താൾ:Kulastreeyum Chanthapennum Undayathengane.djvu/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രവും വായിച്ചു; പുരാരേഖാശേഖരങ്ങളെ അരിച്ചുപെറുക്കി. എന്തായിരുന്നു അത്? അതെങ്ങനെയാണില്ലാതായത്? എന്തുകൊണ്ടാണ് അതു നശിപ്പിക്കപ്പെട്ടത്? അത് പൊളിച്ചടുക്കിക്കഴിഞ്ഞതിനുശേഷവും സ്ത്രീകൾക്ക് ബാക്കിയായ അല്ലെങ്കിൽ അതിനു പകരമായി വന്ന 'അവകാശങ്ങ'ളുടെ സ്വഭാവമെന്ത്? ഇതൊക്കെയായിരുന്നു എന്റെ ചോദ്യങ്ങൾ. വിവാഹം എന്ന സ്ഥാപനത്തിന്റെ പുനഃക്രമീകരണത്തിലൂടെയാണ് സ്ത്രീകൾ ഒരു പുതിയ ആൺകോയ്മാവ്യവസ്ഥയ്ക്കുള്ളിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതെന്നും ഈ പ്രക്രിയയെ 'പുരോഗമനപരം', 'വിമോചനകരം' എന്നു വിലയിരുത്താൻ അധിനിവേശകാലത്തെ സാഹചര്യങ്ങളിൽ നടന്ന ശ്രമങ്ങൾ വിജയകരമായിരുന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. പുതിയ സ്വത്തുടമസ്ഥതാബന്ധങ്ങളിലേക്കാണ് ഈ 'വിമോചനം' നയിച്ചതെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പായ നിയമപരമായ അവകാശങ്ങളുടെ മാദ്ധ്യസ്ഥംവഹിച്ചതും ഇതുതന്നെയാണെന്നും എനിക്കു കാണാൻകഴിഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ആധുനിക കേരളീയവിവാഹത്തെക്കുറിച്ച് ഞാൻ നടത്തിവരുന്ന ഗവേഷണം എന്റെ ഈ വിശ്വാസത്തെ ഉറപ്പിച്ചിട്ടേയുള്ളു. പുതിയതരം വിവാഹമാണ് കേരളത്തിലെ മാരകമായ ആൺകോയ്മാവ്യവസ്ഥയുടെ നാരായവേര്. ഇക്കാലയളവിൽ ഞാൻ നടത്തിയ ഗവേഷണയാത്രകളിൽ പലപ്പോഴും ചെറുപ്പക്കാരികൾ അവരുടെ പ്രായംചെന്ന അമ്മമാരെയും മുത്തശ്ശിമാരെയും ഒന്നിലധികം കല്യാണംകഴിച്ചുവെന്നും മറ്റും സമ്മതിച്ചതിന് ശാസിക്കുന്നതുകേട്ട് ചിരിച്ചിട്ടുണ്ട്. 'ഇതൊക്കെ പഴയകഥയാണ്, ഇപ്പോൾ നമ്മൾ ഇതൊന്നും ചെയ്യാറില്ല, കേട്ടോ' എന്ന് അവരെന്നെ സമാശ്വസിപ്പിക്കുകയും ചെയ്യും! എന്തുകൊണ്ടാണ് മലയാളിസ്ത്രീകൾ വിവാഹത്തിലിങ്ങനെ അകപ്പെട്ടുപോയത്? ഈ കുണ്ടാമണ്ടിയിൽനിന്നും പുറത്തുചാടാനെന്തു വഴി? മറ്റു വിഷയങ്ങളിലേക്ക് എന്റെ ഗവേഷണതാൽപര്യം മാറിയെങ്കിലും ഈ ചോദ്യങ്ങൾ എന്നെ ഇന്നും അലട്ടുന്നു. ⚫


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/150&oldid=162784" എന്ന താളിൽനിന്ന് ശേഖരിച്ചത്