താൾ:Kundalatha.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

യ കുതിരപ്പുറത്തു കയറി, നായാട്ടുകാർ നിൽക്കുന്നതിന്റെ ചുററും ഓടിച്ച്, അവരോട് വാളുകൊണ്ടു് ഓരോ അടയാളം കാണിച്ചും കൊണ്ട് പോയി. ആ അടയാളത്തിന്നനുസരിച്ച് നായാട്ടുകാർ എല്ലാവരും വേഗത്തിൽ മുമ്പോട്ടു വെക്കുംതോറും അവരുടെ നടുവിലുളള വൃത്തത്തിന്റെ പരിധി ക്രമേണ ചുരുങ്ങിത്തുടങ്ങി. അതിനിടയിൽ ആ വൃത്താകാരമായ സ്ഥലത്തിന്റെ നടുവിൽ നിന്ന്, നാലുദിക്കുകളിലും മാറെറാലിക്കൊളളുംവണ്ണം ഗംഭീരമായ ഒരു കാഹളശബ്ദം മുഴങ്ങി. ആ ശബ്ദത്തിന്റെ മുഴക്കം തീരുന്നതിനു മുമ്പുതന്നെ അതേ സ്ഥലത്തുനിന്നു് ആർപ്പുംവിളികളും ഭേരികളുടെ ചടപട ശബ്ദങ്ങളും ഉച്ചത്തിൽ കേൾക്കുമാറായി. അപ്പോഴേക്കു് ഓരോ കടവുകളിലായി വട്ടത്തിൽ പതിയിരിക്കുന്ന വേടന്മാരുടെ പരിഭ്രമവും ജാഗ്രതയും ഉത്സാഹവും പറഞ്ഞാൽ തീരുന്നതല്ല. കാടിളകി മൃഗങ്ങൾ പല ദിക്കിലേക്കും പ്രാണരക്ഷക്കായി പാഞ്ഞു തുടങ്ങി. എങ്ങോട്ടു പാഞ്ഞാലും ചെന്നുവീഴുന്നത് ആ അന്തകന്മാരുടെ മുമ്പാകെത്തന്നെ. അവർ അതാ! ഇതാ! പോയി! പിടിച്ചോ! എന്നിങ്ങനെ പല വിരുതുകൾ പറയുന്നു, മൃഗങ്ങളെ അധിവിദഗ്ദ്ധതയോടും കൂടി സംഹരിക്കുന്നു. ആയുസ്സ് ഒടുങ്ങാത്ത ദുർലഭം ചില മൃഗങ്ങൾ വേടന്മാരുടെ ഇടയിൽക്കൂടി ചാടിയോടി ഒഴിച്ചു് ഇടക്കിടെ പിൻതിരിഞ്ഞു നോക്കികൊണ്ടു കുതിച്ചു പായുന്നതു കണ്ടാൽ

'പശ്യോദഗ്രപ്ലുതത്വാദ്വിയതിബഹുതരം
സ്തോകമുർവ്വ്യാം പ്രയാതി'

എന്ന സ്വഭാവോക്തിയുടെ താല്പര്യംപോലെ ആയവ അധികം നേരം ആകാശത്തിൽക്കൂടിത്തന്നെയോ പോകുന്നതു് എന്നു തോന്നും; ഭ്രസ്പർശം അത്ര കുറച്ചു മാത്രമേയുള്ളു.

വ്യാഘ്രം, കരടി, പന്നി മുതലായ വലിയ മൃഗങ്ങളെ നടുവിൽ നിന്നു കാടിളക്കിയവർ, നായ്ക്കളെകൊണ്ടും കുതിരപ്പുറത്തുനിന്നു് കുന്തങ്ങളെക്കൊണ്ടും ആട്ടിക്കൊണ്ടുവരുമ്പോൾ ചുററും നിൽക്കുന്ന വേടർ അവയെ വഴി തെററിച്ചു്, കുണ്ടുകളിലേക്കും പാറകളുടെയും വൃക്ഷങ്ങളുടെയും ഇടുക്കുകളിലേക്കും പായിച്ചു്, എങ്ങും പോകാൻ നിവൃത്തിയില്ലാതാക്കി. നാലു പുറത്തുനിന്നും പലവിധ ആയുധങ്ങൾ അവയുടെമേൽ പ്രയോഗിക്കുമ്പോൾ, പ്രാണ ഭയം കൊണ്ടുണ്ടാവുന്ന ആർത്തനാദത്തോടു കലർന്നു സ്വതേ ഭയങ്കരങ്ങളായ അവയുടെ ശബ്ദങ്ങളും നഖമുഖാദികളെക്കൊണ്ടു കാണിക്കുന്ന ഭയാനകങ്ങളായ പല ചേഷ്ടകളും നിഷ്കണ്ടകന്മാരായ ആ വേടർക്കു് ഉത്സാഹത്തെ വർദ്ധിക്കുന്നതല്ലാതെ അല്പം പോലും ദയ തോന്നിക്കുന്നില്ല. കഷ്ടം! എങ്കിലും ഈ വേട്ടയ്ക്കു വലിയ ഒരു ഗുണമുണ്ട്. മാൻ, മുയൽ മുതലായ സാധുക്കളായ മൃഗങ്ങളെ ആരും ഉപദ്രവിച്ചുപോകരുതെന്ന കല്പനയുണ്ടായിരുന്നു. അതിനാൽ ദുഷ്ടമൃഗങ്ങൾ മാത്രമെ നശിക്കുന്നുള്ളു.

മൃഗങ്ങളെ കൊന്നുകൊന്ന്, ആ വലയത്തിനുള്ളിലുണ്ടായിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/13&oldid=214292" എന്ന താളിൽനിന്ന് ശേഖരിച്ചത്