താൾ:Kulastreeyum Chanthapennum Undayathengane.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഠനത്തിനാവശ്യമായ സാമഗ്രികൾ കുറവായിരുന്നു. പൊതുരംഗം, രാഷ്ട്രീയം എന്നിവയ്ക്ക് നിഷ്പക്ഷചരിത്രരചനയിൽ അമിതപ്രാധാന്യം നൽകിയിരുന്നത് സ്ത്രീകളുടെ ചരിത്രത്തെ ഇരുട്ടിലാഴ്ത്തിയതിൽ അത്ഭുതമില്ലല്ലോ. കാരണം, ഈ രണ്ടു രംഗങ്ങളിൽനിന്നും സ്ത്രീകൾ പൊതുവെ പുറത്താക്കപ്പെട്ടിരുന്നു. അധികാരസ്ഥാനങ്ങൾ അവരിലധികംപേർക്കും അന്യമായിരുന്നു. സ്ത്രീകൾ സന്നിഹിതരായിരുന്ന കുടുംബ-സാമുദായിക സ്ഥാപനങ്ങൾക്ക് ചരിത്രരചനയിൽ കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ല.

Post colonial history അഥവാ അധിനിവേശാനന്തര ചരിത്രം
ആധുനികവത്കരണം (modernisation), അധിനിവേശം (colonialism), ദേശീയത (nationalism), എന്നീ മൂന്നു ശക്തികളോടും വിമർശനപരമായ അകലംപാലിക്കുന്ന ചരിത്രധാരയാണിത്. പലപ്പോഴും പരസ്പരവിരുദ്ധങ്ങളെന്നു തോന്നുമെങ്കിലും ഈ മൂന്നു പ്രതിഭാസങ്ങളും അടിസ്ഥാനതലത്തിൽ പലതും പങ്കുവയ്ക്കുന്നുവെന്ന തിരിച്ചറിവാണ് ഈ ധാരയുടെ അടിസ്ഥാന ഉൾക്കാഴ്ചകളിലൊന്ന്. മുമ്പു പറഞ്ഞ കീഴാളചരിത്രരചന ഈ ധാരയിലുൾപ്പെടും. എഡ്വേർഡ് സെയ്ദിന്റെ അതിപ്രശസ്തമായ ഓറിയന്റലിസം എന്ന കൃതിയിൽനിന്ന് ബൗദ്ധികവും രാഷ്ട്രീയവുമായ പ്രചോദനമുൾക്കൊണ്ട ധാരയാണിത്. ചരിത്രഗവേഷണവും രചനയും അധിനിവേശത്തിന്റെ യുക്തിയെ തുടർന്നും നിലനിർത്താൻ സഹായകരമായിത്തീരുന്നതെങ്ങനെ തുടങ്ങിയ ചോദ്യങ്ങളുന്നയിക്കാൻ ഈ ചരിത്രധാരയുടെ വക്താക്കൾ തയ്യാറാണ്.

എന്നാൽ 1960കൾക്കുശേഷം ഈയവസ്ഥയിൽ മാറ്റം കണ്ടുതുടങ്ങി. മേലാളചരിത്രങ്ങൾ മായ്ച്ചുകളഞ്ഞ സ്ത്രീചരിത്രത്തെ വീണ്ടെടുക്കാൻ സ്ത്രീഗവേഷകർ ശ്രമിച്ചു. സ്ത്രീചരിത്രരചന സ്ത്രീകളുടെ ആത്മാഭിമാനത്തെ വീണ്ടെടുക്കാനുളള മുഖ്യമാർഗ്ഗങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു. തുടർന്ന് ഇത്തരം ചരിത്രവിജ്ഞാനത്തിന്റെ ആഴവും പരപ്പും വർദ്ധിച്ചു. സമൂഹത്തിൽ പടർന്നുനിൽക്കുന്ന സ്ത്രീവിരുദ്ധസ്ഥാപനങ്ങൾ എങ്ങനെയുണ്ടായി, ആണും പെണ്ണും തമ്മിലുളള വ്യത്യാസങ്ങളെക്കുറിച്ച് നമുക്കുളള ധാരണകൾ എങ്ങനെ, എപ്പോൾ ഉണ്ടായി മുതലായ ചോദ്യങ്ങളിലേക്ക് സ്ത്രീചരിത്രപഠനം കടന്നു.

1980കളിൽ ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ ഇവിടെയും സ്ത്രീചരിത്രപഠനം സജീവമായി. ഇവിടെ വലിയ പ്രചാരം നേടിയിരുന്ന 'നിഷ്പക്ഷചരിത്ര'ത്തിന്റെ ആണിക്കല്ലുകളായ പല സങ്കല്പങ്ങളും സ്ത്രീകളുടെ ഭൂതകാലത്തിലേക്ക് വേണ്ടത്ര വെളിച്ചം വീശുന്നുണ്ടോ എന്ന ചോദ്യം സ്ത്രീചരിത്രഗവേഷകർ ചോദിച്ചു. 'ഭാരതത്തിന്റെ പുരാതനകാലം', 'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം' മുതലായ വിഷയങ്ങളെക്കുറിച്ച് നിലവിലുള്ള ചരിത്രരചനകൾ സ്ത്രീകളുടെ പങ്കാളിത്തത്തെ എത്രത്തോളം അംഗീകരിക്കുന്നുണ്ട്? ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ സമൂഹത്തിന്റെ, സംസ്കാരങ്ങളുടെ, രാഷ്ട്രീയരംഗത്തിന്റെ ചരിത്രങ്ങളിൽ സ്ത്രീകളുടെ നില എന്തായിരുന്നു? കുടുംബ ജീവിതത്തിലും തൊഴിലിടങ്ങളിലും പൊതുരംഗത്തും സാംസ്കാരികകാര്യങ്ങളിലുമുണ്ടായ മാറ്റങ്ങൾ സമൂഹത്തിന്റെ പല തട്ടുകളിലെ സ്ത്രീകളെ എങ്ങനെ ബാധിച്ചു? അവർ നടത്തിയ സമരങ്ങളും ചെറുത്തുനിൽപ്പും ഏതു വിധത്തിലുള്ളവയായിരുന്നു? ആണത്തം മുതലായ സങ്കൽപങ്ങൾ എക്കാലത്തും ഇന്നത്തെപ്പോലെ ആയിരുന്നോ അതോ അവയും മാറിയിട്ടുണ്ടോ? ആൺ-പെൺ വ്യത്യാസങ്ങളെപ്പറ്റി നമുക്ക് ഇന്നുള്ള ധാരണകൾ എങ്ങനെ രൂപപ്പെട്ടു? അവ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും പടർന്നതെങ്ങനെ? ഇങ്ങനെ പലപല ചോദ്യങ്ങളുയർത്തി അറിവിന്റെ പുതുവഴികൾ തുറന്നിടാൻ ഇന്ത്യയിലെ സ്ത്രീചരിത്രഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. > കാണുക പുറം 30 <

ഇതുകൂടാതെ, രാജ്യങ്ങളെ കേന്ദ്രീകരിച്ചു നടന്നിരുന്ന ചരിത്രപഠനരീതി (അതായത് "ബ്രിട്ടിഷ്ചരിത്രം', "ഇന്ത്യാചരിത്രം' എന്നൊക്കെ നാം ചരിത്രപഠനരംഗത്തെ വേർതിരിക്കുന്ന രീതി) ഇന്ന് മാറിയിരിക്കുന്നു. "നിഷ്പക്ഷചരിത്ര'ത്തിന്റെ വക്താക്കൾക്ക് ചരിത്രമെന്നാൽ ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തോട് അടുത്ത ബന്ധമുള്ള ചരിത്രമാണ്. പ്രാഥമികവിദ്യാഭ്യാസത്തിൽ ചരിത്രം ഉൾപ്പെടുത്തുന്നതിന്റെ ന്യായീകരണംതന്നെ അത് ദേശസ്നേഹം വളർത്താനുള്ള മാർഗ്ഗമാണെന്ന വാദമാണ്. ദേശരാഷ്ട്രം ഭൂതകാലത്തിലൂടെ വികസിച്ച് പൂർണ്ണരൂപത്തിലെത്തിയതെങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുന്ന വിജ്ഞാനശാഖയായിട്ടാണ് ചരിത്രത്തെ വിദ്യാലയങ്ങളിൽ നാം പരിചയപ്പെടുന്നത്. ഈ താൽപര്യം മുന്നിൽ നിൽക്കുമ്പോൾ മിക്കപ്പോഴും ദേശരാഷ്ട്രത്തിനുള്ളിൽ ഒതുങ്ങിക്കഴിയുന്നവരുടെ - സ്ത്രീകളുടെ, ആദിവാസികളുടെ, ദളിതരുടെ, മറ്റു കീഴാളവിഭാഗങ്ങളുടെ - ചരിത്രം അദൃശ്യമാകുമെന്നത് സ്വാഭാവികം. കാരണം, ദേശത്തിന്റെ പ്രതിനിധികളായി മിക്കപ്പോഴും മുന്നിൽവരുന്നത് വരേണ്യരാണ്; ദേശീയതയായി ചിത്രീകരിക്കപ്പെടുന്നത് വരേണ്യരുടെ ആശയങ്ങളാണ്. ചരിത്രരചനയിൽ ദേശത്തിന്റെ അതിപ്രസരത്തിൽനിന്ന് രക്ഷപ്പെടാനുള്ള


21


ചരിത്രപഠനം കൊണ്ട് എന്തു കാര്യം?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/21&oldid=162850" എന്ന താളിൽനിന്ന് ശേഖരിച്ചത്