താൾ:Kulastreeyum Chanthapennum Undayathengane.djvu/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെണ്ണുങ്ങൾക്കുവേണ്ടി വാദിക്കാനെത്തിയ വക്കീലാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു. തുടർന്ന് അവർ നടത്തിയ പ്രസംഗം കോടതിയിൽ നടക്കുന്ന ഒന്നാന്തരം വാദത്തോട് കിടപിടിക്കുന്നതായിരുന്നു. 'ഇടിച്ചുകയറി'യതുപോലെ ഇറങ്ങിപ്പോകാനും ഇവർ മിടുക്കികളായിരുന്നു. 1932ലെ സമസ്തകേരള സാഹിത്യപരിഷത് സമ്മേളനത്തിലെ പൊതുസമ്മേളനങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ബി. ഭാഗീരഥി അമ്മ ഇറങ്ങിപ്പോയി. ഇങ്ങനെ പല സംഭവങ്ങളും അക്കാലത്തു നടക്കുയുണ്ടായി. 1937ൽ മുസ്ലീംവനിത എന്ന പുരോഗമനപ്രസിദ്ധീകരണത്തിന്റെ പ്രസാധക എൻ. ഹലീമാബീവി തിരുവല്ലയിൽവച്ചുനടന്ന മുസ്ലീംവനിതാസമ്മേളനത്തിൽ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചു:

അക്ഷരാഭ്യാസം നിഷിദ്ധമായും അപരാധമായും കരുതിയിരുന്ന നമ്മളിൽ പലരും ഇന്ന് അഭ്യസ്തവിദ്യകളായിത്തീർന്നിരിക്കുന്നു. സ്ത്രീകൾ വിദ്യാഭ്യാസം ചെയ്തിരുന്നുവെങ്കിൽ അവർ വഴിപിഴയ്ക്കുമെന്നുള്ള തെറ്റിദ്ധാരണ ഇന്ന് ഭൂരിഭാഗവും നശിച്ചിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. ആശയങ്ങൾ വിപുലീകരിക്കുവാനും വിശദീകരിക്കുവാനും സ്വാഭിപ്രായം രേഖപ്പെടുത്തുവാനും പ്രഖ്യാപനംചെയ്യുവാനും വിദ്യാഭ്യാസമാണ് നമുക്ക് സഹായകമായിത്തീർന്നിട്ടുള്ളത്. അതിന്റെ മഹച്ഛക്തിയിൽ അന്തർലീനമായ വിശാലഹൃദയത്വംതന്നെയാണ് പുറത്തിറങ്ങാതിരുന്ന നമ്മൾ എല്ലാവരേയും ഭീതിയും ലജ്ജയുംവിട്ട് ഇന്നിവിടെ ഈ യോഗത്തിൽ സന്നിഹിതരാകുന്നതിന് ഇടയായിത്തീർന്നിട്ടുള്ളതെന്ന് ഞാൻ വിസ്മരിക്കുന്നില്ല.

('സ്വാഗതപ്രസംഗം',മുസ്ലീംവനിത 1(4) 1937 )


എന്തായാലും ഇരുപതാംനൂറ്റണ്ടിന്റെ ആരംഭം മുതൽ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൊച്ചിയിലും തിരുവിതാംകൂറിലും ഉയർന്നുകൊണ്ടേയിരുന്നു. മലബാറിൽ ഈ പുരോഗതി കണ്ടില്ല - മലബാർ നേരിട്ടുള്ള ബ്രിട്ടീഷ്ഭരണത്തിൻകീഴിലായിരുന്നല്ലോ.


സ്ത്രീവിദ്യാഭ്യാസം — തെക്കും വടക്കും

ബ്രിട്ടീഷ് അധികാരത്തിൻകീഴിൽ ഞെരിഞ്ഞമർന്ന മലബാറിൽ സർക്കാരിന്റെ സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾ കുറവായിരുന്നു. പരമ്പരാഗതമായ ഉച്ചനീചത്വങ്ങളെ ഊട്ടിയുറപ്പിച്ച വിദേശഭരണംമൂലം മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ പ്രദേശങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും സ്ത്രീസാക്ഷരതയിലും പിന്നിലായിരുന്നു. 1951ൽ മലബാറിൽ സ്ത്രീസാക്ഷരത 21 ശതമാനമായിരുന്നു. തിരുവിതാംകൂറിൽ ഈ സംഖ്യ 37 ശതമാനവും. പക്ഷേ മദ്രാസ്പ്രവിശ്യയെ മൊത്തത്തിലെടുത്താൽ അതിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് മലബാറിലെ സ്ത്രീസാക്ഷരത വളരെ മെച്ചമായിരുന്നുവെന്നു വേണം പറയാൻ - മറ്റു ഭാഗങ്ങളുടെ ഏകദേശം രണ്ടിരട്ടിയായിരുന്നു മലബാറിലെ സംഖ്യ. സ്വാതന്ത്ര്യത്തിനുശേഷവും ഐക്യകേരളസംസ്ഥാനരൂപീകരണത്തിനു ശേഷവും മലബാറിൽ സ്കൂൾവികസനം ത്വരിതപ്പെട്ടു. ഏതാനും ദശകങ്ങൾകൊണ്ട് വിദ്യാഭ്യാസകാര്യത്തിൽ തെക്കും വടക്കും തമ്മിലുള്ള അന്തരം നികന്നു.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾക്ക് ബ്രിട്ടിഷധികാരികളുടെ മതിപ്പു സമ്പാദിക്കാൻ കിണഞ്ഞു പരിശ്രമിക്കേണ്ടിയിരുന്നു. വിദ്യാലയവികാസവും മറ്റും ഈ ആവശ്യത്തെ നിറവേറ്റാനും സഹായിച്ചു. മാത്രമല്ല, ഹിന്ദുരാജ്യമെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന തിരുവിതാംകൂറിൽ ഇക്കാലത്ത് ജാതിവിരുദ്ധസമരങ്ങൾ പെരുകിയതിന്റെ ഫലമായി ജാതിമാമൂലുകളുടെ സംരക്ഷകരായ ഭരണാധികാരികളുടെ ജനപ്രിയതയ്ക്ക് ഇടിവുണ്ടായിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ രാജാധികാരത്തിന് പുതിയൊരടിത്തറ പണിയേണ്ട ആവശ്യവുമുണ്ടായിരുന്നു. വിദ്യാഭ്യാസം, ആധുനിക ചികിത്സാസൗകര്യം എന്നിവ വികസിപ്പിക്കുന്നതിലൂടെ ഭരണാധികാരത്തിന് പുതിയ അടിത്തറ പാകാൻ അധികാരികൾ ശ്രമിച്ചു. എന്നാൽ മലബാറിൽ ബ്രിട്ടിഷുകാർ ജനങ്ങൾ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസവികാസത്തിനുംമറ്റും മുതിർന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇവിടെ വിദ്യാലയങ്ങൾ വ്യാപകമായത്.

ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ വിജയങ്ങൾ പലതും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇവിടെ നാം പരസ്യമായി ആഘോഷിക്കുകയുണ്ടായി. പ്രധാനപ്പെട്ട സമുദായങ്ങളെല്ലാംതന്നെ സമുദായാംഗങ്ങളായ സ്ത്രീകളുടെ വിദ്യാഭ്യാസനേട്ടങ്ങളെ അഭിനന്ദിച്ചു. പത്രങ്ങളിൽ അതു വാർത്തയായിരുന്നു. മലയാളിസ്ത്രീകളിൽ ആധുനികവൈദ്യബിരുദം ആദ്യമായി നേടിയ മേരി പുന്നൻ ലൂക്കോസ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ സുറിയാനിക്രിസ്ത്യാനി സമൂഹം അവരെ സ്വർണ്ണമെഡൽ നൽകി ആദരിച്ചു. 1917ൽ ഗൗരി ശങ്കുണ്ണി എന്ന ഈഴവയുവതിയുടെ ബി.എ. പരീക്ഷാവിജയത്തെത്തുടർന്ന് എസ്.എൻ.ഡി.പി യോഗം അവരെ ഇതുപോലെ ആദരിച്ചു. 1925ൽ യു. ദേവകിയമ്മയ്ക്ക് എം.എ.എൽ.റ്റി പരീക്ഷ ജയിച്ചതിനെത്തുടർന്ന് കണ്ണൂരിലെ തിയ്യപ്രമുഖരിൽനിന്ന് സ്വർണ്ണ

160

വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/160&oldid=162795" എന്ന താളിൽനിന്ന് ശേഖരിച്ചത്