഷയമായനുഭവിക്കപ്പെട്ട് അതിൽ ഘടപടാദി നാമരൂപങ്ങൾ കാണപ്പെടാത്തതുകൊണ്ട് ഘടപടാദ്യഭാവം കല്പിക്കപ്പെട്ട്, ആ വ്യാപകചൈതന്യാനുഭവം തന്നെ കല്പിക്കപ്പെട്ട ആ അഭാവവൃത്തിയിൽ പ്രതിബിംബിച്ച്, ആ അഭാവവൃത്തിയെ അഭാവമായി പ്രകാശിപ്പിച്ച് കാണപ്പെടുന്നോ അങ്ങനെതന്നെ, ആ അഹംകാരവൃത്തി പ്രതിബിംബിതചൈതന്യപ്രകാശബലത്താൽ ആ അഹംകാര വൃത്തി സ്ഫുരിച്ചു പ്രകാശിപ്പിക്കേ അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യം അതിങ്കൽ ഉള്ളടങ്ങിയതാകാതെ, ആ അഹങ്കാരം ഘടപടാദികളെപ്പോലെ ജഡമായും ഖണ്ഡമായും ഉള്ള വിധത്തോടുകൂടിയതാകയാൽ, ഖണ്ഡമായ ജഡത്തെ പ്രകാശിപ്പിക്കുന്ന ചൈതന്യം അഖണ്ഡമാകയാൽ ആ അഖണ്ഡചൈതന്യം ആ അഹന്തയുടെ ഉല്പത്തിക്കു മുമ്പും ഉല്പത്തിക്കു പിമ്പും ഉല്പത്തിദശയിലും ആയ സകല പാർശ്വങ്ങളിലും അറിഞ്ഞ് വ്യാപിച്ചനുഭവിപ്പതിനാൽ അപ്രകാരം വ്യാപിചനുഭവിക്കേ ഈ അഹന്ത ഉദിച്ചതുകൊണ്ട് ഈ അഹന്തയുടെ അനുഭവവും ഈ അഹന്ത ഉദിക്കാത്തതു കൊണ്ട് മുൻ സ്ഥലത്തു ഇതിന്റെ അഭാവാനുഭവവും കാണപ്പെടും.