താൾ:Kulastreeyum Chanthapennum Undayathengane.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


20-ാം നൂറ്റാണ്ടിലെ സമുദായനവീകരണപ്രസ്ഥാനങ്ങളുടെ താത്പര്യങ്ങളും പുരോഗമനപ്രസ്ഥാനങ്ങളുടെ വീഴ്ചകളും കണ്ടില്ലെന്നു നടിച്ചുകൂടാ. സമുദായപ്രസ്ഥാനങ്ങൾ പൊതുവെ അണുകുടംബത്തെ (അതായത്, ഭാര്യാഭർത്താക്കന്മാരും കുട്ടികളുമടങ്ങിയ കുടുംബം) സമുദായത്തിന്റെ ഉറച്ച അടിസ്ഥാനഘടകമായി കണക്കാക്കുകയും, അതു സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഈ പുതിയ കുടുംബത്തിലും സ്ത്രീ മിക്കപ്പോഴും രണ്ടാംതരക്കാരിയായിപ്പോകുന്നു എന്ന് ആദ്യകാലസ്ത്രീപക്ഷവാദികൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിരുന്നു - കെ. പത്മാവതി അമ്മ അവരിൽ ഒരാൾ മാത്രമായിരുന്നു. പൊതുവെ ഈ പരാതികളെ 'കുടുംബദ്രോഹ'മോ 'സമുദായവിരോധ'മോ ആയാണ് സമുദായനേതാക്കന്മാർ എണ്ണിയത്. പഴയ കൂട്ടുകുടുംബങ്ങളായിരുന്നു നല്ലതെന്ന് ഈ സ്ത്രീകൾ ഒരിക്കലും പറഞ്ഞില്ല - പക്ഷേ, സമുദായനേതൃത്വങ്ങൾ ഉയർത്തിക്കാട്ടിയ പുതിയ കുടുംബമാതൃക സ്ത്രീയോട് നീതിപുലർത്തില്ലെന്ന് അവർ വിളിച്ചുപറഞ്ഞു. കുടുംബത്തെ 'ശാശ്വത'മെന്നും 'പാവന'മെന്നും എണ്ണി അതിനു കീഴ്വഴങ്ങാതെ കൂടുതൽ ജനാധിപത്യവൽക്കരണം ആവശ്യമുള്ള ഒരു സ്ഥാപനമാണതെന്ന് അവർ വാദിച്ചു. കുടുംബാംഗങ്ങൾക്കെല്ലാം തുല്യപരിഗണന നൽകുന്ന ഒരു സ്ഥാപനമായി കുടുംബത്തെ മാറ്റിയെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ച 1940കൾക്കുശേഷം വളരെ കുറച്ചുമാത്രമേ നടന്നിട്ടുള്ളുവെന്ന് പറയാം. വരവിലയുടെ പ്രശ്നം ഒരു പ്രശ്നമായി നാം തിരിച്ചറിയാൻ ഇത്ര വൈകിയത് ഇതുകൊണ്ടായിരിക്കാം. എന്നാൽ ഈ ചർച്ച തുടങ്ങിവയ്ക്കാൻ ശ്രമിക്കുന്നവരെ 'കുടുംബവിരോധി'കളെന്നോ 'സമുദായശത്രു'ക്കളെന്നെ മുദ്രകുത്തുന്ന രീതിയാണ് ഇന്നും നിലവിലുള്ളത്!

ഇതുകൂടാതെ മലയാളികളായ നാം പൊതുജീവിതത്തിന്റെ വിലയെ വല്ലാതെ കുറയ്ക്കുകയും കുടുംബജീവിതത്തെ കണക്കിലധികം വിലമതിക്കുകയും ചെയ്യുന്നില്ലേ എന്ന ചോദ്യവുമുണ്ട്. വിവാഹംകഴിക്കാത്ത ഒരു വ്യക്തിക്ക് പലതും ചെയ്യാം - ജീവിതകാലംമുഴുവൻ പൊതുപ്രവർത്തനത്തിലേർപ്പെടാം, സാമൂഹ്യസേവനം നടത്താം, സാഹിത്യ-കലാപ്രവർത്തനങ്ങളിൽ മുഴുകാം. പക്ഷേ, മലയാളികൾക്ക് വിവാഹവും ദാമ്പത്യജീവിതവും കഴിഞ്ഞേ ഇതൊക്കെയുള്ളൂ! വിവാഹം കഴിക്കാത്ത ഒരു വ്യക്തിക്ക് എന്തോ കുറവുണ്ടെന്ന് നാം വിചാരിക്കുന്നു; സ്വന്തംകാലിൽ നിൽക്കാനുള്ള വരുമാനമോ വേലയോ ഇല്ലാത്ത വ്യക്തിക്ക് നമ്മുടെ കണ്ണിൽ ഒരു കുഴപ്പവുമില്ല! ഈ കല്യാണം കഴിക്കാത്ത കക്ഷി ഒരു സ്ത്രീയാണെങ്കിൽ പറയുകയും വേണ്ട! 'രാഷ്ട്രീയപ്രബുദ്ധത'യ്ക്കു പേരുകേട്ട നാടാണല്ലോ കേരളം. പക്ഷേ, ഇവിടെ പൊതുജീവിതത്തിനല്ല, കുടുംബജീവിതത്തിനാണ് സർവ്വപ്രാധാന്യം! പൊതുപ്രവർത്തകരായ പുരുഷന്മാരുടെ ആത്മകഥകൾ പരിശോധിച്ചുനോക്കുക - അമ്മയുടെയും ഭാര്യയുടെയും ത്യാഗത്തെ വണങ്ങാൻ അവർ മറക്കാറില്ല. എന്നാൽ നിഷ്ക്രിയമായ ത്യാഗത്തിലുപരിയായി പൊതുപ്രവർത്തനത്തിൽ അമ്മയ്ക്കോ ഭാര്യയ്ക്കോ പങ്കില്ലെന്ന വസ്തുത അവരിലേറെപ്പേരെയും അധികം അലട്ടുന്നില്ല.

1940കളിൽ - ഇവിടത്തെ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനവും ദേശീയപ്രസ്ഥാനവും ഏറ്റവും ശക്തമായിരുന്ന ആ കാലത്ത് - ആദ്യകാലകമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരുന്ന പല പ്രമുഖരും പൂർണ്ണമായ പൊതുജീവിതത്തിനുവേണ്ടി കൊതിച്ചതാണ്. സ്വന്തം വീട്, കൂട് എന്നിവയിൽ തങ്ങളുടെ പ്രതിബദ്ധത ഒതുങ്ങിപ്പോകരുതെന്ന് വാശിയുള്ള തലമുറയായിരുന്നു അത്. വിവാഹം, കുടുംബംവളർത്തൽ എന്ന ഒറ്റ ലക്ഷ്യമല്ല മനുഷ്യജന്മത്തിനുള്ളതെന്ന് അവർ കരുതി. സാമൂഹ്യപ്രവർത്തനത്തിലൂടെ, രാഷ്ട്രീയപ്രവർത്തനത്തിലൂടെ, പൊതുജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിലൂടെ കുടുംബജീവിതത്തെക്കാളേറെ ധന്യമായ ജീവിതം സാദ്ധ്യമാണെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ, 1940കളിലെ രാഷ്ട്രീയപ്രതിസന്ധികൾ ശമിച്ചതോടെ ഇങ്ങനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ ജീവിതലക്ഷ്യത്തെ പിന്തുടരുന്ന രീതിയെ പ്രാത്സാഹിപ്പിക്കേണ്ടതില്ലെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വം തീരുമാനിച്ചു. മുഴുവൻസമയപ്രവർത്തകരായി രംഗത്തുവന്നവർ കുടുംബങ്ങളിലേക്കു മടങ്ങി അതിന്റെ പരിധികൾക്കുള്ളിൽനിന്നുകൊണ്ട് പ്രവർത്തിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ നിർദ്ദേശം. ഇ.എം.എസ് നമ്പൂതിരിപ്പാട് ഇക്കാര്യത്തിൽ കൈക്കൊണ്ട നിലപാട് അദ്ദേഹത്തിന്റെ 'പുതിയ ചട്ടങ്ങൾ' (1944) എന്ന ലേഖനത്തിൽനിന്നു വ്യക്തമാകുന്നുണ്ട്. (ഇ.എം.എസ് സമ്പൂർണ്ണകൃതികൾ, വാള്യം 5, തിരുവനന്തപുരം, 1999, പുറം 172-217) കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെട്ടിരുന്ന വനിതകൾക്കുപോലും സ്ത്രീധനസമ്പ്രദായത്തിൽനിന്ന് പൂർണ്ണമായും രക്ഷനേടാൻ കഴിഞ്ഞില്ല. > കാണുക പുറം 232 <

1940കളിലെ പരീക്ഷണങ്ങൾ മുന്നോട്ടുപോയിരുന്നെങ്കിൽ, ഒരുപക്ഷേ, കേരളത്തിൽ കുടുംബത്തിനും വിവാഹത്തിനും കൽപ്പിക്കുന്ന പ്രാധാന്യവും അതിനോടൊപ്പം വളരുന്ന വരവിലയും ഇത്രയുമാകില്ലായിരുന്നു. വിവാഹം വേണ്ടെന്നുവയ്ക്കുന്നവരും വിവാഹം നടക്കാതിരിക്കുന്നവരും ഇത്രയേറെ പരിഹാസത്തെയും സംശയത്തെയും നേരിടേണ്ടിവരില്ലായിരുന്നു. സ്വന്തം കുടുംബത്തിനപ്പുറം


109


'വരവില' എന്ന നുകം രൂപമെടുക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/109&oldid=162738" എന്ന താളിൽനിന്ന് ശേഖരിച്ചത്