Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
float
float


കൂടുതൽ ആലോചനയ്ക്ക്

ചരിത്രപഠനത്തിൽ ഏറ്റവും പ്രധാനം രാഷ്ട്രത്തിന്റെ, രാഷ്ട്രീയത്തിന്റെ ചരിത്രമാണെന്നാണ് 'നിഷ്പക്ഷചരിത്രം' നമ്മെ പഠിപ്പിക്കുന്നത്. മാർക്സിസ്റ്റ് ചരിത്രമാകട്ടെ, സാമൂഹ്യസംഘർഷങ്ങളിൽ സർവ്വപ്രധാനം സാമ്പത്തികവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് അവകാശപ്പെടുന്നു.

എന്നാൽ രാഷ്ട്രീയത്തെയും സാമൂഹ്യസംഘർഷത്തെയുംകുറിച്ചുള്ള ഈ പ്രബലധാരണകളിൽ ഒതുങ്ങാത്ത ഒരു 'യുദ്ധ'ത്തെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ പറഞ്ഞത്. ഇവിടത്തെ 'രാഷ്ട്രീയ'ത്തിൽ പല കക്ഷികളുണ്ട് - സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷം, വർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷം, ജാതികൾ തമ്മിലുള്ള സംഘർഷം - ഇവയെല്ലാം ചേർന്നാണ് ഇവിടെ വിവരിച്ച 'യുദ്ധ'ത്തിനു കളമൊരുക്കിയത്. സ്ത്രീശരീരത്തെ പുതിയ പുരുഷാധികാരത്തിന്റെ വരുതിയാലാക്കുക; അതിനുവേണ്ടി പരമ്പരാഗത അധികാരത്തിൽ (പഴയ ജാതിയുടെ, പഴയ കുടുംബത്തിന്റെ) നിന്ന് അതിനെ മോചിപ്പിക്കുക, എന്നിട്ട് പുതിയ രീതികൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുക - ഇതായിരുന്നു 'യുദ്ധ'ത്തിന്റെ ആത്യന്തികലക്ഷ്യം. എന്നാൽ സ്ത്രീശരീരം പിന്നെയുംപിന്നെയും വഴുതിമാറിക്കൊണ്ടിരുന്നു - സ്ത്രീകളുടെ 'ഒരുക്ക'ത്തെക്കുറിച്ചുള്ള ഭയവും പരാതിയും ഇതുകൊണ്ടാണ് ഇന്നും ആവർത്തിക്കുന്നത്. നിഷ്പക്ഷചരിത്രത്തിൽനിന്ന് നാം ബഹുദൂരം സഞ്ചരിച്ചിരിക്കുന്നുവെന്നും വ്യക്തമാണ്. 'രാഷ്ട്രീയം', 'സംഘർഷം' എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥാപിതധാരണകളെ സ്ത്രീചരിത്രം തിരുത്തിയെഴുതിക്കഴിഞ്ഞുവെന്ന് വ്യക്തമല്ലേ? ⚫

148

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/148&oldid=162781" എന്ന താളിൽനിന്ന് ശേഖരിച്ചത്