താമൂരി കോയിലകത്ത് കടന്നുമരിപ്പാൻ വരുമ്പോൾ, കിഴക്കമ്പുറത്ത് ലോകരും ആയുധം ധരിച്ചു, കോയിലകത്തിൻ പടിക്കലും പാർത്തു. അതുകണ്ടു മങ്ങാട്ടച്ചൻ "ഇവർ തമ്മിൽ വെട്ടിമരിച്ചു, സ്വരൂപവും മുടിക്കും" എന്നു കണ്ടു അവരുടെ മുമ്പിൽ ചെന്നു, കാര്യബോധം വരുത്തി, ഇടർച്ചയും തെളിയിച്ചു, ലോകർ തമ്മിൽ കൈ പിടിപ്പിച്ചു "തൊഴുതു വാങ്ങിപ്പോയി കൊൾവിൻ എന്നാൽ നിങ്ങൾക്ക് എന്നേക്കും കൂലിച്ചേകമര്യാദയായി നിൽക്കും" എന്നു മങ്ങാട്ടച്ചൻ പറഞ്ഞു, രാജാവിൻ തിരുമുമ്പിൽനിന്നു ലോകരെക്കൊണ്ടു അവ്വണ്ണം വേലയും ചെയ്യിപ്പിച്ചു. പിന്നെ ലോകരുമായിട്ട് പല നിലത്തും കളിയും ഒലെരി പാച്ചിൽ ഇങ്ങിനെയും നടത്തി തുടങ്ങി. ശേഷം ആയമ്പാടി കോവിലകത്ത് തമ്പുരാട്ടിയായിരിക്കുന്ന അമ്മയെ വാഴ്ച കഴിച്ചു. ൫ കൂറു വാഴ്ചയും ൫ കോയിലകവും ചമച്ചു. പരദേവതമാരെയും കുടിവെച്ചു. അവ്വണ്ണം തന്നെ ഇടവാഴ്ചക്കൂറ്റിലേക്ക് "൫ കൂറു വാഴ്ചയായി നടത്തിക്കൊള്ളു" എന്നു വാളും പുടവയും കൊടുത്തു "തണ്ടും പള്ളിച്ചാനെയും പെണ്ടികളേയും മുന്നിത്തളിയും ചിരുത വിളിയും അകമ്പടി സ്ഥാനവും ചെയ്തു കൊള്ളൂ" എന്നു കല്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കോനാതിരി.