താൾ:Kundalatha.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മുള്ള നിർജീവവസ്തുക്കൾക്കുംകൂടി തങ്ങളുടെ ഉന്മേഷവും പ്രസന്നതയും പകരുന്നുവോ എന്നു തോന്നും.

പൂമുഖത്തിന്റെ ഇടത്തും വലത്തും ഭാഗങ്ങളിൽനിന്നും രണ്ടു കോണികൾ മേല്പെട്ടു പോകുവാനുണ്ട്. കയറിച്ചെന്നാൽ ഒരു വലിയ ഒഴിഞ്ഞ മുറിയിൽ എത്തും. ആ മുറി വളരെ തട്ടെകരവും ദീർഘവിസ്താരവും ഉള്ളതും ചുറ്റും വിശാലമായ വ്രാന്തയോടുകൂടിയതുമാണ്. പുറമേ ആരെങ്കിലും വന്നാൽ അവരെ സല്ക്കരിക്കാനുള്ള സ്ഥലമാണ്. അതിൽ പലവിധമായ ആസനങ്ങൾ, കട്ടിലുകൾ, കോസരികൾ, ചാരുകസാലകൾ, മേശകൾ, വിളക്കുകൾ, ചിത്രങ്ങൾ മുതലായവയുണ്ടു്. അതിന്റെ പിൻഭാഗത്തു് അതിലധികം വലുതായവേറൊരു ഒഴിഞ്ഞ മുറിയുണ്ട്. അതിൽ മേല്പറ‍ഞ്ഞവ യാതോന്നുംതന്നെയില്ല. ആയതു് പുറത്തു് ഇറങ്ങി കളിക്കുവാൻ കഴിയാത്ത കാലങ്ങളിൽ പന്താടുവാനും മറ്റു് ഉല്ലാസകരമായ വ്യായാമങ്ങൾക്കും ഉള്ള സ്ഥലമാണ്.

ഈ രണ്ടു് അകങ്ങൾക്കും വിസ്താരമുള്ള ജനലുകൾ നാലും പുറത്തും വളരെ ഉണ്ടാവുകയാൽ വായുസഞ്ചാരം നല്ലവണ്ണമുണ്ട്. മാളികയുടെ മുകളിൽ വിശേഷവിധിയായി വേറെ ഒന്നും ഉണ്ടായിരുന്നില്ല.

താഴത്തു് പൂമുഖത്തിൽ നിന്നും അകായിലേക്കു കടന്നാൽ, മുകളിൽ ഉള്ളതിന്നു നേരെകീഴിൽ, അതുപോലെതന്നെ ഒഴിഞ്ഞ രണ്ടു സ്ഥലങ്ങൾ ഉണ്ട്. അതിൽ ഒരുസ്ഥലം ആയുധശാലയാണ്. അതിനുള്ളിൽ പലവിധമായ വാളുകൾ, വെട്ടുകത്തികൾ, കട്ടാരങ്ങൾ, കുന്തങ്ങൾ, ഈട്ടികൾ, എമതാടകൾ, ഗദകൾ, കവചങ്ങൾ, വെണ്മഴുകൾ എന്നീ മാതിരി അക്കാലത്തുപയോഗിച്ചിരുന്ന പലവിധ ആയുധങ്ങൾ, ഉപയോഗിക്കാൻ തയ്യാറാക്കിവച്ചിരിക്കുന്നതുപോലെ തെളുതെളങ്ങനെ തുടച്ചു വെടിപ്പാക്കിവച്ചിരിക്കുന്നു. ചിലതൊക്കെയും ചുമരിന്മേൽ ആണി തറച്ചു തൂക്കിയിരിക്കയാണു്. അപ്രകാരം ആയുധങ്ങൾ അടുക്കിവച്ചിട്ടുള്ളതിന്റെ ഇടക്ക് കലമാൻ, കാട്ടി മുതലായ കൊമ്പുള്ള മൃഗങ്ങളുടെ തലകൾ കൊമ്പുകളോടുക്കൂടി ഉണക്കി നിറച്ച കൃത്രിമനേത്രങ്ങളും മറ്റും വച്ചുണ്ടാക്കി ചുമരിന്മേൽ പലേടത്തും തറച്ചിരിക്കുന്നതു കണ്ടാൽ, ആ മൃഗങ്ങൾ അകത്തേക്കു കഴുത്തുനീട്ടി എത്തിനോക്കുകയോ എന്നു തോന്നും. നിലത്ത് വ്യാഘ്രം, കരടി, മാൻ മുതലായവയുടെ തോലുകൾ, രോമം കളയാതെ ഉണ്ടാക്കി പലേടങ്ങളിലും വിരിച്ചിട്ടുണ്ട്. മറ്റൊരു ഭാഗത്ത് വലിയ ആനക്കൊമ്പുകൾ, പന്നിതേറ്റകൾ, പുലിപ്പല്ലുകൾ, ചമരിവാലുകൾ, കാട്ടിക്കൊമ്പുകൾ, പുലിനഖങ്ങൾ, എന്നിങ്ങനെ നായാട്ടുക്കൊണ്ടു കിട്ടുന്ന സാധനങ്ങൾ പലതും ശേഖരിച്ചുവച്ചിരിക്കുന്നു. മേല്പറഞ്ഞ മൃഗചർമങ്ങൾ ചിലേടത്തു് മേല്ക്കുമേലായി അടുക്കിവച്ചിട്ടുള്ളതിന്മേൽ സിംഹതുല്യന്മാരായ മൂന്നു നായാട്ടുനായ്ക്കൾ നടക്കുന്നുണ്ട്. അവയുടെ മുഖത്തെ ശൂരതയും മാന്തുക്കൊണ്ടും കടിക്കൊണ്ടും ഏറ്റിട്ടുള്ള അനവധി വ്രണങ്ങളുടെ വടുക്കളും അതിതീഷ്ണ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/19&oldid=214302" എന്ന താളിൽനിന്ന് ശേഖരിച്ചത്