കവിപുഷ്പമാല
വെണ്മണി മഹൻ
ആമുഖപഠനം: ഡോ. ശീവൊള്ളി നാരായണൻ
ആധുനികമലയാളഭാഷയുടെ വളർച്ചയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയുമാറു് അതിമനോഹരമായ ഒരു കാവ്യാന്തര ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണു് വെണ്മണിമാരുടെ ഏറ്റവും വലിയ നേട്ടം. സാമുദായിക ഭാഷാ ശൈലികളുടെ ധാരാളിത്തം നിറഞ്ഞു നിൽക്കുന്ന ഈ കാവ്യ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലാണു മലയാളകവിത അന്തഃപുരത്തിൽ നിന്നിറങ്ങി ശുദ്ധവായു ശ്വസിച്ചതു്. വിഷയസ്വീകരണത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ വരുത്തുന്നതിലും സർവ്വോപരി അയത്നലളിതമായ കാവ്യശൈലിക്കു രൂപം നൽകുന്നതിലും വെണ്മണി പ്രസ്ഥാനത്തിന്റെ അസ്തിവാരമുറപ്പിക്കാൻ സ്വന്തം പിതാവിനോടൊപ്പം അക്ഷീണം യത്നിച്ച കവിതയാണു് വെണ്മണി മഹൻ.അദ്ദേഹമെഴുതിയ 'കവിപുഷ്പമാല' എന്ന ഈ കൃതി മലയാള സാഹിത്യത്തിൽ ഒരു നവീന പ്രസ്ഥാനത്തിനു തന്നെ മാർഗ്ഗരേഖയൊരുക്കി. വെന്മണി കൃതികളെക്കുറിച്ചും ആ കാലഘട്ടത്തിലെ സാഹിത്യാന്തരീക്ഷത്തെക്കുറിച്ചും 'കവിപുഷ്പമാല'യും തുടർന്നുണ്ടായ കൃതികളുടെ വേലിയേറ്റത്തെക്കുറിച്ചുമെല്ലാം സമഗ്രമായി ഉപന്യസിച്ചുകൊണ്ടു് ഡോ. ശീവൊള്ളി നാരായണൻ തയ്യാറാക്കിയ ആമുഖപഠനവും കൂടി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ടു്.