താൾ:Kulastreeyum Chanthapennum Undayathengane.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
float
float


കേരളത്തിന്റെ ചരിത്രകാരികൾ ജി അരുണിമ


[ജി. അരുണിമ ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സ്കൂൾ ഒഫ് സോഷ്യൽ സയൻസിൽ പ്രവർത്തിച്ചുവരുന്ന സ്ത്രീപഠന പ്രോഗ്രാമിൽ ചരിത്രകാരിയാണ്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരികചരിത്രത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മലയാളിസമൂഹത്തിന്റെ കുടുംബ-ചാർച്ചാബന്ധങ്ങളെപ്പറ്റി ഗവേഷണംനടത്തുകയും ചെയ്തിട്ടുണ്ട്. സാംസ്കാരിക നിർമ്മാണമേഖലയെക്കുറിച്ച് - സാഹിത്യം, ചിത്രകല, ഫോട്ടോഗ്രഫി, അടുത്തകാലത്തായി സിനിമ എന്നിവയെപ്പറ്റിയും മതത്തെപ്പറിയും (വിശേഷിച്ച് വിശ്വാസവ്യവസ്ഥകൾ, സ്വത്വരൂപീകരണം എന്നിവയുമായി ബന്ധപ്പെടുത്തി) അവർ എഴുതുന്നു. There comes papa: Colonialism and the Transformation of Matriliny in Kerala (2003) ആണ് അവരുടെ പ്രധാനപ്രസിദ്ധീകരണം ]

ഒരേ സമയം പലതിനെയും ഉൾക്കൊള്ളുന്നതാണ് ചരിത്രം - ജനങ്ങൾ, സ്ഥലങ്ങൾ, വസ്തുക്കൾ, ആശയങ്ങൾ, സംഭവങ്ങൾ, ഓർമ്മകൾ, ഐതിഹ്യങ്ങൾ, കഥകൾ ഇവയെയെല്ലാം ഒരേ ചരടിൽ കോർത്തിണക്കാൻ ഇതിനു കഴിയും. ചരിത്രത്തോട് എനിക്കു തോന്നിയ ഇഷ്ടത്തിനു കാരണങ്ങൾ പലതാണ്; ഞാൻ ചരിത്രരചനയ്ക്കായി സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങളും കാലത്തിൽ മാറിയിട്ടുണ്ട്. എങ്കിലും ഭൂതകാലത്തിന്റെ വശ്യമായ നിഗൂഢത, അതിന്റെ സവിശേഷമായ തീർച്ചയില്ലായ്മ - നമ്മെ നിശ്ചയമായും പിടിച്ചിരുത്തുകയും കുഴയ്ക്കുകയും ചെയ്യുന്ന ആ തീർച്ചയില്ലായ്മ - ചരിത്രപഠനത്തിലേക്ക് എന്നെ ആകർഷിച്ച മുഖ്യഘടകങ്ങളിലൊന്നായിരുന്നു. ഡൽഹിയിൽ ജനിച്ചുവളർന്ന കുട്ടിയെന്ന നിലയ്ക്ക് ചരിത്രവുമായുള്ള എന്റെ ആദ്യത്തെ ഇടപെടൽ ഇവിടത്തെ ചരിത്രസ്മാരകങ്ങളിലൂടെയായിരുന്നു - മറ്റൊരു കാലത്തെ, മറ്റു ജീവിതങ്ങളെ വിളിച്ചോതുന്ന ഇടങ്ങൾ. ഞാനൊരിക്കലും ഡൽഹിയെ 'പഠിച്ചിട്ടില്ല'; കെട്ടിടങ്ങളും ഇടങ്ങളും മനുഷ്യർ ജീവിച്ചുതീർക്കുന്ന സാമൂഹ്യചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അടുത്തകാലത്തുമാത്രമാണ് ഞാൻ അന്വേഷണമാരഭിച്ചിട്ടുള്ളത്. എങ്കിലും ഇവിടെപ്പറഞ്ഞ ആ ആദ്യസമാഗമം തുറന്നുതന്ന ചോദ്യങ്ങൾ എല്ലായ്പ്പോഴും എന്റെയൊപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭൂതകാലത്തെ പ്രതിനിധീകരിക്കുന്ന രൂപങ്ങളായ നോവലുകൾ, ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവയായാലും ശരി, വിവാഹം, ചാർച്ചാബന്ധങ്ങൾ മുതലായ അമൂർത്തസാമൂഹ്യബന്ധങ്ങളായാലും ശരി, ഭൂതകാലം (എന്നെ) പിടിച്ചിരുത്തി ചിന്തിപ്പിക്കുന്നു; എന്നാൽ എളുപ്പമങ്ങ് വിശദീകരിച്ചുകളയാനനുവദിക്കുന്ന ചട്ടക്കൂടുകളൊന്നും അതെനിക്കു തരുന്നുമില്ല! കഴിഞ്ഞ ദശകങ്ങളിൽ ചരിത്രപഠനത്തിൽ നാം പലതരം ഉപകരണങ്ങളും രീതികളും അപഗ്രഥനത്തിനായുപയോഗിച്ചിട്ടുണ്ട്; ചരിത്രം പലവിധത്തിൽ പഠിക്കപ്പെട്ടിട്ടുണ്ട്. ഇന്നാകട്ടെ, നമ്മുടെ ഇന്നത്തെ ചോദ്യങ്ങളുടെ മാറ്റൊലികൾ ഭൂതകാലത്തെ പഠിക്കാനുള്ള ഏറ്റവുംനല്ല മാർഗ്ഗമേതെന്ന വിഷയത്തെച്ചൊല്ലി നാം നടത്തുന്ന രീതിശാസ്ത്രചർച്ചകൾക്കു പിന്നിൽ മുഴങ്ങിക്കേൾക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് ആർക്കും അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. ചരിത്രപഠനത്തിന്റെ ഒടുവിൽ ഏതൊ 'സനാതനസത്യം' എന്നെ കാത്തിരിക്കുന്നുവെന്ന ധാരണ ഞാൻ ഉപേക്ഷിച്ചിട്ട് കാലം കുറേയായി. എങ്കിലും ഓരോ പുതിയ പഠനവും ഭൂതകാലത്തിന്റെ ഇതുവരെ കാണാത്ത തുണ്ടുകളിലേക്കാണു തുറക്കുന്നത്. ഓരോ പഠനവും സമകാലികജീവിതത്തിന്റെ വ്യവസ്ഥകളെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും നമ്മെ വീണ്ടുമാലോചിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. ⚫


93


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/93&oldid=162972" എന്ന താളിൽനിന്ന് ശേഖരിച്ചത്