നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
വസ്തുക്കളുടെ അനുഭവത്തെ ഒരവസ്ഥയായിട്ടു പറയുന്നത് നീതിയാകയില്ല. ഈ സ്വപ്നാവസ്ഥ അസത്യവും ജാഗ്രദവസ്ഥ സത്യവുമായതു കൊണ്ട് ഈ രണ്ടവസ്ഥകൾക്കും ഭേദമുള്ളതായിട്ടുണ്ട് എന്നു പറയാമെങ്കിലും ജാഗ്രദവസ്ഥ സത്യമായി സിദ്ധിച്ചാൽ അതു ശരി. സിദ്ധിച്ചില്ലെങ്കിൽ ഭേദവും സിദ്ധിക്കയില്ല. അതു എങ്ങിനെയെന്നാൽ, ജാഗ്രദവസ്ഥയിൽ അനുഭവിക്കപ്പെട്ട വസ്തുക്കൾ സ്വപ്നാവസ്ഥയിൽ കണ്ട വസ്തുക്കളെക്കാളും ഭിന്നപ്പെടായ്കയാൽ പദാർത്ഥഭേദം സിദ്ധിക്കയില്ല. അനുഭവഭേദം സിദ്ധിക്കാമെന്നാൽ, അനുഭവം എന്നതു ഏതിന്റെ വ്യാപാരമെന്നു നോക്കിയാൽ, കേവലം ബഹിഷ്കരണങ്ങളുടേതുമല്ല, അന്തഃകരണങ്ങളുടേതുമല്ല. രണ്ടിന്റെയും സംബന്ധബലത്താൽ ആകുന്നുവെന്നാൽ, ഇതുകൾ സകലതും ജഡമാകയാൽ ആത്മപ്രകാശത്തെ അപേക്ഷിച്ചു തന്നെ മുൻപറഞ്ഞ അനുഭൂതി സിദ്ധിക്കേണ്ടതാണ്. അവനോ ദ്രഷ്ടാ; മറ്റുള്ള സകലതും ദൃശ്യം; ദൃശ്യമശേഷവും ഘടതുല്യമാകയാൽ, ഘടത്തിന് ജാഗ്രദാദ്യവസ്ഥകൾ സിദ്ധിക്കാത്തതു പോലെ, ഇവകൾക്കും സിദ്ധിക്കയില്ല. ദ്രഷ്ടാവിന്റേതാകാമെന്നാൽ, അവസ്ഥകളെ കടന്ന് സാക്ഷിയായിരിക്കുന്നവനെ എങ്ങിനെ സംബന്ധിക്കും? മേലും ഈ അവസ്ഥകൾ സുഷുപ്തിയിൽ കാണപ്പെടായ്കയാൽ ആത്മസംബന്ധം ഇല്ലെന്നുമാകും. ഈ ആത്മസംബന്ധത്തെ വിട്ടു നീങ്ങി ഒരു വസ്തുവും ഒരിടത്തും ഇരിക്കുമെന്നു സിദ്ധിക്കായ്കയാൽ അവസ്തുവുമാകും. അതോ, തോന്നിയും കാണാതെ മറഞ്ഞും വിവേകത്താൽ ബാധിക്കപ്പെടും. ഉള്ളത് അധിഷ്ഠാനത്തീന്നു കാലത്രയത്തിലും വേർപെടാതെ അധിഷ്ഠാനമായിത്തന്നെ സിദ്ധിക്കും. സ്വപ്നദ്രഷ്ടാവായ ആത്മാവിനെ ഒഴിച്ച് സ്വപ്നോത്ഥാനസമയത്തിൽ സ്വപ്നപ്രപഞ്ചമശേഷവും വേർപെടാതെ ആത്മമാത്രമായി