ഓരോ വശത്തുമുള്ള വീതിയേറിയ ആറു ജോഡി അണപ്പല്ലുകൾ കൊണ്ടു് നല്ലവണ്ണം ചവച്ചരയ്ക്കുന്നു.
ചവച്ചരച്ചു് കുഴമ്പുപോലെയായ ഭക്ഷണം ആമാശയത്തിന്റെ മൂന്നാമത്തെ അറയിലും അവിടെനിന്നു് നാലാമത്തെ അറയിലും ചെല്ലുന്നു. ഈ അറകളിൽ വച്ചു് പചനം ആരംഭിക്കുന്നു.
പശു ചെവികൂർപ്പിക്കുന്നതു് കണ്ടിരിക്കുമല്ലൊ.
ചെവികൾക്കു് നല്ല ശ്രവണശക്തിയുണ്ടു്. ശത്രുക്കളുടെ
കാൽ പെരുമാറ്റം കേട്ടറിയാൻ ഇതുപകരിക്കുന്നു.
ആടും എരുമയും എല്ലാം ശരീരഘടനയിലും ആഹാര
സമ്പ്രദായത്തിലും ഇതേതരത്തിൽപെട്ടവയാണു്. നല്ല
ഇണക്കവും സൗമ്യശീലവുമുള്ള ഈ മൃഗങ്ങളെ നാം
വളർത്തി ഇവയുടെ പാൽ കറന്നെടുത്തു് ഉപയോഗിക്കുന്നു. പാലിൽനിന്നു് പാൽക്കട്ടി, വെണ്ണ, തയിർ
മുതലായ പദാൎത്ഥങ്ങളും നിർമ്മിക്കുന്നു. കൂടാതെ, ഈ
മൃഗങ്ങളുടെ മാംസം ഭക്ഷിക്കുകയും തോലുകൊണ്ടു് ചെരിപ്പു്, പെട്ടി, ബെൽട്ടുകൾ, കളിസ്സാമാനങ്ങൾ മുതലായവ നിർമ്മിക്കുകയും ചെയ്യുന്നു. ഇവയുടെ ചാണകം നല്ല വളമാണുതാനും.
കാളയും പോത്തും ഉഴുവാനും ഭാരംവഹിക്കാനും
ഉതകുന്നു. ഇപ്പോൾ ഇത്തരം വേലകൾക്കു് പുതിയതരം
യന്ത്രങ്ങൾ നടപ്പിലായിത്തുടങ്ങിയതിനാൽ ഈ മൃഗങ്ങളെക്കൊണ്ടുള്ള ആവശ്യം കുറഞ്ഞു വരികയാണു്.