താൾ:Kulastreeyum Chanthapennum Undayathengane.djvu/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിഹസിച്ചിരുന്ന നാരദർ എന്ന മാസികയിൽ 1941ൽ പ്രസിദ്ധീകരിച്ച 'പെൺപോലീസ്ഗീത' വായിച്ചുനോക്കുക:

റൗഡികളൊക്കെ സാവേഗം - വഞ്ചി-
നാടുവിട്ടോടുക വേഗം
'കൊച്ചുണ്ണി'പോലും നടുങ്ങും - കാക്കി-
ക്കൊച്ചമ്മയൊന്നു കുണുങ്ങിൽ
ശൃംഗരിച്ചൊന്നവൾ നോക്കിൽ - ഉടൻ
'ചെങ്കുളം മമ്മൂ' നടുങ്ങും
ചുംബനമെന്ന് കേട്ടീടിൽ - ഏതു
'ജംബുലിംഗം' നടുങ്ങീടാ
അമ്മടിമോന്ത കണ്ടീടിൽ - സർവ്വ
തെമ്മാടിവർഗ്ഗവുമോടും
ചുട്ടകഠാരി നിസ്സാരം - കരി-
ക്കട്ടച്ചൊടികൾ താൻ ഘോരം
വെന്നാലും പോലീസ് പിടകൾ - നിങ്ങ-
ളെന്നാളുമൊന്നാംകിടയിൽ
ആണുങ്ങളെക്കാൾ മിടുക്ക - രെന്നു
കാണിക്കുമേ ഇവരൊക്കെ.

എത്ര സ്ത്രീവിരുദ്ധവും അസൂയാകലുഷിതവുമായ പദ്യം! ആദ്യകാലത്ത് ജോലിയുള്ള സ്ത്രീകളെ വിവാഹംകഴിക്കാനും മിക്ക സമുദായങ്ങളിലേയും പുരുഷന്മാർ മടിച്ചിരുന്നു. അവർ ചീത്തകളാണെന്ന മനഃസ്ഥിതി അത്ര വ്യാപകമായിരുന്നു. പിന്നീട്, സാമ്പത്തികബുദ്ധിമുട്ടുകൾ 1930കളിൽ വർദ്ധിക്കുകയും > കാണുക പുറം 105 < 1940കളിൽ രൂക്ഷമാകുകയും ചെയ്തതോടെ അദ്ധ്യാപികമാരെ വിവാഹംചെയ്യാൻ ചിലരൊക്കെ തയ്യാറായി. എന്നിട്ടും നഴ്സുമാർക്ക് ഭർത്താക്കന്മാരെക്കിട്ടാൻ എളുപ്പമായിരുന്നില്ല. സമൂഹത്തിൽ ഇത്രയും അടിയന്തിരമായ മനുഷ്യസേവനം നടത്തുന്ന ഒരുകൂട്ടർ സഹിക്കേണ്ടിവന്ന അപമാനവും അവഗണനയും ചില്ലറയായിരുന്നില്ല. പോലീസുകാരികളെ മാത്രമല്ല, നഴ്സുകളെയും കഠിനമായി അപമാനിക്കുന്ന പദ്യങ്ങൾ പ്രസിദ്ധീകരിക്കാൻ 'ഹാസ്യ'പ്രസിദ്ധീകരണങ്ങൾ മടിച്ചുമില്ല. ഇതുപോലുള്ള കടുത്ത എതിർപ്പിനെ നേരിട്ടുകൊണ്ടാണ് നമ്മുടെ മുൻതലമുറയിലെ മലയാളിസ്ത്രീകൾ സർക്കാർജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചെടുത്തതെന്ന കാര്യം നാം അറിയുന്നുണ്ടോ?

ഈ നൂറുനൂറു തടസ്സവാദങ്ങളിൽനിന്ന് നാമെന്താണ് മനസ്സിലാക്കേണ്ടത്? സ്ത്രീകൾക്ക് കുടുംബബാദ്ധ്യതകളും സദാചാരബാദ്ധ്യതകളുമുള്ളതുകൊണ്ട് അവർക്ക് പൂർണ്ണപൗരത്വം നൽകാനാവില്ലെന്ന തീർപ്പാണ് സ്ത്രീകളുടെ സർക്കാരുദ്യോഗത്തെ സംബന്ധിച്ച തടസ്സവാദങ്ങളിൽ മുഴങ്ങിക്കേട്ടത്. പക്ഷേ, 1930കൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമായിരുന്നു. കൂട്ടുകുടുംബജീവിതം ഏറെക്കുറെ അവസാനിച്ചുതുടങ്ങിയതോടുകൂടി ജീവിതംതന്നെ ബുദ്ധിമുട്ടായി മാറിത്തുടങ്ങി - പ്രത്യേകിച്ച് ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും. ഈ സാഹചര്യത്തിൽ ഇടത്തരക്കാരികൾ ജോലിക്കുപോയിത്തുടങ്ങി. കുടുംബത്തിന് വരുമാനമുണ്ടാക്കാനല്ലാതെ പൗരാവകാശമെന്ന നിലയ്ക്കല്ല. ജോലിക്കുപോകുന്ന പെണ്ണുങ്ങളുടെ സംരക്ഷണത്തിനായി അച്ഛനോ ആങ്ങളയോ ഒക്കെ കൂടെപ്പോയിരുന്ന ഒരുഘട്ടമുണ്ടായിരുന്നു; ഇന്നും അദൃശ്യമായ കണ്ണുകൾ നമ്മളെ ജോലിസ്ഥലംവരെ പിന്തുടരുന്നുവെന്ന് നമുക്കറിയാം. പൊതുവിടങ്ങളിൽ ആണുംപെണ്ണും മാറിമാറി നിൽക്കുന്നത് കേരളത്തിന്റെ സവിശേഷതയാണ്. പൊതുവിടങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ 'പരിശുദ്ധി' സംരക്ഷിക്കാനായി ഉരുത്തിരിഞ്ഞുവന്ന ഏർപ്പാടാണത് - എന്നും പുരുഷബന്ധുക്കൾക്ക് കൂടെവരാനാവില്ലല്ലോ! പൊതുസ്ഥലങ്ങളിൽ ആണുങ്ങൾ കറങ്ങിനടക്കുമ്പോലെ പെണ്ണുങ്ങൾക്ക് പാടില്ല; വിദ്യാഭ്യാസം, കുടുംബാവശ്യം (ജോലിക്കു പോകുന്നത് ഇതിൽപ്പെടും) ഇതിനൊക്കെ മാത്രമേ അവർ പുറത്തിറങ്ങാവൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, പൂർണ്ണസ്വാതന്ത്ര്യമനുഭവിക്കുന്ന പൗരജനങ്ങളായിട്ടല്ല നമ്മുടെ സ്ത്രീകൾ പൊതുവിടങ്ങളിൽ വരുന്നത് - കുടുംബത്തിന്റെയും സമുദായത്തിന്റെയും സദാചാരം (ഒറ്റയ്ക്ക്) പേറുന്ന 'കുലീനകളാ'യിട്ടാണ്.

ഈ പരിമിതികളൊക്കെ അന്നത്തെ ചില സ്ത്രീവാദികൾ തിരിച്ചറിഞ്ഞിരുന്നു. 1930കൾവരെ തിരുവിതാംകൂറിൽ സ്ത്രീകളെയും ബ്രാഹ്മണരെയും കൊലക്കയറിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരം ഒഴിവുകൾ അനാവശ്യങ്ങളും സ്ത്രീകളുടെ തുല്യപൗരത്വത്തിനെതിരുമാണെന്ന് വാദിച്ച അന്നാ ചാണ്ടി അവയെ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടു. ഭർത്താവിൽനിന്ന് അകന്നുകഴിയാൻ നിശ്ചയിച്ച സ്ത്രീയെ ബലമായി ഭർത്താവിനേൽപ്പിച്ചുകൊടുക്കാൻ വകുപ്പുള്ള തിരുവിതാംകൂർ സിവിൽ കോഡ് സ്ത്രീകൾക്ക് തുല്യനീതിയാണോ പ്രദാനംചെയ്യുന്നതെന്ന് ആലോചിക്കേണ്ടതുണ്ട് എന്നവർ ഓർമ്മിപ്പിച്ചു. അതുപോലെ പല അവകാശങ്ങളുണ്ടെങ്കിലും ഇവിടത്തെ സ്ത്രീയുടെ സ്വാതന്ത്ര്യം പരിമിതമാണെന്ന് തുറന്നുപറയാൻ അവർ മടിച്ചില്ല:

കേരളീയസഹോദരിമാരിൽ പലർക്കും സ്വത്തവകാശമുണ്ട്, സമ്മതിദാനാവകാശമുണ്ട്, സാമ്പത്തികസ്വാതന്ത്ര്യമുണ്ട്. എത്രപേർക്ക് സ്വന്തം ശരീരത്തിനുമേൽ

202

കുടുംബിനിയോ പൗരയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/202&oldid=162842" എന്ന താളിൽനിന്ന് ശേഖരിച്ചത്