താൾ:NijanandaVilasam-SriChattampiSwamikal.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശി‌ഷ്യൻ: സു‌ഷുപ്തി മുതൽ മുൻ പറയപ്പെട്ട അവസ്ഥകളിൽ ജീവനായത് അവസാനത്തു കൂടസ്ഥബ്രഹ്മത്തിനു വേറായിട്ടില്ലാതെ ലയിക്കപ്പെട്ടു എന്നതിനാൽ ആത്മപ്രാപ്തി എല്ലാവർക്കും ശരിയായിരിക്കുമ്പോൾ ജ്ഞാനി ഒരുത്തൻ മാത്രം ബ്രഹ്മപ്രാപ്തി ഉള്ളവനെന്നും, അവൻ മാത്രം ജനിക്കയില്ലെന്നും, മറ്റുള്ളവർ ബ്രഹ്മപ്രാപ്തി കൂടാതെ ജനിക്കുമെന്നും ഉള്ളതു എങ്ങിനെ ചേരും?

ആചാ: ആ അവസ്ഥകളിൽ ജീവന്മാർ ബ്രഹ്മപ്രാപ്തിയെ പ്രാപിച്ചിരുന്നിട്ടും ബ്രഹ്മജ്ഞാനം കൊണ്ട് അവരൂടെ കർമ്മങ്ങൾ ദഗ്ദ്ധമാകാത്തതിനാൽ, വിചിത്രശക്തിയോടു ചേർന്ന് ആ കർമ്മവാസനയാൽ ബ്രഹ്മവിലക്ഷണരായിട്ട് ആ ജീവന്മാർ ഉത്ഥാനദശയിൽ ഭവിക്കുന്നു. എന്നാൽ മരണദശയെന്നതിൽ ഉത്ഥാനത്തിനു ഹേതുവില്ലായ്കയാൽ അവർക്കും എങ്ങിനെ ജനനം വരാം എന്നാൽ, വ്യവഹാരോപയോഗിയായ ഉത്ഥാനമില്ലായ്കയാൽ മരണമെന്നു പറയപ്പെട്ടു എന്നല്ലാതെ ലിംഗശരീരം, കാരണ ശരീരം ഇവകൾ ബ്രഹ്മജ്ഞാനം കൊണ്ട് വിട്ടുനീങ്ങാതിരിക്കുന്ന കാലമത്രയും ആ ഉപാധിയോടു ചേർന്ന ജീവൻ, ദേശാന്തരം പോയ പുരു‌ഷൻ അവിടെ ജീവിച്ചിരിക്കേ അവൻ ചിലരുടെ ദൃഷ്ടിക്കു മാത്രം കാണപ്പെടാതെയിരിക്കേ അതുകൊണ്ട് അവൻ മരിച്ചവനാകാത്തതുപോലെ, മരിച്ചവനാകയില്ല. ഇപ്രകാരം ബ്രഹ്മജ്ഞാനി ഒരുത്തൻ തന്നെ മുക്തനാകും. ഇപ്രകാരം തെളിഞ്ഞാലും.

(അപ്രകാരം തന്നെ ശി‌ഷ്യൻ തെളിഞ്ഞു. ആചാര്യൻ അനന്തരം സംശയമുദിക്കാതെ കാത്തുരക്ഷിക്കും നിമിത്തം ചില രഹസ്യങ്ങളെ അരുളിച്ചെയ്യുന്നു.)

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/100&oldid=165963" എന്ന താളിൽനിന്ന് ശേഖരിച്ചത്