താൾ:Kulastreeyum Chanthapennum Undayathengane.djvu/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്നാൽ ഇതിന്ന് ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. 1955-ലെ കൗമുദി ആഴ്ചപ്പതിപ്പിലെ വനിതാപംക്തിയിൽ ഒരു ലേഖിക എഴുതിയതു വായിച്ചാൽ ആ ദശകത്തിൽത്തന്നെ ഈ പിന്നോട്ടടി ഉണ്ടായിക്കഴിഞ്ഞുവെന്ന് ഊഹിക്കാം:

DownArrow.png

സാഹിത്യപ്രവർത്തനരംഗത്തിൽപ്പോലും വനിതകൾ കഴിഞ്ഞകാലത്തു വിജയപതാക പാറിച്ചിട്ടുണ്ട്. ഇന്ന് സ്ത്രീകളെഴുതുന്ന ലേഖനങ്ങൾ ഏതെങ്കിലും പത്രങ്ങളുടെ വനിതാപംക്തികളിലേക്ക് നാണംകെട്ട് എഴുതി അയയ്ക്കണം. ഇവിടെ, ഈ മലയാളക്കരയിൽ, പെണ്ണുങ്ങൾക്കായിട്ട് പെണ്ണുങ്ങൾ നല്ല പെണ്ണുങ്ങളുടെ നേതൃത്വത്തിൽത്തന്നെ സ്വന്തമായി അന്തസ്സോടെ പത്രപ്രവർത്തനം നടത്തിയിട്ടുണ്ട്. അതറിയണമെങ്കിൽ ഗവേഷണബുദ്ധിയോടെ പുറകോട്ടു നോക്കണം.

(എസ്സ്.ഡി. രാധ, 'ഭീരുത്വമല്ല വിവരമില്ലായ്മ', കൗമുദി ആഴ്ചപ്പതിപ്പ് 6 (16), 1955)


എങ്കിലും ആശയ്ക്കു വകയുണ്ടെന്നുതന്നെ പറയാം. എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ചുകൊണ്ട് എഴുതാൻ തയ്യാറാവുന്ന സ്ത്രീകൾ മിക്ക സമുദായങ്ങളിലും ശ്രേണികളിലും ഉണ്ടായിവരുന്നത് തീർച്ചയായും അടിയൊഴുക്കുകൾ ശക്തമാകുന്നതിന്റെ സൂചനയാണ്. വിപണിയിൽ എഴുത്തുകാരികൾക്ക് ഡിമാന്റ് കൂടിയതുകൊണ്ടുമാത്രമാണിതെന്ന വാദത്തിൽ അൽപ്പം കഴമ്പുണ്ടാകാം, എന്നാലും മുൻതലമുറയിലെ വലിയ എഴുത്തുകാരികളിൽ പലരുമായി എഴുത്തിലൂടെ സംവാദത്തിലേർപ്പെടുന്ന ഇന്നത്തെ എഴുത്തുകാരികളുടെ തലമുറയെ അങ്ങനെ തള്ളിക്കളയാനാവില്ല. കേരളത്തിലെ ചിത്രകലാരംഗത്തുണ്ടായ മാറ്റങ്ങൾ സ്ത്രീകളായ കലാകാരികൾക്കു കൂടുതൽ ദൃശ്യതയോ സാമ്പത്തികലാഭമോ പ്രദാനംചെയ്തുതുടങ്ങിയിട്ടില്ല. എങ്കിലും ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടുതന്നെയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇനി 'പെണ്ണെഴുത്തി'ന്റെ തലമുറ കഴിഞ്ഞും സ്ത്രീപക്ഷരചനയുടെ പുതിയ നാമ്പുകൾ ഉണ്ടാവുന്നത് വിപണിയുടെ സ്വാധീനംകൊണ്ടാണെങ്കിൽ, അതുപോലും ആശാവഹമായ ഒരു വളർച്ചതന്നെ!


float


കൂടുതൽ ആലോചനയ്ക്ക്

പരമ്പരാഗത വരേണ്യസാഹിത്യത്തിന്റെ ക്ഷയവും ആധുനികസാഹിത്യത്തിന്റെ ഉദയവും ചരിത്രകാരന്മാർ സാധാരണ അടയാളപ്പെടുത്താറുള്ള പ്രക്രിയകളാണ്. രാഷ്ട്രീയരംഗത്തുണ്ടാകുന്ന ചലനങ്ങളുടെ പ്രതിഫലനമാണ് സാഹിത്യത്തിലും കലയിലുമുണ്ടാകുന്നതെന്ന ധാരണയാണ് 'നിഷ്പക്ഷ'ചരിത്രത്തിൽ മുന്തിനിൽക്കുന്നത്. പൊതുവെ പറഞ്ഞാൽ, രാഷ്ട്രീയജനാധിപത്യം വിശാലമാകുന്നതോടുകൂടി സാഹിത്യരംഗത്തേക്കു കടക്കാനുള്ള തടസ്സങ്ങളും കുറഞ്ഞുവന്നതിന്റെ ചിത്രമാണ് നമുക്കു ലഭിക്കാറുള്ളത്. എന്നാൽ ഈ ചിത്രത്തെ പുനഃപരിശോധിക്കണമെന്നല്ലേ ഈ അദ്ധ്യായത്തിന്റെ സന്ദേശം? സ്ത്രീപക്ഷത്തുനിന്നു വിലയിരുത്തുമ്പോൾ ആധുനികസാഹിത്യരംഗത്തു നടപ്പിലായ ജനാധിപത്യത്തിന് പരിമിതികൾ പലതും കാണുന്നില്ലേ? ⚫

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/188&oldid=162825" എന്ന താളിൽനിന്ന് ശേഖരിച്ചത്