നന്നായി അദ്ധ്വാനിച്ചിരുന്നുവെന്ന് നാം കണ്ടു. അല്പം സാമ്പത്തികശേഷിയും 'മഹിമ'യും സമ്പാദിച്ചുകഴിഞ്ഞാൽ 'തറവാട്ടുകാരികൾ' വീടിനുചുറ്റും അദ്ധ്വാനിക്കാത്ത രീതി താരതമ്യേന സമീപകാലത്തുണ്ടായതാണെന്ന് വ്യക്തം - പഴയ കുടുംബങ്ങളിലെ സ്ത്രീകൾ കൃഷിയിലും മൃഗസംരക്ഷണത്തിലുംമറ്റും മുഴുകിയിരുന്നു. പൊതുവെ പറഞ്ഞാൽ വീട്ടിനുള്ളിൽ അദ്ധ്വാനിച്ച അന്തർജനങ്ങളൊഴികെ മറ്റു സ്ത്രീകൾ വീടിനുചുറ്റും അദ്ധ്വാനിച്ചിരുന്നു; നായർ-ഈഴവർ തുടങ്ങിയ മരുമക്കത്തായ സമുദായക്കാരികൾക്ക് മറ്റുള്ളവരോട് സംസാരിക്കാനും മറ്റും തടസ്സങ്ങളില്ലായിരുന്നു. മലബാറിലെ മാപ്പിള-മുസ്ലീങ്ങൾക്കിടയിലും ഇതായിരുന്നു സ്ഥിതിയെന്ന് ചിത്രകാരനായ കെ.പി. പത്മനാഭമേനോൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ നിരീക്ഷിച്ചു. വിവാഹബന്ധത്തിലുംമറ്റും ഭർത്താവിന് കാര്യമായ മേൽക്കൈ ഈ സമുദായത്തിൽ നിലനിൽക്കുന്നുവെന്നും, സ്ത്രീക്ക് വിവാഹമോചനം ആവശ്യപ്പെടാനുള്ള അനുവാദം തത്വത്തിൽ ഉണ്ടായിരുന്നെങ്കിലും വളരെ അപൂർവ്വമായിമാത്രമേ അനുവദിച്ചിരുന്നുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ, മാപ്പിളമാരുടെയിടയിലും സാമ്പത്തികനിലയനുസരിച്ചായിരുന്നു സ്ത്രീയുടെമേൽ നിയന്ത്രണങ്ങൾ ഏറിയതും കുറഞ്ഞതും. ദരിദ്ര-ഇടത്തരം മാപ്പിളകുടുംബങ്ങൾ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കാറില്ലെന്നും മറ്റു സ്ത്രീകളെപ്പോലെ പാടത്തും പറമ്പിലും അവർ അദ്ധ്വാനിച്ചിരുന്നുവെന്നും പത്മനാഭമേനോൻ പറയുന്നു. എന്നാൽ മാപ്പിളസമുദായത്തിലെ ഉന്നതർ അങ്ങനെയായിരുന്നില്ല. അഭിജാതരായ മാപ്പിളമാർ സ്ത്രീകളെ വീട്ടിനുപുറത്തിറക്കാറില്ലെന്നും അവർ ഇറങ്ങുമ്പോൾ മറക്കുട ചൂടാറുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കീഴാളസ്ത്രീകളുടെ ദൈനംദിന അദ്ധ്വാനം
വരേണ്യസമുദായക്കാരായ സ്ത്രീകളുടെ അനുഭവങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു കീഴാളരുടേത്. ഈഴവ-തീയ്യ ജാതികൾമുതൽ അയിത്തത്തിന്റെ കാഠിന്യം അനുഭവിച്ച സമുദായങ്ങളുടെ ചരിത്രാനുഭവം, പക്ഷേ, ഒരുപോലെ ആയിരുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് കേരളം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്കും കയറ്റുമതിയിലേക്കും മാറിത്തുടങ്ങി; തേങ്ങയ്ക്കു നല്ല വില കിട്ടിത്തുടങ്ങി; അന്യരാജ്യങ്ങളിൽപ്പോയി ജോലിചെയ്യാനുള്ള അവസരങ്ങളുണ്ടായിത്തുടങ്ങി. ഇതിന്റെ ഫലമായി കീഴാളരിൽ ചിലകൂട്ടർക്കു ഗുണമുണ്ടായി. തെങ്ങുകൃഷിയിൽ വിദഗ്ദ്ധരായിരുന്ന ഈഴവരും മിഷണറി വിദ്യാഭ്യാസം നേരത്തെതന്നെ ലഭിച്ചതുകൊണ്ട് അന്യനാടുകളിൽപ്പോയി ജോലിചെയ്യാൻ അവസരം ലഭിച്ച തെക്കൻ തിരുവിതാംകൂറിലെ ചാന്നാന്മാരും പരമ്പരാഗതജാതിനിയമങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി. ഭൂമിയിൽ പണിയെടുത്തിരുന്ന പുലയ- പറയ-കുറവ ജാതിക്കാരും മുക്കുവരുംമറ്റും പരമ്പരാഗതവ്യവസ്ഥയുടെ ക്രൂരത തുടർന്നും അനുഭവിച്ചു. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ അടിമവ്യാപാരം നിർത്തലാക്കി-എങ്കിലും കീഴാളജാതിക്കാരെ അടിമകളായി കണക്കാക്കിയ മനോഭാവം നീങ്ങിയില്ല.
അടിമവ്യവസ്ഥയിൽ ആണിനേയും പെണ്ണിനേയും 'അദ്ധ്വാനശേഷി' മാത്രമായി തരംതാഴ്ത്തുന്ന രീതിയായിരുന്നു. അടിമകൾ മനുഷ്യരാണെന്ന പരിഗണന തികച്ചും അന്യമായിരുന്നു. അതുകൊണ്ടുതന്നെ അടിമകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അമ്മയെയും മക്കളെയും ഭർത്താവിനെയും ഭാര്യയെയും വേർപിരിക്കാൻ യാതൊരു മടിയും മേലാളർക്കില്ലായിരുന്നു. ആ കാലത്ത് ദ്രോഹിക്കപ്പെട്ട അടിമകളായ മനുഷ്യരുടെ നിലവിളികൾ കീഴാളരുടെ ഗാനങ്ങളിലും, 20-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ കീഴാളജനങ്ങളുടെ നേതാവും ഗുരുവുമായിരുന്ന പൊയ്കയിൽ അപ്പച്ചന്റെ ഗാനങ്ങളിലും നിറഞ്ഞുനിൽക്കുന്നു.
വരേണ്യസ്ത്രീകൾക്ക് ഇടയ്ക്കു ലഭിച്ചിരുന്ന വിനോദവേളകളും അവർക്കുണ്ടായിരുന്ന സുരക്ഷയും തീരെയില്ലാതെ, ഒരിക്കലും തീരാത്ത
46