താൾ:Keralolpatti The origin of Malabar 1868.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതിയോഗി ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്സ്വാമിയെ അരികെ നിർത്തിക്കുന്നു. അന്നു ചോവരക്കൂറ്റിൽ ഉള്ള സ്ഥാനം പന്നിയൂർകൂറ്റിലെ അടങ്ങി ഇരിക്കുന്നു. ആ പരിഭവത്തിന്നു അന്ന് തുടങ്ങി, തിരുമാനംകുന്നത്ത് ഭഗവതിയുടെ ആജ്ഞയാലെ ഇന്നും (അങ്കപ്പോരുണ്ടായി) മരിക്കുന്നു ആർങ്ങൊട്ടൂർ (ആറങ്ങൊട്ടു) സ്വരൂപത്തിലുള്ള ചേകവർ എന്നറിക. അന്നു പത്തു കുറയ ൪൦൦ തണ്ടും, ൧൨൦൦ (നെടിയ) കുടയും കൊടുത്തിട്ടുണ്ടു ആർങ്ങൊട്ടൂർ സ്വരൂപത്തിലെ മേല്ക്കോയ്മ വിട്ടു, നേടിയിരിപ്പു സ്വരൂപത്തിലെക്കടങ്ങി ഇരിക്കുന്നു. അന്നു തുടങ്ങി അവർക്ക് രാത്തെണ്ടലും മറ്റെയവർക്ക് പകൽ തെണ്ടലും ആയ്‌വന്നു. ഓരൊരൊ നാടും നഗരവും പിടിച്ചടക്കിത്തുടങ്ങി. അന്നീ സ്വരൂപത്തിങ്കൽ ഏല്ക്കും മാറ്റാനില്ലാതെ ആയി.

വെള്ളപ്പനാട്ടുകരെ പ്രവൃത്തിക്കായ്ക്കൊണ്ട് തറക്കൽ ഇട്ടുണ്ണിരാമവാരി ചുന്നക്കാടു തലചെണ്ണൊരായി വാളും പുടവയും കൊടുത്തു. ൧൦൦൦ നായർക്ക് യജമാനനായിട്ടു, പിന്നെ ചുള്ളിയിൽ ശങ്കരനമ്പിയെന്നൊരു തിരുവുള കാർയ്യക്കാരൻ വള്ളുവകോനാതിരിപ്പാട്ടിലെ നാടു മലപ്പുറം മുക്കാതം പിടിച്ചടക്കി, അതുകൊണ്ടു ആ സ്ഥാനത്തെക്ക് അവനായ്ക്കൊണ്ടു കണ്ണും മുകവും തിരിയും കൊടുത്തിരിക്കുന്നു. അതുകൊണ്ടു മലപ്പുറത്ത് പാറനമ്പി എന്നു പറവാൻ കാരണം.


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/98&oldid=162334" എന്ന താളിൽനിന്ന് ശേഖരിച്ചത്