താൾ:Karnabhooshanam.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 എൻ നന്മയോർപ്പവൻ മിത്രനെൻജന്മദൻ,
   കർണ്ണനും നിർണ്ണയം കർണ്ണയുക്തൻ.

 ആരുരച്ചാരിതു കേൾപ്പതോ ? ചിത്രമി-
   ക്കാരണമില്ലാത്ത കാര്യോൽപ്പത്തി !

 ദീധിതിമാലിതൻ വക്ത്രത്തിൽ നിന്നെന്തി-
   സ്ഫീതാന്ധതാമിസ്രം നിർഗ്ഗമിപ്പാൻ-        590

 പാൽ ചുരത്തീടേണ്ടോരമ്മതൻ വക്ഷോജം
   പാഴ്ക്കാളകൂടമെന്തുദ്വമിപ്പാൻ ?

 വ്യോമംവിട്ടങ്ങൊട്ടു താഴത്തിറങ്ങിയി
   ബ്ഭൂമിയെ സ്പർശിപ്പാനോർത്തിടുമ്പോൾ

 ആദർശം താവകമങ്ങേപ്പുറം പാഞ്ഞു
   പാതാളസ്പൃക്കായ് താൻ നിൽക്കയെന്നോ ?

 മൽപ്രാണബന്ധുവിന്നക്രീതദാസൻ ഞാൻ
   തൽപാപഭാഗീതാൻ തർക്കമില്ല.

 സൗഹാർദ്ദവാരുണീ പാനലഹരിയിൽ;
   സൗഹാർദ്ദചിത്തഭ്രംശാവേഗത്തിൽ,        600

 സൗഹാർദ്ദഘോരാപസ്മാരാവേശത്തിൽ ഞാൻ
   ലോകത്തിൻദൃഷ്ടിയിൽ ദുഷ്ടൻതന്നെ

 ജീവിതത്രാസിലെത്തങ്കത്തട്ടൊന്നെനി-
   ക്കാവിധം താഴുന്നു പങ്കപൂർണ്ണം,

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/36&oldid=161858" എന്ന താളിൽനിന്ന് ശേഖരിച്ചത്