താൾ:Karthaveeryarjunavijayam.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യുക്തൻ വിധുരവിയുക്തൻ സംഗര-
ശക്തൻ നിന്നുടെ പത്തുശതം കര-
മുള്ളതശേഷവുമൊത്തുതകർത്തലി-
വില്ലാതങ്ങു മുടിച്ചീടുന്നതു
കണ്ടു വിരഞ്ഞു കരഞ്ഞു പിരിഞ്ഞിഹ
മണ്ടും നിൻ മഹിഷികളെല്ലാം ദശ-
കണ്ഠനു ചേതസി കനിവെന്നുള്ളതു
പണ്ടേയില്ലതു ബോധിച്ചാലും;
തന്നെപ്പോലും കനിവില്ലാതൊരു
സന്നദ്ധൻ ഞാൻ വളരെക്കാലം
നിന്നു തപംചെയ്തിട്ടും നാന്മുഖ-
നെന്നുടെ മുമ്പിൽ വരാഞ്ഞതുമൂലം
അമ്പൊടു ഖഡ്ഗമെടുത്തു ശിരസ്സുക-
ളൊമ്പതുമുടനേ ഖണ്ഡിച്ചീടിന
വമ്പൻ ധീരതയുള്ള ജനങ്ങളിൽ-
മുമ്പൻ ഞാന, തിധൂർത്ത! മദാൽ നീ
കിം പുനരെന്നൊടു കാട്ടുമെനിക്കു ത-
രിമ്പു ഭയം നഹിയെന്നതുമറിക;
പലപല മീശക്കൊമ്പന്മാരെ-
ക്കൊന്നൊരു യാതുകുലാധീശൻ ഞാൻ;
ഹേഹയ മാനുഷകീടാ! നമ്മൊടു
നേരേ നിന്നിഹ പോരാടീടുക
ദൂരേ മാനിനമാരുടെ നടുവിൽ
പ്രിയമിയലുന്നതു കണ്ടെന്നാകിൽ
ഭീരുജനങ്ങളിൽ മൂത്തവനെന്നൊരു
പേരു നിനക്കുണ്ടെന്നതുതോന്നും.
ഓരായിരമിക്കൈകൾ നിനക്കൊരു
മാരായുധമായ്ത്തീർന്നുചമഞ്ഞു
നാരിജനത്തെപ്പുണരാൻ; മറ്റൊരു
പോരിനുമാത്രം പോരാതാനും
പേരാൽതന്നുടെ വേരുകണക്കെ
പെരുതെങ്കിലുമൊരു ഫലമില്ലേതും."
ചെവിക്കസഹ്യത പെരുകിന വാക്കുകൾ
ശ്രവിച്ചു ഭൂപതി വിരവൊടു കൈകളി-
ലെടുത്തു വില്ലും കണകളുമനവധി
തൊടുത്തു ചെന്നിഹ നിശിചരവരനെ-
ത്തടുത്തുകൊണ്ടൊരു ഗിരമുരചെയ്തു;
"കടുത്തവാക്കുകൾ മതി മതി ഭുവനം
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/20&oldid=161940" എന്ന താളിൽനിന്ന് ശേഖരിച്ചത്