'വരവില' എന്ന നുകം
രൂപമെടുക്കുന്നു
സ്ത്രീധനത്തെക്കുറിച്ച് വേവലാതിപ്പെടാത്ത കുടുംബങ്ങൾ ഇന്ന് കേരളത്തിൽ കുറവാണ്. എന്നാൽ ഈ സമ്പ്രദായം നാട്ടിലാകെ പടർന്നുപിടിച്ചത് അൽപകാലം മുമ്പുമാത്രമാണെന്നതാണ് വാസ്തവം. മാത്രമല്ല, ഇന്ന് 'സ്ത്രീക്കു നൽകുന്ന ധന'മല്ല സ്ത്രീധനം - 'വരനു നൽകുന്ന വില'യാണ്. വിവാഹസ്ഥിരതയെക്കുറിച്ചും കുടുംബത്തിൽ ഭർത്താവിന്റെ അധികാരങ്ങളെക്കുറിച്ചുമുള്ള ധാരണകളിലുമുണ്ടായ മാറ്റങ്ങളിൽനിന്നാണ് സ്ത്രീധനമേർപ്പാട് രൂപപ്പെട്ടത്. സാമൂഹ്യമാറ്റത്തിനിടയിൽ ഉയർന്നുവന്ന തിന്മയാണ് സ്ത്രീധനമെന്നു തിരിച്ചറിയുമ്പോൾ സാമൂഹ്യമാറ്റത്തിലൂടെ അതിനെ ഇല്ലായ്മചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള ആത്മവിശ്വാസവും വർദ്ധിക്കുന്നു.
'സ്ത്രീധനം' അല്ല!
തുടക്കത്തിൽത്തന്നെ പറയാം, കേരളത്തിൽ വിവാഹങ്ങളോടനുബന്ധിച്ച് നടക്കുന്ന കൊടുക്കൽവാങ്ങലിന് 'സ്ത്രീധനം' എന്ന പേർ യോജിക്കില്ല. കല്യാണവേളയിൽ വധുവിന് സ്വന്തം കുടുംബം നൽകുന്ന സമ്മാനമാണ് 'സ്ത്രീധനം'. അതവൾക്ക് നേരിട്ടവകാശപ്പെട്ടതും സ്വന്തമായി കൈകാര്യം ചെയ്യാവുന്നതുമായ മുതലാണ്. എന്തെങ്കിലും കാരണവശാൽ അവൾക്ക് വിവാഹബന്ധം ഒഴിയേണ്ടിവന്നാൽ സ്ത്രീധനം മടക്കിക്കൊടുക്കാൻ ഭർത്താ