Jump to content

താൾ:Karthaveeryarjunavijayam.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാർത്തിടാതെയിഹ ബന്ധിതനായി
ബന്ധുവാരുമില്ലാഞ്ഞതുകൊണ്ടവൻ
ഹന്ത! കേണു മരുവുന്നിതു താപാൽ
അന്തരംഗ്ഗമതിലാധി മുഴുത്തു
സന്തതം ബത വിശന്നുവലഞ്ഞു
പാണികാലുകളുമമ്പൊടു കെട്ടി
ക്ഷോണിതന്നിലിളകാതെ കിടന്നു
പ്രാണനാശമവനാശു കൊതിച്ചു
വാണിടുന്നു ബലമോടുമിദാനീം;
അഞ്ചുമാസമിതുപോലെ കഴിഞ്ഞിതു
വഞ്ചനാവചനമല്ല മുനീന്ദ്ര!
നെഞ്ചകത്തിലടിയന്നൊരുപായം
കിഞ്ചനാസ്തിയിഹ നിൻകൃപയെന്യേ;
മാമുനീശ്വര ഭവാൻ വിരവോടേ
മാനവേന്ദ്രനൊടു ചന്നറിയിച്ചാൽ
സ്വാമിതന്നെ വിടുവാൻ കല്പിക്കും
താമസിക്കരുതെഴുന്നരുളേണം."
ഇത്തരമുള്ളൊരു വചനം കേട്ടു പു-
ലസ്ത്യമുനീന്ദ്രനുമപ്പോളധികം
പൗത്രസ്നേഹവശാൽ വിവശനതായ്
ചിത്തംതന്നിൽ വിഷാദംപൂണ്ടു:
"എത്രയുമാപത്തല്ലോ നമ്മുടെ
പൗത്രനു സംഗതിവന്നതു ശിവശിവ!
ഹേഹയനരപതി വാസംചെയ്യും
ഗേഹ വിരവൊടു ഞാനും പോരാം;
ധീരതയേറും മന്നവനെന്നെ
ശഠത പറഞ്ഞു മടക്കിയയയ്ക്കും,
വാശ്ശതുമവനൊടു ക്ലേശിക്കാം പുന‌-
രീശ്വരകല്പിതമാർക്കറിയാവൂ;"
എന്നരുൾചെയ്തു കുടയുമെടുത്തു ന-
ടന്നുതുടങ്ങി പുലസ്ത്യമുനീന്ദ്രൻ
മന്ത്രീശ്വരനൊടുകൂടി നടന്നു
മാഹിഷ്മതിപുരിതന്നിൽ ചെന്നു;
കൃതവീര്യാജനെക്കണ്ടാനപ്പോൾ
കൃതവീര്യാത്മജനാശു വണങ്ങി
അർഘ്യാദികളും ചെയ്തു മഹീപതി
സരസമുവാചഃ മുനീന്ദ്ര! നമസ്തേ!
എന്തൊരു സംഗതിയാഗമനത്തിന്?
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/26&oldid=161946" എന്ന താളിൽനിന്ന് ശേഖരിച്ചത്