താൾ:Kulastreeyum Chanthapennum Undayathengane.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാൽ സോപ്പുവന്നതോടെ ആ പണി എളുപ്പമായി; അതു വാങ്ങണമെന്ന് സ്ത്രീകൾ നിർബ്ബന്ധം പിടിച്ചുതുടങ്ങി. സ്ത്രീകളുടെ മടിയല്ല വാസ്തവത്തിൽ ഈ നിർബന്ധത്തിൽനിന്നു വായിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിൽ (തകഴിയുടെ ബാല്യകാലത്ത്) പുരുഷന്മാർ പുറത്തുപോകുമ്പോൾ സ്വീകരിച്ച വസ്ത്രധാരണരീതി വളരെ മാറിയിരുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്. പുറത്തുപോകുമ്പോൾ അവർ പാലിക്കേണ്ടിയിരുന്ന ശുചിത്വ മാനദണ്ഡങ്ങളും വേറെയായിക്കഴിഞ്ഞിരുന്നു. ജോലിഭാരമേറിയപ്പോൾ അതിനോടു പൊരുത്തപ്പെടാനുള്ള വഴിയെന്ന നിലയ്ക്കാവാം ഒരുപക്ഷേ, സ്ത്രീകൾ സോപ്പു വാങ്ങണമെന്ന് ആവശ്യപ്പെട്ടത്.

നായർതറവാടുകളിൽ മുതിർന്ന സ്ത്രീകൾക്ക് അധികാരവും അംഗീകാരവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നെങ്കിൽ, 20-ാം നൂറ്റാണ്ടിലെ സാമ്പത്തികക്കുഴപ്പം (1920കളുടെ ഒടുക്കംമുതൽ) മൂർച്ഛിച്ചതോടെ (പലപ്പോഴും അതിനുമുമ്പും) അവരുടെ ഭാരങ്ങളും വർദ്ധിച്ചുവെന്നർത്ഥം. > കാണുക പുറം 105 < കാരണവരോടുള്ള വിധേയത്വം വാക്കിലും നോക്കിലും പ്രവൃത്തിയിലും പാലിക്കേണ്ടിയിരുന്ന സ്ത്രീകൾ, പക്ഷേ, പരമ്പരാഗതമായ തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വേളകളിൽ എല്ലായ്പ്പോഴും നിഷ്ക്രിയരായിരുന്നില്ല. കാരണവർ തറവാട്ടിലെത്തുന്ന ദിവസം പെണ്ണുങ്ങളാരും ഉറക്കെ ചിരിച്ചുകൂടാ; ഏറ്റവും മുതിർന്ന സ്ത്രീപോലും വാതിൽക്കൽ മറഞ്ഞുനിന്നേ എന്തെങ്കിലും പറയാവൂ എന്നൊക്കെയായിരുന്നു നിയമങ്ങൾ. എന്നാൽ കാരണവർ നൽകുന്ന തുക ഒന്നിനും തികയാതെവരുമ്പോൾ കുടുംബാവശ്യത്തിനുവേണ്ടി പറമ്പിൽനിന്നെടുക്കാൻ സ്ത്രീകൾ ഒട്ടും മടിച്ചിരുന്നില്ല. കേശവദേവ് ഇത് ഓർക്കുന്നുണ്ട്:

...കാരണവരില്ലാത്ത തക്കംനോക്കി കാർത്ത്യായനിയമ്മ തൈത്തെങ്ങുകളിൽ ആക്രമണം നടത്തും. തോട്ടിയിൽ അരിവാൾ വച്ചുകെട്ടി തേങ്ങാ അറുത്തിടും. അരയ്ക്കാനും വിറ്റ് ഉപ്പുംമുളകും മറ്റും വാങ്ങാനുംവേണ്ടിയാണ് ഇതു ചെയ്യുന്നത്... തേങ്ങാ വെട്ടാൻ കണക്കന്മാർ പറമ്പിൽ വന്നാലുടൻ... അടുക്കളയുടെ അടുത്തുള്ള തെങ്ങുകളിൽനിന്ന് തേങ്ങാ വെട്ടിയിടുമ്പോഴാണ് സ്ത്രീകളുടെ മോഷണം നടക്കുന്നത്. സ്ത്രീകളുള്ളതുകൊണ്ട്, കാരണവർ അങ്ങോട്ടെങ്ങും പോവുകയില്ല. തേങ്ങാക്കുല ചിതറിവീഴുമ്പോൾ, അടുക്കളയിലും ചാമ്പലിലും എച്ചിൽക്കുഴിയിലും വിറകിന്റെ ഇടയിലും എല്ലാം രണ്ടും മൂന്നും വീതം എടുത്തു തള്ളിക്കളയും... (പുറം 25)

പരിചയമില്ലാത്തവരുമായി സംസാരിക്കുന്നതിനുംമറ്റും നായർസ്ത്രീകളുടെമേൽ വലിയ നിയന്ത്രണമുണ്ടായിരുന്നില്ലെന്ന പ്രസ്താവവും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. ആഭിജാത്യം കൂടുതലുണ്ടെന്ന് കരുതപ്പെട്ട തറവാടുകളിലെ സ്ത്രീകൾ കൂടുതൽ നിയന്ത്രണത്തിനു വിധേയരായിരുന്നു; ആഭിജാത്യം കുറഞ്ഞവർക്ക് അത് താരതമ്യേന കുറവും. കുടുംബവീടുകൾക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള തരംതിരിവ് വ്യക്തമായിരുന്നു. നമ്പൂതിരി ഇല്ലങ്ങളിലെ അവഗണന ഇവിടെ സ്ത്രീകൾ സഹിച്ചിരുന്നില്ല, എങ്കിലും പുരുഷന്മാരും സ്ത്രീകളും തറവാട്ടുവീടിന്റെ പ്രത്യേകം ഭാഗങ്ങളിലാണ് തങ്ങിയിരുന്നത്. കുട്ടികളെ വളർത്തുന്ന കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഏകദേശം തുല്യ ഉത്തരവാദിത്വം വഹിച്ചു - ആൺകുട്ടികൾ ഒരു പ്രായത്തിനുശേഷം അമ്മാവന്മാരുടെയോ അച്ഛന്റെയോ ശിക്ഷണത്തിലായി. പെൺകുട്ടികൾ അമ്മ - കുഞ്ഞമ്മ - വല്യമ്മ

'പുലപ്പേടി'
കേരളം സന്ദർശിച്ച മദ്ധ്യകാലസഞ്ചാരികൾമുതൽ പലരും വർണ്ണിച്ച ആചാരമായിരുന്നു 'പുലപ്പേടി'. വർഷത്തിൽ ഒരു പ്രത്യേകസമയത്ത് - ചിലയിടത്ത് കർക്കടകമാസത്തിൽ - സൂര്യാസ്തമയത്തിനുശേഷം വീട്ടിനുപുറത്തുവച്ച് ഏതെങ്കിലും ഉന്നതജാതിക്കാരിയായ സ്ത്രീയെ പുലയർ സ്പർശിക്കാനിടവന്നാലോ പുലയർ എറിഞ്ഞ കല്ല് അവരുടെ ദേഹത്തുകൊണ്ടാലോ അവർ ജാതിയിൽനിന്ന് പുറത്താവുകയും പുലയജാതിക്കാരുടെ സ്വന്തമാവുകയും ചെയ്തിരുന്നത്രെ. ഈ സമയത്ത് പുലയജാതിക്കാർ ഒളിഞ്ഞിരുന്ന് നായർസ്ത്രീകളെ സ്പർശിക്കാൻ ശ്രമിക്കുമായിരുന്നത്രെ. അങ്ങനെ സ്പർശിക്കപ്പെട്ടാൽ ആ സ്ത്രീ ഉടനടി ഏതെങ്കിലും പുലക്കുടിയിൽ അഭയംപ്രാപിക്കുമായിരുന്നത്രെ. സ്വന്തം കുടുംബക്കാരുടെ കൊലക്കത്തിയിൽനിന്ന് രക്ഷപ്പെടാൻ! ഒറ്റയ്ക്കു താമസിക്കാനും മറ്റും തയ്യാറായിരുന്ന നായർസ്ത്രീകളെ മെരുക്കാനുള്ള ഒരു സമ്പ്രദായമായിരുന്നു ഇതെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1696ൽ തിരുവിതാംകൂറിൽ കേരളവർമ്മ പുലപ്പേടി നിരോധിച്ചുകൊണ്ട് കല്പന പുറപ്പെടുവിക്കുകയുണ്ടായി. പുലപ്പേടി നിരോധിച്ചതിനെതിരെ ഒരു പുലയകലാപം നടന്നുവെന്നും അത് അടിച്ചമർത്തപ്പെട്ടുവെന്നും വിവരിക്കുന്നുണ്ട്, 'വലിയകേശിക്കഥ' എന്ന തെക്കൻപാട്ടിൽ.


41


പെണ്ണരശുനാടോ? കേരളമോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/41&oldid=162915" എന്ന താളിൽനിന്ന് ശേഖരിച്ചത്